സാക്ഷി മൊഴികളിലെ ആ മാഡം ആര്?.. കാവ്യ മാധവനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്

സാക്ഷി മൊഴികളിലെ ആ മാഡം ആര്?.. കാവ്യ മാധവനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കൂടാതെ കാവ്യ മാധവനെയും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷക സംഘം. ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ നടത്തിയിരുന്ന ആലുവ സ്വദേശിയായ ശരത്തിനെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്. സാക്ഷി മൊഴികളിലെ ആ മാഡം ആരെന്ന ചോദ്യത്തിനും ഇതോടെ വ്യക്തത വരുമെന്നാണ് നിഗമനം.

ശരത്തും കാവ്യയും ഫോണില്‍ സംസാരിച്ചതിനെക്കുറിച്ച് അന്വേഷക സംഘം ചോദിച്ചറിയും. നടിയെ ആക്രമിച്ച ദൃശ്യങ്ങളെത്തിച്ചത് കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലാണെന്ന സാക്ഷി മൊഴിയെക്കുറിച്ചും ചോദ്യങ്ങളുണ്ടാവും.

കൂടാതെ ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ചു നല്‍കിയ വിഐപി ശരത്താണെന്ന് അന്വേഷക സംഘം ഉറപ്പിച്ചിരുന്നു. ശബ്ദ സാമ്പിളുകളുടെ പരിശോധന കൂടി പൂര്‍ത്തിയായ ശേഷമേ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകൂ. കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ മൂന്നു മണിക്കൂറോളം ശരത്തിനെ ചോദ്യം ചെയ്തു. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ റെക്കോഡ് ചെയ്ത ശബ്ദ രേഖകളില്‍ കാവ്യയും ശരത്തും തമ്മിലുള്ള സംഭാഷണം ഉണ്ടായിരുന്നു.

'പോയ കാര്യങ്ങള്‍ എന്തായി, നടന്നോ,' എന്നായിരുന്നു കാവ്യ ശരത്തിനോട് ചോദിച്ചത്. ശബ്ദം കേട്ട് വിഐപി ആരെന്ന് താന്‍ തിരിച്ചറിഞ്ഞതായി ബാലചന്ദ്രകുമാര്‍ സ്വകാര്യ ചാനലില്‍ പ്രതികരിച്ചിരുന്നു.

പൊലീസിന്റെ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങള്‍ കാണിച്ചതോടെ സംവിധായകന്‍ ബാലചന്ദ്രകുമാറാണ് ശരത്തിനെ തിരിച്ചറിഞ്ഞത്. വിഐപി ശരത്ത് തന്നെയാണെന്ന് വ്യക്തമായതോടെ അന്വേഷണ സംഘം ഇയാളെ രഹസ്യ കേന്ദ്രത്തില്‍ വച്ച് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശരത്തിനെ ചോദ്യം ചെയ്തത്.

ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് അന്വേഷണ സംഘം നല്‍കുന്ന വിവരങ്ങള്‍. നേരത്തെ ഇയാളെ ശബ്ദത്തിലൂടെ ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.