നിര്‍ഭയ ഹോമുകള്‍ പൂട്ടുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

നിര്‍ഭയ ഹോമുകള്‍ പൂട്ടുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ നിര്‍ഭയ ഹോമുകള്‍ (വിമണ്‍ ആന്റ് ചില്‍ഡ്രന്‍ ഹോം) പൂട്ടുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. നിര്‍ഭയ ഹോമുകളിലെ താമസക്കാരെ മാറ്റുക മാത്രമാണ് ചെയ്യുന്നത്. തൃശൂരില്‍ 200 പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന മാതൃകാ ഹോമാണ് തയ്യാറാക്കിയിട്ടുള്ളത്. നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളില്‍ താമസിക്കുന്ന പഠിക്കാന്‍ താത്പര്യമുള്ള കുട്ടികള്‍ക്ക് വേണ്ടി മികച്ച ശാസ്ത്രീയമായ സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് തൃശൂരില്‍ പുതിയ മാതൃക ഹോം സ്ഥാപിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

നിലവില്‍ നിര്‍ഭയ ഹോമുകളെല്ലാം എന്‍.ജി.ഒ.കളുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. കുട്ടികളും മുതിര്‍ന്നവരും ഒപ്പം 350 ഓളം താമസക്കാരാണ് നിര്‍ഭയ ഹോമുകളിലുള്ളത്. ഈ ഹോമുകള്‍ പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തിലാണ്. ജനസാന്ദ്രതയുള്ള പ്രദേശത്താണ് ഈ ഹോമുകളുള്ളത് എന്ന കാരണം കൊണ്ട് കുട്ടികളെ അപായപ്പെടുത്താനോ വശീകരിച്ച് പ്രതികള്‍ക്ക് അനുകൂലമാക്കാനോയുള്ള ശ്രമങ്ങള്‍ നടക്കാറുണ്ട്. ഈ കുട്ടികള്‍ക്ക് ആ കെട്ടിടത്തിനുള്ളില്‍ ഒതുങ്ങിക്കഴിയേണ്ട സാഹചര്യമാണുള്ളത്. ഒരു മുറിയില്‍ പല തരത്തിലുള്ള ആള്‍ക്കാര്‍ക്കാണ് കഴിയേണ്ടി വരുന്നത്. കുട്ടികളും മുതിര്‍ന്നവരും (18 വയസില്‍ പ്രായമുള്ളവര്‍) ഉള്‍പ്പെടെ വിവിധ പ്രായത്തിലുള്ളവര്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നിവര്‍ ഒരുമിച്ചാണ് കഴിയേണ്ടി വരുന്നത്. ഇവരെ ശാസ്ത്രീയമായി മാറ്റി പുനരധിവസിപ്പിക്കുകയാണ് വനിത ശിശുവികസന വകുപ്പ് ലക്ഷ്യമിടുന്നത്. വിദഗ്ധരുടെ നിര്‍ദേശമനുസരിച്ചാണ് 5 കോടി രൂപ മുടക്കി തൃശൂരില്‍ മാതൃക ഹോം ഉണ്ടാക്കിയത്. ബാലാവകാശ കമ്മീഷനും ഇത്തരമൊരു ഹോം ശിപാര്‍ശ ചെയ്തിട്ടുണ്ട്. 16 വയസിന് മുകളിലുള്ളവരെ തേജോമയ ഹോമിലേക്കാണ് മാറ്റുക. അവര്‍ക്ക് മികച്ച പരിശീലനം നല്‍കി ജീവിക്കാനാവശ്യമായ ചുറ്റുപാടിലെത്തിച്ച് സ്വന്തം കാലില്‍ നിര്‍ത്തുന്നു.

ഒരു കുട്ടിയെ സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ സ്ഥാപനത്തിലേക്ക് മാറ്റുക എന്ന് പറയുന്നത് ഏറ്റവും അവസാനത്തെ ശ്രമമായി മാത്രമേ ചെയ്യാന്‍ പാടുകയുള്ളൂവെന്നാണ് ജെ.ജെ. ആക്ട് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. ഒരു കുട്ടി പീഡനത്തിനിരയായെങ്കിലും അല്ലെങ്കിലും സി.ഡബ്ല്യു.സി.യുടെ മുമ്പില്‍ ഹാജരാക്കി കഴിഞ്ഞാല്‍ ആ കുട്ടിയെ സ്വന്തം വീട്ടിലേക്ക് മാറ്റാനാണ് സി.ഡബ്ല്യു.സി. ശ്രമിക്കാറുള്ളത്. ഏതെങ്കിലും സാഹചര്യത്തില്‍ സുരക്ഷ ഭീഷണി കാരണം അതിന് സാധിക്കുന്നില്ലെങ്കിലാണ് ഹോമുകളിലേക്ക് മാറ്റുന്നത്. എങ്കില്‍ തന്നെയും എത്രയും വേഗം അവരുടെ വീടുകളിലോ അല്ലെങ്കില്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്കോ മാറ്റുകയാണ് ചെയ്യുന്നത്.

വിവിധ ഹോമുകളിലെ നിലവിലെ 350 ഓളം താമസക്കാരില്‍ 200 ഓളം പേരെ തൃശൂരിലേക്കും കുറച്ച് പേരെ തേജോമയ ഹോമിലേക്കും മാറിക്കഴിഞ്ഞാല്‍ മിക്കവാറും ജില്ലകളില്‍ ആളില്ലാത്ത അവസ്ഥയാണ് ഉണ്ടാകുന്നത്. അവര്‍ നിലവിലുള്ള നിര്‍ഭയ ഹോമുകളില്‍ തുടരും.

പലരുടേയും വിചാരണ നീണ്ട് പോകുന്നതിനാലാണ് ഹോമുകളില്‍ കഴിയേണ്ടി വരുന്നത്. ആവശ്യത്തിന് പ്രത്യേക പോസ്‌കോ കോടതികള്‍ ഇല്ലാത്തതായിരുന്നു ഇതിന് കാരണം. ഇപ്പോള്‍ 22 പോസ്‌കോ കോടതികളാണ് സ്ഥാപിച്ചത്. 56 ഓളം പോക്‌സോ കോടതികള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. അങ്ങനെ വരുമ്പോള്‍ ഒരാള്‍ക്ക് പോലും ഒരുവര്‍ഷത്തില്‍ കൂടുതല്‍ താമസിക്കേണ്ടി വരുന്നില്ല. ഇങ്ങനെ വിചാരണ കാലയളവില്‍ മികച്ച പരിചരണം നല്‍കാനുദ്ദേശിച്ചാണ് ശാസ്ത്രീയമായ ഹോമുകള്‍ തയ്യാറാക്കുന്നത്.

നിര്‍ഭയ ഹോമിലെ പഠിക്കുന്ന കുട്ടികള്‍ക്കായാണ് ഏകീകൃതമായൊരു ഹോമിന് രൂപം നല്‍കിയത്. ഇതിന്റെ അറ്റകുറ്റ പണികള്‍ അന്തിമ ഘട്ടത്തിലാണ്. വിവിധ പ്രായത്തിലുള്ള കുട്ടികളെ പല സെഷനുകളിലായാണ് തൃശൂരിലെ ഹോമുകളില്‍ താമസിപ്പിക്കുന്നത്. ജില്ലകളിലെ ഹോമുകളില്‍ ചെറിയ കാലയളവില്‍ ഷോര്‍ട്ട് ടേം ആയിട്ടാണ് കുട്ടികളെ താമസിപ്പിക്കുന്നത്. ദീര്‍ഘകാലയളവില്‍ മികച്ച പരിചരണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് തൃശൂരിലെ ഹോം സജ്ജമാക്കിയത്. ഇവിടെയുള്ള സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ക്കും മേട്രന്‍മാര്‍ക്കും രാത്രി കാലങ്ങളില്‍ പോലും ഇടപെടാനാകും. കൂടാതെ ഇതിനടുത്തുള്ള മെന്റല്‍ ഹെല്‍ത്ത് ഹോമിലെ ഡോക്ടര്‍മാര്‍ക്കും സൈക്യാര്‍ട്രിസ്റ്റുകള്‍ക്കും ഇവിടെ സേവനം നല്‍കാനും സാധിക്കും. കുടുംബാന്തരീക്ഷം നിലനിര്‍ത്തുന്ന തരത്തിലും ശാരീരികവും മാനസികവുമായ വികാസത്തിന് ഉതകുന്ന തരത്തിലും ആയിരിക്കും ഹോം പ്രവര്‍ത്തിക്കുക. മികച്ച വിദ്യാഭ്യാസം, ചികിത്സ, കൗണ്‍സിലിംഗ്, വൊക്കേഷണല്‍ ട്രെയിനിംഗ് എന്നിവ നല്‍കി സ്വയം പര്യാപ്തരാക്കി ഇവരെ വീടുകളിലെത്തിക്കുകയാണ് ലക്ഷ്യം.

നിര്‍ഭയ ഹോം വളരെ നല്ലരീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. 16 വയസിന് മുകളിലുള്ളവര്‍ക്ക് തേജോമയ, 12 വയസിന് താഴെയുള്ളവര്‍ക്ക് എസ്.ഒ.എസ്., പഠിക്കുന്ന കുട്ടികള്‍ക്ക് തൃശൂര്‍ ഹോം എന്നിങ്ങനെ വിവിധ ഹോമുകളാണ് പ്രവര്‍ത്തിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.