ജെബിക്ക് 11.14 കോടിയുടെ സ്വത്ത്, കേസില്ല; റഹിമിന്റെ പേരില്‍ 37 ക്രിമിനല്‍ കേസുകള്‍, സന്തോഷ് കുമാറിന് 10.10 ലക്ഷത്തിന്റെ ആസ്തി

ജെബിക്ക് 11.14 കോടിയുടെ സ്വത്ത്, കേസില്ല; റഹിമിന്റെ പേരില്‍ 37 ക്രിമിനല്‍ കേസുകള്‍, സന്തോഷ് കുമാറിന് 10.10 ലക്ഷത്തിന്റെ ആസ്തി

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും സമ്പാദ്യമുള്ളത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജെബി മേത്തര്‍ക്ക്.

11.14 കോടിയുടെ കാര്‍ഷിക, കാര്‍ഷികേതര ഭൂസ്വത്തുക്കളാണ് കോണ്‍ഗ്രസില്‍ നിന്നുള്ള വനിതാ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായ ജെബി മേത്തര്‍ക്കുള്ളത്. 87,03,200 രൂപയുടെ ആഭരണങ്ങളും 1,54,292 രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയും 75 ലക്ഷം രൂപ വിലയുള്ള വീടും ജെബിയുടെ പേരിലുണ്ട്. 46.16 ലക്ഷമാണ് ബാധ്യത. ഒരു കേസു പോലും ജെബിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. വനിതാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റാണ്.

ജെബിയുടെ ഭര്‍ത്താവിന് 41 ലക്ഷം വിലയുള്ള മെഴ്സിഡസ് ബെന്‍സ് കാറും ഇടപ്പള്ളി ധനലക്ഷ്മി ബാങ്കില്‍ 23.56 ലക്ഷവും ബ്രോഡ് വേയിലെ ഫെഡറല്‍ ബാങ്കില്‍ 12,570 രൂപയുമുണ്ടെന്ന് രേഖകള്‍ വിശദമാക്കുന്നു. മുന്‍ കെപിസിസി പ്രസിഡണ്ട് ടി.ഒ ബാവയുടെ കൊച്ചു മകളും കോണ്‍ഗ്രസ് നേതാവായ കെഎംഐ മേത്തറുടെ മകളുമാണ് ജെബി മേത്തര്‍.

സിപിഎം സ്ഥാനാര്‍ത്ഥി എ.എ റഹീമിന് സ്വന്തമായുള്ളത് 26,304 രൂപയുടെ ആസ്തിയാണ്. ഭാര്യയുടെ പേരില്‍ 4.5 ലക്ഷം രൂപ വിലമതിക്കുന്ന കൃഷി ഭൂമിയും ആറ് ലക്ഷം വിലയുള്ള വാഹനവും 70,000 രൂപയുടെ ആഭരണങ്ങളുമാണുള്ളത്. 37 ക്രിമിനല്‍ കേസുകളാണ് റഹീമിനെതിരെയുള്ളത്. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമാണ്.

സിപിഐ സ്ഥാനാര്‍ത്ഥി പി സന്തോഷ് കുമാറിന് 10 ലക്ഷം രൂപ വിലവരുന്ന കൃഷി ഭൂമിയും 10,000 രൂപയും സ്വന്തം പേരിലുണ്ട്. ഭാര്യയുടെ കൈവശം 15,000 രൂപയും നാല് ലക്ഷത്തിന്റെ ആഭരണങ്ങളും നാല് ലക്ഷത്തിന്റെ കൃഷി ഭൂമിയുമുണ്ട്.

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഭാര്യയുടെ പേരില്‍ 8.5 സെന്റ് ഭൂമിയും വീടുമുണ്ട്. സന്തോഷിന് രണ്ട് ലക്ഷത്തിന്റെയും ഭാര്യക്ക് 19 ലക്ഷത്തിന്റെയും ബാധ്യതയുമുണ്ട്. എഐവൈഎഫ് മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറായ സന്തോഷ് കുമാര്‍ നിലവില്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.