ഓസ്ട്രേലിയ്ക്കും 'ബഹിരാകാശ സൈന്യം'; പ്രതിരോധ മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു; ആദ്യ മേധാവി വനിത

ഓസ്ട്രേലിയ്ക്കും 'ബഹിരാകാശ സൈന്യം'; പ്രതിരോധ മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു; ആദ്യ മേധാവി വനിത

മിലിട്ടറി സ്പേസ് കമാന്‍ഡ് ഡിവിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു

കാന്‍ബറ: ഓസ്ട്രേലിയന്‍ പ്രതിരോധ മേഖലയില്‍ നിര്‍ണായക ചുവടുവയ്പ്പായി സൈനിക ബഹിരാകാശ കമാന്‍ഡ് വിഭാഗം ഔദ്യോഗികമായി ഇന്നു പ്രവര്‍ത്തനം ആരംഭിച്ചു. യു.എസ് മാതൃകയില്‍ സായുധ സേനയുടെ പുതിയ വിഭാഗമായി രൂപീകരിച്ച ബഹിരാകാശ സേനയുടെ ഫ്‌ളാഗ് ഓഫ് പ്രതിരോധ മന്ത്രി പീറ്റര്‍ ഡട്ടണ്‍ നിര്‍വഹിച്ചു.

പുതിയ കാലത്ത് ബഹിരാകാശ മേഖലയില്‍ റഷ്യയില്‍നിന്നും ചൈനയില്‍നിന്നും ശക്തമായ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് ബഹിരാകാശ സേനയെ സൃഷ്ടിക്കാന്‍ ഓസ്‌ട്രേലിയ നിര്‍ബന്ധിതമായത്. കരസേന, വ്യോമസേന, നാവികസേന എന്നിവയ്‌ക്കൊപ്പം രാജ്യത്തിന്റെ സൈനിക ശേഷി വര്‍ധിപ്പിച്ചുകൊണ്ടാണ് ബഹിരാകാശ സേനയും പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

മണിക്കൂറില്‍ 6,000 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ഹൈപ്പര്‍സോണിക് മിസൈലുകള്‍ ഉള്‍പ്പെടെ റഷ്യയും ചൈനയും വികസിപ്പിച്ചെടുത്തതോടെ ബഹിരാകാശത്തും സൈനിക തലത്തിലുള്ള മത്സരം മുറുകിയതായി ചൊവ്വാഴ്ച എയര്‍ ആന്‍ഡ് സ്പേസ് പവര്‍ കോണ്‍ഫറന്‍സില്‍ നടത്തിയ പ്രസംഗത്തില്‍ പീറ്റര്‍ ഡട്ടണ്‍ പറഞ്ഞു.


പ്രതിരോധ മന്ത്രി പീറ്റര്‍ ഡട്ടണ്‍

2019-ലാണ് ഓസ്ട്രേലിയയുടെ സഖ്യകക്ഷിയായ യു.എസില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബഹിരാകാശ സേന യാഥാര്‍ത്ഥ്യമാക്കിയത്. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഓസ്‌ട്രേലിയയുടെ ബഹിരാകാശ കമാന്‍ഡ് വിഭാഗം ചെറുതാണെങ്കിലും രാജ്യതാല്‍പ്പര്യം സംരക്ഷിക്കാന്‍ ഈ ചുവടുവയ്പ്പ് നിര്‍ണായകമാണെന്ന് പീറ്റര്‍ ഡട്ടണ്‍ പറഞ്ഞു.

പന്ത്രണ്ട് മാസം മുന്‍പാണ്, റോയല്‍ ഓസ്ട്രേലിയന്‍ എയര്‍ഫോഴ്സ് മറ്റ് രാജ്യങ്ങളുടെ മാതൃകയില്‍ ഒരു മിലിട്ടറി സ്പേസ് കമാന്‍ഡ് സ്ഥാപിക്കാനുള്ള പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നത്. ആ സ്വപ്‌ന പദ്ധതിയാണ് ഇന്ന് യാഥാത്ഥ്യമായത്.

ഒരു വനിതയാണ് ഓസ്‌ട്രേലിയന്‍ ബഹിരാകാശ കമാന്‍ഡ് വിഭാഗത്തിന്റെ ആദ്യ മേധാവി എന്നതും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. വ്യോമസേനാ എയര്‍ വൈസ് മാര്‍ഷലായ കാതറിന്‍ റോബര്‍ട്ട്സാണ് മിലിട്ടറി സ്പേസ് കമാന്‍ഡ് ഡിവിഷന്റെ മേധാവി.


കാതറിന്‍ റോബര്‍ട്ട്സ്‌

കാത്ത് റോബര്‍ട്ട്സിന്റെ നേതൃത്വത്തിലുള്ള സ്പേസ് കമാന്‍ഡില്‍ മൂന്ന് സായുധ സേനകളിലെ ഉദ്യോഗസ്ഥരും പ്രവര്‍ത്തിക്കുന്നു. ഇതുകൂടാതെ ഓസ്ട്രേലിയന്‍ ബഹിരാകാശ ഏജന്‍സിക്കൊപ്പം പ്രവര്‍ത്തിക്കുന്നവരും ഉള്‍പ്പെടും.

മത്സരം സംഘര്‍ഷത്തിലേക്കോ?

ബഹിരാകാശത്തെ സൂപ്പര്‍ പവറാകാനായി റഷ്യയും ചൈനയും നടത്തുന്ന നീക്കങ്ങളാണ് അമേരിക്ക, ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ അലോസരപ്പെടുത്തുന്നതും ബഹിരാകാശ സേനയെ സൃഷ്ടിക്കുന്നതിലേക്കു നയിച്ചതും. ഇന്റലിജന്‍സ്, നിരീക്ഷണം, രഹസ്യാന്വേഷണം എന്നിവയ്ക്കായി ചൈനയും റഷ്യയും ശക്തമായ ബഹിരാകാശ സേവനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഉക്രെയ്ന്‍ അധിനിവേശത്തിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ റഷ്യ തങ്ങളുടെ ഏറ്റവും നൂതനമായ ഹൈപ്പര്‍സോണിക് മിസൈല്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായുള്ള വാര്‍ത്തകളും ആശങ്കയേറ്റുന്നതാണ്.

ബഹിരാകാശം സംഘര്‍ഷത്തിനുള്ള ഒരു പുതിയ മണ്ഡലമായി മാറരുത്. മത്സരവും സംഘര്‍ഷവും തമ്മിലുള്ള അതിരുകള്‍ മങ്ങുന്നത് സങ്കടകരമാണ്. ഐക്യരാഷ്ട്രസഭയുമായും സമാന ചിന്താഗതിക്കാരായ സഖ്യകക്ഷികളുമായും ചേര്‍ന്ന് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി, ബഹിരാകാശത്തിന്റെ സമാധാനപരമായ ഉപയോഗത്തിനാണ് ഓസ്ട്രേലിയ ശ്രമിക്കുന്നത്.

ആശയവിനിമയം, ശാസ്ത്രദൗത്യങ്ങള്‍, കാലാവസ്ഥാ പ്രവചനം എന്നിവയ്ക്കായാണ് പ്രാഥമികമായി ബഹിരാകാശത്തെ ഉപയോഗിക്കുന്നതെങ്കിലും 21-ാം നൂറ്റാണ്ടില്‍ സൈനികമായും ഏറെ പ്രാധാന്യമുള്ള മേഖലയായി ഇത് മാറിയതായി പീറ്റര്‍ ഡട്ടണ്‍ പറഞ്ഞു.

റഷ്യയും ചൈനയും സാറ്റ്ലൈറ്റുകളെ തകര്‍ക്കാന്‍ ശേഷിയുള്ള ആയുധങ്ങള്‍ ബഹിരാകാശത്ത് എത്തിക്കുന്നുണ്ടെന്ന മുന്നറിയിപ്പ് മുന്‍പ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയിരുന്നു. യുദ്ധസാഹചര്യങ്ങളില്‍ ഇത്തരത്തില്‍ സാറ്റ്ലൈറ്റുകളെ തകര്‍ക്കുന്നത് നിര്‍ണായകമായിരിക്കും. ആകാശത്തെ മേല്‍കോയ്മ ഭൂമിയിലും നിര്‍ണായകമാകും.

7,500-ലധികം ഉപഗ്രഹങ്ങളാണ് ഭൂമിയെ ഭ്രമണം ചെയ്യുന്നത്. ഇതുകൂടാതെ ഓരോ വര്‍ഷവും ആയിരക്കണക്കിന് വിക്ഷേപണങ്ങളും നടക്കുന്നു.

സൈബര്‍ ലോകത്തും ആശങ്ക

ഉക്രെയ്ന്‍ അധിനിവേശത്തിന്റെ ഫലമായി സൈബര്‍ സുരക്ഷയ്ക്ക് റഷ്യ ഉയര്‍ത്തുന്ന ഭീഷണിയും അവഗണിക്കാനാവില്ല. ഇക്കാര്യങ്ങള്‍ ഓസ്ട്രേലിയന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രി കാരെന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

'ആഗോളതലത്തില്‍ സൈബര്‍ ഭീഷണി വര്‍ധിച്ചുവരുന്നു എന്നത് സങ്കടകരമായ യാഥാര്‍ത്ഥ്യമാണ്, ഓസ്ട്രേലിയന്‍ നെറ്റ്വര്‍ക്കുകളില്‍ സൈബര്‍ ആക്രമണങ്ങളുടെ സാധ്യത വര്‍ദ്ധിച്ചതായും കാരെന്‍ ആന്‍ഡ്രൂസ് പറയുന്നു.

ആരാണ് കാതറിന്‍ റോബര്‍ട്ട്‌സ്? തുടര്‍ന്ന് വായിക്കാം

പ്രതിരോധ മേഖലയില്‍ ചരിത്രം കുറിച്ച് വനിതകള്‍; ഓസ്‌ട്രേലിയയില്‍ ആദ്യ സൈനിക ബഹിരാകാശ കമാന്‍ഡറായി കാതറിന്‍ റോബര്‍ട്ട്‌സ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.