തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ (79) അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് അഞ്ച് വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 4.20ഓടെ തിരുവനന്തപുരം വെമ്പായത്തെ വസതിയിലായിരുന്നു അന്ത്യം. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നു വന്ന ബഷീര്‍ യൂത്ത് കോണ്‍ഗ്രസിലും, കോണ്‍ഗ്രസിലും സുപ്രധാന പദവികള്‍ വഹിച്ചു.
1977ല്‍ കഴക്കൂട്ടത്ത് നിന്നാണ് തലേക്കുന്നില്‍ ബഷീര്‍ നിയമസഭയിലെത്തുന്നത്. ചിറയന്‍കീഴ് നിന്ന് രണ്ടു തവണ (1984, 1989) ലോക്‌സഭാംഗമായി. എ.കെ. ആന്റണിയെ മുഖ്യമന്ത്രിയാക്കാന്‍ വേണ്ടി എംഎല്‍എ സ്ഥാനം രാജിവെച്ചു. 2016 വരെ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന അദേഹം പിന്നീട് രോഗബാധിതനായതിനെ തുടര്‍ന്ന് വിശ്രമ ജീവിതത്തിലായിരുന്നു.
1980 മുതല്‍ 1989 വരെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റായിരുന്നു. 1972 മുതല്‍ 2015 വരെ കെപിസിസിയുടെ നിര്‍വാഹക സമിതി അംഗമായിരുന്നു. നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 2011 ല്‍ കെപിസിസിയുടെ ആക്ടിങ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്
1945ല്‍ തിരുവനന്തപുരം വെഞ്ഞാറമൂടിന് സമീപം തലേക്കുന്ന് ഗ്രാമത്തിലായിരുന്നു ജനനം. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ്, ലോ കോളജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ബഷീറിന്റെ നിര്യാണത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പൊതു പരിപാടികളെല്ലാം മാറ്റിവച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.