ബഹിരാകാശ സേനകള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ യു.എസ്-ഓസ്‌ട്രേലിയ നീക്കം

ബഹിരാകാശ സേനകള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ യു.എസ്-ഓസ്‌ട്രേലിയ നീക്കം

ആകാശയുദ്ധത്തില്‍ ആരും ജയിക്കില്ലെന്ന് ബഹിരാകാശ നിയമ വിദഗ്ധര്‍

കാന്‍ബറ: ഓസ്‌ട്രേലിയന്‍ സായുധ സേനയുടെ പുതിയ വിഭാഗമായ ബഹിരാകാശ സേന ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചതിനു പിന്നാലെ സഹകരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് യു.എസ് ബഹിരാകാശ സേനാ മേധാവി. ബഹിരാകാശത്ത് സൈനികമായി മേല്‍കോയ്മ നേടാന്‍ ഓസ്ട്രേലിയയെ സഹായിക്കാമെന്ന വാഗ്ദാനമാണ് യുഎസ് ചീഫ് ഓഫ് സ്പേസ് ഓപ്പറേഷന്‍സ് ജനറല്‍ ജോണ്‍ റെയ്മണ്ട് മുന്നോട്ടുവയ്ക്കുന്നത്. ഇക്കാര്യത്തില്‍ ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളെ സഹായിക്കാന്‍ യു.എസിനു സന്തോഷമുണ്ടെന്ന് കാന്‍ബറയില്‍ നടന്ന എയര്‍ ആന്‍ഡ് സ്‌പേസ് കോണ്‍ഫറന്‍സില്‍ അദ്ദേഹം വ്യക്തമാക്കി.

ബഹിരാകാശത്തും മേല്‍കോയ്മ നേടാന്‍ റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ നീക്കങ്ങള്‍ ശക്തമാക്കുന്നതിനിടെയാണ് ഓസ്ട്രേലിയ ബഹിരാകാശ സേനയെ രൂപീകരിച്ചത്. കരസേന, വ്യോമസേന, നാവികസേന എന്നിവയ്ക്കൊപ്പമാണ് ബഹിരാകാശ സേനയും പ്രവര്‍ത്തിക്കുന്നത്.

മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കാലത്താണ് യു.എസില്‍ ബഹിരാകാശ സേന രൂപീകരിച്ചത്. അന്നു മുതല്‍ ജോണ്‍ റെയ്മണ്ട് ആണ് ബഹിരാകാശ സൈന്യത്തിന്റെ മേധാവി. ഭൂമിക്ക് മുകളിലും ഭീഷണി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഓസ്‌ട്രേലിയന്‍ ബഹിരാകാശ സേനയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് അദ്ദേഹം കാന്‍ബറയിലെ സമ്മേളനത്തില്‍ എത്തിയത്. യു.എസ് ബഹിരാകാശ സേന രൂപീകരിച്ചപ്പോള്‍ ഇന്ത്യയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള വാഗ്ദാനം ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ചിരുന്നു. 2019-ല്‍ യാഥാര്‍ത്ഥ്യമായ യു.എസ് ബഹിരാകാശ സേനയില്‍ നിലവില്‍ 7,000 ഉദ്യോഗസ്ഥരും ഇതുകൂടാതെ 7,000 സാധാരണ പൗരന്മാരും ഉണ്ട്.

ചൈനയുടെയും റഷ്യയുടെയും പ്രവര്‍ത്തനങ്ങള്‍ ആശങ്ക വര്‍ധിപ്പിക്കുന്നതിനാല്‍ ഈ മേഖലയില്‍ കൂടുതല്‍ സഹകരണം ആവശ്യമാണെന്ന് ജനറല്‍ ജോണ്‍ റെയ്മണ്ട് പറഞ്ഞു. ബഹിരാകാശത്ത് ഏറ്റവും മികച്ചവരാണ് നാം എന്നത് അഭിമാനം പകരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആകാശത്തെ ഭീഷണികളെ പ്രതിരോധിക്കാനാണ് യു.എസും ഓസ്‌ട്രേലിയയും ബഹിരാകാശ സേന രൂപീകരിച്ചത്. ഈ മേഖലയില്‍ വേഗം മുന്നിലെത്താന്‍ ഇരു രാജ്യങ്ങളുടെയും പങ്കാളിത്തത്തിനു വലിയ പ്രധാന്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

റഷ്യയും ചൈനയും സാറ്റ്‌ലൈറ്റുകളെ തകര്‍ക്കാന്‍ ശേഷിയുള്ള ആയുധങ്ങള്‍ ബഹിരാകാശത്ത് എത്തിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെക്കുറിച്ച് ജനറല്‍ ജോണ്‍ റെയ്മണ്ട് ഓര്‍മിപ്പിച്ചു. ഇത് ഒട്ടും പ്രൊഫഷണലായ സമീപനമല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

റഷ്യയും ഉത്തരകൊറിയയും റഷ്യയും പതിവായി ഹൈപ്പര്‍സോണിക് മിസൈലുകള്‍ പരീക്ഷിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ഉക്രെയ്ന്‍ അധിനിവേശത്തിനിടെ റഷ്യ ഹൈപ്പര്‍സോണിക് മിസൈല്‍ ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച്ച മുതലാണ് ഓസ്ട്രേലിയയുടെ ഡിഫന്‍സ് സ്പേസ് കമാന്‍ഡ് വിഭാഗം ഔപചാരികമായി പ്രവര്‍ത്തനം ആരംഭിച്ചത്. പ്രതിരോധ മന്ത്രി പീറ്റര്‍ ഡട്ടണ്‍ ആണ് ഫ്‌ളാഗ് ചെയ്തു. യു.എസ്. മാതൃകയിലാണ് ബഹിരാകാശ സൈന്യത്തെ ഓസ്‌ട്രേലിയ സജ്ജമാക്കിയത്.

അതേസമയം രാജ്യങ്ങള്‍ തമ്മിലുള്ള ഇത്തരം ബഹിരാകാശ യുദ്ധങ്ങളുടെ അനാവശ്യകതയെക്കുറിച്ച് ബഹിരാകാശ നിയമ വിദഗ്ധനായ സ്റ്റീവന്‍ ഫ്രീലാന്‍ഡ് ചൂണ്ടിക്കാട്ടി. ബഹിരാകാശത്ത് രാജ്യങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്നതിനെക്കുറിച്ച് ആഗോളതലത്തില്‍ ശക്തമായ ഒരു സമവായം ഉണ്ടാക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ബഹിരാകാശ യുദ്ധത്തില്‍ ആരും വിജയിക്കില്ല; അതേസമയം എല്ലാവരും തോല്‍ക്കുകയും ചെയ്യും. ബഹിരാകാശത്തെ സമാധാനപരമായി ഉപയോഗപ്പെടുത്താനാണ് രാജ്യങ്ങള്‍ ശ്രമിക്കേണ്ടത്-സ്റ്റീവന്‍ ഫ്രീലാന്‍ഡ് പറഞ്ഞു.

കൂടുതല്‍ വായനയ്ക്ക്:

ഓസ്ട്രേലിയ്ക്കും 'ബഹിരാകാശ സൈന്യം'; പ്രതിരോധ മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു; ആദ്യ മേധാവി വനിത


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.