കുഞ്ഞുങ്ങള്‍ എപ്പോഴും അദ്ഭുതമാണ്. കുഞ്ഞുങ്ങളെ നോക്കിയിരിയ്ക്കുന്നത് തന്നെ വളരെ കൗതുകമാണ്. പ്രത്യേകിച്ച് ഉറങ്ങുന്ന കുഞ്ഞുങ്ങളെ നോക്കിയിരിയ്ക്കുന്നത്. ഉറക്കത്തില്‍ അവര്‍ ചിരിയ്ക്കും, കരയും, ചിലപ്പോള്‍ കൊതിയോടെ പാല് കുടിക്കും. കുഞ്ഞുങ്ങളുടെ ഉറക്കത്തിലുള്ള പുഞ്ചിരി സാധാരണയാണ്. നാം പലപ്പോഴും ചിുന്തിച്ചിട്ടണ്ടാവും എന്തിനാണ് കുഞ്ഞുങ്ങള്‍ ഉറങ്ങുമ്പോള്‍ പുഞ്ചിരിയ്ക്കുന്നതെന്ന്..? ഇതിന് ശാസ്ത്ര വിശദീകരണങ്ങള്‍ അടക്കം കാരണങ്ങള്‍ പലതാണ്.
ഇത്തരം പുഞ്ചിരി അടക്കം കുഞ്ഞിന്റെ വളര്‍ച്ചയിലെ പല ഘടകങ്ങളും ആണെന്ന് വേണം പറയുവാന്‍. രണ്ട് മൂന്നു മാസം ആകുമ്പോള്‍ കുഞ്ഞ് ഇത്തരത്തില്‍ പുഞ്ചിരിയ്ക്കാന്‍ തുടങ്ങും. പഠനങ്ങള്‍ പറയുന്നത് വയറ്റില്‍ 33 ആഴ്ചകളാകുമ്പോഴേ കുഞ്ഞിന് പുഞ്ചിരിയ്ക്കാനാകും എന്നതാണ്. ഇതിനെ റിഫ്ളക്സ് ആക്ഷന്‍ എന്നാണ് പറയുക. അതായത് കുഞ്ഞ് വയറ്റില്‍ വച്ചു തന്നെ കൈ വിരല്‍ ചപ്പി കുടിയ്ക്കുന്നതും വയറ്റില്‍ ചവിട്ടുന്നതും അടക്കമുളള പല ആക്ഷനുകളില്‍ ഒന്ന്. സ്വാഭാവികമായ ഒന്ന്. ഇത്തരം ആക്ഷനുകള്‍ക്ക് പ്രത്യേക കാരണം ഉണ്ടെന്ന് പറയാനാകില്ല.
കുഞ്ഞുങ്ങള്‍ ഇതു പോലെ ഉറക്കത്തിലോ അല്ലാതെയോ പുഞ്ചിരിയ്ക്കുന്നതിന് മറ്റൊരു കാരണമായി പറയാവുന്നത് ഗ്യാസ് പോകുമ്പോഴോ അല്ലെങ്കില്‍ ശോധന സമയത്തോ ആണെന്നും ശാസ്ത്രം പറയുന്നു. കുഞ്ഞ് രണ്ട് മാസം പിന്നിടുമ്പോള്‍ ഇഷ്ടപ്പെട്ട കാര്യങ്ങള്‍ കണ്ടാല്‍ പുഞ്ചിരിയ്ക്കാന്‍ തുടങ്ങും. ഇത് സന്തോഷം പ്രകടിപ്പിയ്ക്കുന്ന വഴിയാണ്. ഇതു പോലെ ആളുകളെ കണ്ടാലും ഇഷ്ടം പ്രകടിപ്പിയ്ക്കാന്‍ കുഞ്ഞിന്റെ മുഖത്ത് പുഞ്ചിരി വിരിയും. കുഞ്ഞിന്റെ ആരോഗ്യകരമായ വളര്‍ച്ചയുടെ ലക്ഷണം കൂടിയാണ് ഈ പുഞ്ചിരി.
കുഞ്ഞാണെങ്കിലും മുതിര്‍ന്ന ആളാണെങ്കിലും ശരീരം രണ്ടു തരം ഉറക്കത്തിലൂടെ കടന്ന് പോകുന്നു. റാപിഡ് ഐ മൂവ്മെന്റ് അഥവാ റെം, നോണ്‍ റാപിഡ് ഐ മൂവ്മെന്റ് എന്നിവയാണിവ. ഉറക്കത്തില്‍ പല തവണ നമ്മുടെ ശരീരം ഈ മൂവ്മെന്റിലൂടെ കടന്ന് പോകുന്നുണ്ട്. റെം എന്ന ഘട്ടത്തിലൂടെ കടന്നു പോകുമ്പോഴാണ് ഉറക്കത്തിലെ ചിരിയും പുഞ്ചിരിയും എല്ലാം ഉണ്ടാകുന്നത്. റെം തന്നെ മൂന്നു ഘട്ടത്തിലൂടെ കടന്ന് പോകുന്നു.
സ്റ്റേജ് വണ്‍ എന്നത് ശരീരം ഉണര്‍ന്നിരിയ്ക്കുന്ന അവസ്ഥയില്‍ നിന്നും ഉറക്കത്തിലേയ്ക്ക് പോകുന്നതാണ്. ഈ സമയത്ത് ഹൃദയമിടിപ്പ്, ശ്വാസോച്ഛാസം, കണ്ണുകളുടെ ചലനം എന്നിവ പതുക്കെയാകും. മസിലുകള്‍ റിലാക്സ് ചെയ്യപ്പെടും.
സ്റ്റേജ് 2 ഗാഢ നിദ്രയിലേയ്ക്ക് ശരീരം വീണു പോകുന്ന അവസ്ഥയാണ്. ഇത് വീണ്ടും ഹൃദയമിടിപ്പും ശ്വാസോച്ഛാസവുമെല്ലാം പതുക്കെയാക്കുന്നു. മസിലുകള്‍ വീണ്ടും അയയുന്നു. ഇത്തരം അവസ്ഥയാണ് ഉറക്കത്തില്‍ കൂടുതലുണ്ടാകുന്നത്. മൂന്നാമത്തെ സ്റ്റേജ് എന്നത് ഗാഢ നിദ്രയാണ്. വീണ്ടും ഹൃദയമിടിപ്പും ശ്വാസോച്ഛാസവും താണു പോകുന്ന അവസ്ഥ. മസിലുകള്‍ വീണ്ടും അയയുന്ന അവസ്ഥ. ഈ റെം സ്ലീപ് അവസ്ഥയില്‍ തന്നെയാണ് കുഞ്ഞുങ്ങള്‍ ഉറക്കത്തില്‍ ചിരിക്കുന്നതും പുഞ്ചിരിയ്ക്കുന്നതുമെല്ലാം തന്നെ.
കുഞ്ഞ് ചിരിയ്ക്കുന്നത്
കുഞ്ഞ് ചിരിയ്ക്കുന്നത് ഉറക്കത്തില്‍ സ്വപ്നം കണ്ടിട്ടാണെന്നാണ് നാം പൊതുവേ പറയുക. ഇതിന് ഇപ്പോഴും ശാസ്ത്രീയ വിശദീകരണം നല്‍കാനായിട്ടില്ല. കുഞ്ഞിന്റെ ഉണര്‍ന്നിരിയ്ക്കുമ്പോഴുണ്ടാകുന്ന ഓര്‍മകള്‍ ഉറക്കത്തില്‍ പുഞ്ചിരിയുണ്ടാക്കിയേക്കാം. അവരുടെ മനസിന്റെ അടിത്തട്ടിലെ ചില ഓര്‍മകള്‍. ഇതു പോലെ ചിലപ്പോഴെങ്കിലും
കുഞ്ഞിന്റെ ഉറകത്തിലെ പുഞ്ചിരി ഒരു മുന്നറിയിപ്പായി കൂടി എടുക്കാം. അപസ്മാരം അഥവാ ഫിറ്റ്സിന്റെ ഒരു രൂപം കൂടിയാകുന്നു ഇത്. ഇത് സാധാരണ പുഞ്ചിരിയല്ല, നിര്‍ത്താതെയുള്ള ചിരിയായി വരുന്നു. ഹൃദയതാളവും ശ്വസന താളവും വ്യത്യാസപ്പെടുന്നു. ഇത് വളരെ ചുരുക്കം മാത്രമുണ്ടാകുന്ന ഒന്നാണ്. ഇത്തരം രീതിയിലെ അസാധാരണ ചിരി കണ്ടാല്‍ മെഡിക്കല്‍ സഹായം തേടുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.