'മാസ്‌ക് ധരിക്കണം; കേസാണ് ഒഴിവാക്കിയത്: കോവിഡ് ഇളവുകളില്‍ കൂടുതല്‍ വ്യക്തത വരുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം

'മാസ്‌ക് ധരിക്കണം; കേസാണ് ഒഴിവാക്കിയത്: കോവിഡ് ഇളവുകളില്‍ കൂടുതല്‍ വ്യക്തത വരുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ മാസ്‌ക് ഒഴിവാക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയതായുള്ള വാര്‍ത്തയില്‍ തിരുത്തുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നതും സാമൂഹ്യ അകലം പാലിക്കുന്നതും തുടരണമെന്ന് മന്ത്രാലയം വ്യക്തമാക്കി.

മാസ്‌ക് ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടില്ല. മാസ്‌ക് ധരിക്കുന്നത് തുടരണമെന്നും ഇക്കാര്യത്തില്‍ ഇളവ് നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കിയ ആരോഗ്യ മന്ത്രാലയം കോവിഡ് ചട്ടങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ ദുരന്ത നിവാരണ നിയമ പ്രകാരം കേസെടുക്കുന്നത് അവസാനിപ്പിക്കാനാണ് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതെന്ന് അറിയിച്ചു.

ഇതനുസരിച്ച് മാസ്‌ക് ധരിച്ചില്ലെങ്കിലോ കൂട്ടം കൂടിയാലോ ഇനി ദുരന്ത നിവാരണ നിയമ പ്രകാരം കേസെടുക്കില്ല. എങ്കിലും മാസ്‌ക് ധരിക്കുന്നത് ഒഴിവാക്കരുതെന്ന മുന്നറിയിപ്പും ആരോഗ്യ മന്ത്രാലയം നല്‍കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം ലഭിച്ചതോടെ കോവിഡ് ചട്ടങ്ങളില്‍ വ്യക്തത വരുത്തി സംസ്ഥാനങ്ങള്‍ പുതുക്കിയ ഉത്തരവ് ഇറക്കും.

അതേസമയം മാസ്‌ക്കിന്റെ ഉപയോഗം പൂര്‍ണമായും നിര്‍ത്താന്‍ സമയമായിട്ടില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഒറ്റയ്ക്ക് കാര്‍ ഓടിക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴും മാസ്‌ക് ധരിക്കേണ്ടതില്ല. തിരക്കില്ലാത്ത സ്ഥലത്താണ് നിങ്ങള്‍ നില്‍ക്കുന്നതെങ്കില്‍ അവിടെയും മാസ്‌ക്കിന്റെ ആവശ്യമില്ല.

എന്നാല്‍ ആശുപത്രിയില്‍ പോകുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. അടിച്ചിട്ട ചെറിയ മുറികളിലാണ് നിങ്ങള്‍ നില്‍ക്കുന്നതെങ്കില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.മാസ്‌ക് ഒറ്റയടിയ്ക്ക് ഒഴിവാക്കാതെ അതിന്റെ ഉപയോഗം ഘട്ടംഘട്ടമായി കുറയ്ക്കാനാണ് ശ്രമിക്കേണ്ടതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.