സര്‍ക്കാര്‍ ജനങ്ങളുടെ വികാരം മറക്കുന്നു; പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ നോക്കുന്നത് ശരിയല്ലെന്ന് ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത

സര്‍ക്കാര്‍ ജനങ്ങളുടെ വികാരം മറക്കുന്നു; പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ നോക്കുന്നത് ശരിയല്ലെന്ന് ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത

കോട്ടയം: കെ റെയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ചങ്ങനാശേരി അതിരൂപത. സര്‍ക്കാര്‍ ജനങ്ങളുടെ വികാരം മറക്കുന്നു. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ നോക്കുന്നത് ശരിയല്ല. പ്രതിഷേധങ്ങളെ അധികാരവും ശക്തിയും ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതാണ് സ്ഥിതി കൂടുതല്‍ വഷളാക്കുന്നതെന്നും ദീപിക ദിനപത്രത്തിലെഴുതിയ ലേഖനത്തിലൂടെ ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം കുറ്റപ്പെടുത്തി.

മതസമുദായ നേതാക്കള്‍ സമരക്കാരെ സന്ദര്‍ശിക്കുന്നത് വിമര്‍ശിക്കുന്നതും രാഷ്ട്രീയം കലര്‍ത്തി വ്യാഖ്യാനിക്കുന്നതും പ്രതിഷേധാര്‍ഹമാണ്. കെ റെയിലിന്റെ തണലില്‍ രാഷ്ട്രീയ ലാഭം കൊയ്യാനാണ് വിമര്‍ശിക്കുന്നവരുടെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ അതിന്റെ ദോഷ ഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന ജനങ്ങളുടെ മനസുകള്‍ നീറുകയാണ്. പദ്ധതിയുടെ ഇരകളോട് സഹാനുഭൂതി പ്രകടിപ്പിക്കുന്നതിനെ ചോദ്യം ചെയ്യുകയും അവരെ നിശബ്ദരാക്കാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്യുന്നതിനെ അംഗീകരിക്കാനാകില്ല. ഇരകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ നേരില്‍ കണ്ടു ബോധ്യപ്പെടാന്‍ പ്രസ്തുത സ്ഥലങ്ങള്‍ ഏതെങ്കിലും മതസമുദായ നേതാക്കള്‍ സന്ദര്‍ശിക്കുന്നതിനെ വിമര്‍ശിക്കുകയും അതില്‍ രാഷ്ട്രീയം കലര്‍ത്തി വ്യാഖ്യാനിക്കുകയും ചെയ്യുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണെന്നും ലേഖനത്തില്‍ പറയുന്നു.

സര്‍ക്കാര്‍ നല്‍കുന്ന വാഗ്ദാനങ്ങളില്‍ പലപ്പോഴും വിശ്വാസ്യത തോന്നാത്തത് മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ്. പ്രശ്നങ്ങള്‍ക്ക് നീതിപൂര്‍വമായ പരിഹാരം കണ്ടെത്താന്‍ ഇടപെടുന്നതിനെ ദുര്‍വ്യാഖ്യാനിച്ച് വിമോചന സമരത്തിനൊരുങ്ങുന്നുവെന്ന് പറഞ്ഞ് പരിഹസിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിച്ച് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കാനേ ഉപകരിക്കുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

പ്രശ്നത്തെ ഗൗരവമായി കാണാനും സമൂഹത്തില്‍ ചേരിതിരിവുകള്‍ വളര്‍ത്താതെ സമാധാനാന്തരീക്ഷം സംജാതമാക്കുവാനും ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കുവാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും അതാണ് ജനാധിപത്യമര്യാദയെന്നും മാര്‍ ജോസഫ് പെരുന്തോട്ടം ഓര്‍മപ്പെടുത്തി.

സില്‍വര്‍ലൈനെതിരെ ചങ്ങനാശേരി മാടപ്പള്ളിയില്‍ നടത്തിയ പ്രതിഷേധത്തില്‍ പൊലീസ് നടപടി ഉണ്ടായതിന് തൊട്ടടുത്ത ദിവസം പദ്ധതിയില്‍ ജനങ്ങളുടെ ആശങ്കകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും പ്രതികരിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.