ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യയില്‍; രണ്ട് വര്‍ഷത്തിനിടെ ആദ്യമെത്തുന്ന ചൈനീസ് നേതാവ്

ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യയില്‍; രണ്ട് വര്‍ഷത്തിനിടെ ആദ്യമെത്തുന്ന ചൈനീസ് നേതാവ്

ന്യൂഡല്‍ഹി: ഔദ്യോഗിക പ്രഖ്യാപനമില്ലാതെ ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തി. ഉന്നതതല ചര്‍ച്ചകള്‍ക്കായാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യയിലെത്തിയത്. കാബൂളില്‍നിന്ന് ന്യൂഡല്‍ഹിയിലെത്തിയ വാങ് യി വെള്ളിയാഴ്ച രാവിലെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായി ചര്‍ച്ച നടത്തും. രണ്ടു വര്‍ഷം മുമ്പ് കിഴക്കന്‍ ലഡാക്കിലുണ്ടായ അതിര്‍ത്തി സംഘര്‍ഷത്തിന് ശേഷം നടക്കുന്ന ആദ്യത്തെ ഇന്ത്യ-ചൈന ഉന്നതതല ചര്‍ച്ചയാണിത്. ഉക്രെയ്ന്‍ പ്രതിസന്ധിയും ചര്‍ച്ചയാകുമെന്ന് കരുതപ്പെടുന്നു.

വ്യാഴാഴ്ച രാത്രി 7.40-നാണ് ചൈനീസ് വിദേശകാര്യമന്ത്രിയെ വഹിച്ചുകൊണ്ടുള്ള വിമാനം ഡല്‍ഹിയിലിറങ്ങിയത്. അതേസമയം, വിദേശകാര്യമന്ത്രാലയത്തിന്റെ ഭാഗത്തുനിന്നും ഔദ്യോഗികമായ യാതൊരറിയിപ്പും ഇക്കാര്യത്തില്‍ ഉണ്ടായില്ല. വാങ് യി ഡല്‍ഹിയില്‍ വിമാനമിറങ്ങിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷമാണ് ഇക്കാര്യത്തില്‍ വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ സ്ഥിരീകരണം നല്‍കിയത്. അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശനം കഴിഞ്ഞാണ് വാങ് യി ഇന്ത്യയിലെത്തിയത്.

കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം ആരംഭിച്ചതിനു ശേഷം രാജ്യത്തെത്തുന്ന ആദ്യ മുതിര്‍ന്ന ചൈനീസ് നേതാവാണ് വാങ് യി. കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി ചൈനയില്‍നിന്ന് ഒരു നേതാവും ഇന്ത്യയില്‍ വന്നിട്ടില്ല.

അതേസമയം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാനും ബെയ്ജിങ്ങില്‍ ഈ വര്‍ഷം അവസാനം നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ക്ഷണിക്കാനുമാണ് വാങ് യി എത്തിയതെന്നു വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ടു ചെയ്തു.

കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളുടെയും ബന്ധം വഷളായത്. 2020 ജൂണില്‍ നടന്ന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ചില ചൈനീസ് സൈനികരും കൊല്ലപ്പെട്ടു.

തുടര്‍ന്ന് സൈനിക തലത്തില്‍ നടത്തിയ വിവിധ ചര്‍ച്ചകള്‍ക്കൊടുവില്‍ പാങ്‌ഗോങ് തടാകം, ഗോര്‍ഗ പ്രദേശം എന്നിവിടങ്ങളില്‍നിന്ന് സൈന്യം പിന്മാറുന്നതിന് തീരുമാനം ആയി. എന്നാലും 2020 മുന്‍പുള്ള നയതന്ത്രബന്ധത്തിലേക്ക് ഇതുവരെ കാര്യങ്ങള്‍ എത്തിയിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.