ശ്രീലങ്കയ്ക്ക് നല്ല അയല്‍ക്കാരനായി ഇന്ത്യ; 40,000 ടണ്‍ ഡീസല്‍ ഉടന്‍ കൈമാറും

ശ്രീലങ്കയ്ക്ക് നല്ല അയല്‍ക്കാരനായി ഇന്ത്യ; 40,000 ടണ്‍ ഡീസല്‍ ഉടന്‍ കൈമാറും

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ. 40,000 ടണ്‍ ഡീസല്‍ അടിയന്തിരമായി ലങ്കയ്ക്ക് കൈമാറുമെന്ന് ഇന്ത്യ അറിയിച്ചു. പെട്രോളും ഡീസലും കിട്ടാതായതിനെ തുടര്‍ന്ന് ലങ്കയിലെ പമ്പുകള്‍ക്കു മുന്നില്‍ സംഘര്‍ഷം ഉടലെടുത്തിരിക്കുകയാണ്.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വഴിയാകും ഡീസല്‍ നല്‍കുക. മാസം തോറും ഇന്ത്യ നല്‍കിയിരുന്ന ഇന്ധനത്തിനു പുറമെയാണ് ഇപ്പോഴത്തെ അടിയന്തിര സഹായം. 500 മില്യണ്‍ ഡോളര്‍ ലൈന്‍ ഓഫ് ക്രെഡിറ്റിനാണ് ഇന്ത്യ ലങ്കയ്ക്ക് ഇന്ധനം നല്‍കുന്നത്. നേരത്തെ, മാര്‍ച്ച് 17 ന് ശ്രീലങ്കയ്ക്ക് ഒരു ബില്യണ്‍ ഡോളറിന്റെ ഹ്രസ്വകാല വായ്പയും ഇന്ത്യ അനുവദിച്ചിരുന്നു.

അവശ്യ സാധനങ്ങള്‍ കിട്ടാതായതോടെ കഴിഞ്ഞ രണ്ടാഴ്ച്ചയായി ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലാണ്. സാമ്പത്തിക പ്രതിസന്ധി പരിഹാരിക്കാനായി ശ്രീലങ്കന്‍ രൂപയുടെ മൂല്യം 36 ശതമാനം കുറച്ചിരുന്നു. ഇതോടെ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയായിരുന്നു. ഡോളറിന് വന്‍ ക്ഷാമമാണ് ശ്രീലങ്ക നേരിടുന്നത്. ഡോളറില്ലാതായതോടെ ഇറക്കുമതിയും ഏതാണ്ട് നിലച്ച മട്ടാണ്.

ഇന്ത്യയെ അവഗണിച്ച് ചൈനയുമായി കൂട്ടുകൂടിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരേയും ശ്രീലങ്കയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ലങ്കയില്‍ ഇടക്കാലത്ത് ചൈന വന്‍തോതില്‍ നിക്ഷേപം നടത്തിയിരുന്നു. എന്നാല്‍ പിന്നീട് പല നിക്ഷേപങ്ങളില്‍ നിന്നും ചൈന പിന്‍മാറുകയും ചെയ്തു. വന്‍ തുകയാണ് ശ്രീലങ്ക ചൈനയ്ക്ക് നല്‍കാനുള്ളത്. പണമില്ലാത്തതിനാല്‍ ഹംബന്‍ടോട്ട തുറമുഖത്തിന്റെ അവകാശം ചൈനയ്ക്ക് നല്‍കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.