യുപിയില്‍ വിഷം കലര്‍ന്ന മിഠായി കഴിച്ച് നാല് കുട്ടികള്‍ മരിച്ചു

യുപിയില്‍ വിഷം കലര്‍ന്ന മിഠായി കഴിച്ച് നാല് കുട്ടികള്‍ മരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ കുശിനഗറില്‍ വിഷം കലര്‍ന്ന മിഠായി കഴിച്ച് നാല് കുട്ടികള്‍ മരിച്ചു. സഹോദരങ്ങളായ മഞ്ജന (5), സ്വീറ്റി (3), സമര്‍ (2), സമീപത്ത് താമസിച്ചിരുന്ന അരുണ്‍ (5) എന്നിവരാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചു.

വീടിന് മുന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ മിഠായി കുട്ടികള്‍ കഴിക്കുകയായിരുന്നു. മൂന്നു പേര്‍ കഴിച്ചയുടന്‍ ബോധരഹിതരായി. നാലാമത്തെ ആള്‍ ആശുപത്രിയിലെത്തിയ ശേഷമാണ് കുഴഞ്ഞു വീണത്. പിന്നീട് നാല് പേരുടെയും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും, ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മിഠായി പൊതികളുടെ പരിശോധന തുടരുകയാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിഷം കലര്‍ത്തിയ മിഠായികള്‍ ആരോ കുട്ടികളുടെ വീടിന് മുന്നില്‍ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

രണ്ടു വര്‍ഷം മുമ്പ് ഇതേ കുടുംബത്തിലെ മറ്റ് രണ്ട് കുട്ടികള്‍ സമാന സാഹചര്യത്തില്‍ മരിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ നിഗമനങ്ങളിലെത്താന്‍ കഴിയുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.