ഹരിപ്പാട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ എട്ടംഗ സംഘം മര്‍ദ്ദിച്ചവശനാക്കിയ യുവാവ് മരിച്ചു. ഹരിപ്പാട് മുട്ടം കണിച്ചനല്ലൂര്‍ കരിക്കാട്ട് ബാലചന്ദ്രന്റെയും സുപ്രഭയുടെയും മകന്‍ ശബരിയാണ് (28) മരിച്ചത്. ഹെല്‍മറ്റിന് തലയ്ക്കടിച്ചു വീഴ്ത്തി ക്രൂരമായി മര്‍ദ്ദിച്ച യുവാവ് ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 6.30ന് പള്ളിപ്പാട് നീറ്റൊഴുക്ക് ജംഗ്ഷനില്‍ വച്ച് ബൈക്കിലെത്തിയ ശബരിയെ തടഞ്ഞു നിറുത്തി ഹെല്‍മറ്റ്, വടി, കല്ല് എന്നിവ ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു.
ഡി.വൈ.എഫ്.ഐ പള്ളിപ്പാട് മേഖല മുന്‍ സെക്രട്ടറി മുട്ടം കാവില്‍ തെക്കതില്‍ സുല്‍ഫിത്ത് (27), മുട്ടം കണ്ണന്‍ ഭവനത്തില്‍ കണ്ണന്‍മോന്‍ (കണ്ണന്‍ -23), മുതുകുളം വടക്ക് ചൂളത്തേല്‍ വടക്കതില്‍ അജീഷ് കുമാര്‍ (28) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. മറ്റ് പ്രതികള്‍ ഒളിവിലാണ്. സംഭവത്തെത്തുടര്‍ന്ന് സുല്‍ഫിത്തിനെ ഡി.വൈ.എഫ്.ഐയില്‍ നിന്നു പുറത്താക്കി.
സുല്‍ഫിത്തിന് ശബരിയോടുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ശബരിയെ തടഞ്ഞുനിറുത്തി തലയിലിരുന്ന ഹെല്‍മറ്റ് പിടിച്ചു വാങ്ങിയാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്ന ശബരിയെ ആശുപത്രിയിലെത്തിക്കാന്‍ പ്രതികളെ ഭയന്ന് നാട്ടുകാര്‍ തയ്യാറായില്ല. പിന്നീട് പൊലീസ് എത്തിയാണ് ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും സ്ഥിതി വഷളായതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
ശബരിയുടെ തലയോട്ടിക്ക് പൊട്ടലും തലച്ചോറിന് ക്ഷതവും ഉണ്ടായിരുന്നു. ഒന്നാം പ്രതിയായ സുല്‍ഫിത്ത് 2019 ഡിസംബര്‍ 27ന് ചേപ്പാട് കാഞ്ഞൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ചേപ്പാട് സ്വദേശിയെ ആക്രമിച്ച കേസിലും നടുവട്ടം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പിച്ച കേസിലും പ്രതിയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.