പണിമുടക്കുകള്‍ എന്തു നേടിത്തരുന്നുവെന്ന് പൊതുസമൂഹം വിലയിരുത്തി പ്രതികരിക്കണം: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

പണിമുടക്കുകള്‍ എന്തു നേടിത്തരുന്നുവെന്ന് പൊതുസമൂഹം വിലയിരുത്തി പ്രതികരിക്കണം: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: സംഘടിത ജനവിഭാഗങ്ങളും സംഘടനകളും രാഷ്ട്രീയ നേട്ടങ്ങള്‍ക്കും നിലനില്‍പ്പിനുമായി രാജ്യം സ്തംഭിപ്പിക്കുവാന്‍ ആഹ്വാനം ചെയ്തുനടത്തുന്ന പണിമുടക്കുകള്‍ എന്തു നേടിത്തരുന്നുവെന്ന് പൊതുസമൂഹം വിലയിരുത്തി പ്രതികരിക്കണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

കോവിഡ് മഹാമാരി സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍ ജനങ്ങള്‍ കഷ്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം പറ്റുന്ന സര്‍വ്വീസ് സംഘടനകളും ഇതര ട്രേഡ് യൂണിയനുകളും പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത് ജനദ്രോഹമാണ്.

കടക്കെണിയും സാമ്പത്തിക തകര്‍ച്ചയുംമൂലം തകര്‍ന്നിരിക്കുന്ന ശ്രീലങ്കന്‍ജനതയുടെ ദുഃഖദുരിതജീവിതം ഈ നാട്ടിലും ആവര്‍ത്തിക്കാന്‍ ഇത്തരം ജനവിരുദ്ധ സമരമാര്‍ഗ്ഗങ്ങള്‍ ഇടനല്‍കും.

ഏതു പണിമുടക്കിനെയും പിന്തുണയ്ക്കുന്ന സാക്ഷരകേരളത്തിലെ രാഷ്ട്രീയ ട്രേഡ് യൂണിയന്‍ നേതൃത്വങ്ങളുടെ അധഃപതനം ലജ്ജാകരമാണ്. പണി ലഭിക്കാതെ ആയിരങ്ങളുടെ ജീവിതം വഴിമുട്ടിനില്‍ക്കുന്ന, കടക്കെണിയില്‍ തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്ന കേരളത്തില്‍ പണിമുടക്കിയുള്ള രാഷ്ട്രീയ അടിമത്വം അവസാനിപ്പിക്കണം.

നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തില്‍ പണിമുടക്കിയുള്ള പ്രാകൃതമായ പ്രതിഷേധസമരമല്ല പണിയെടുത്തുള്ള ജനകീയ പ്രതികരണമാണ് വേണ്ടത്.

അസംഘടിത കര്‍ഷകര്‍ പണിമുടക്കിയാല്‍ കര്‍ഷകന് വരുമാന നഷ്ടമുണ്ടാവുക മാത്രമല്ല രാജ്യത്ത് പട്ടിണി മരണവുമുണ്ടാകും. ജനങ്ങളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന രണ്ടു ദിവസത്തെ പണിമുടക്ക് മുദ്രാവാക്യം അന്വര്‍ത്ഥമാക്കേണ്ടത് 48 മണിക്കൂര്‍ അധികം പണിയെടുത്താണ്.

രാജ്യത്തെ രക്ഷിക്കാനായി പണിമുടക്ക് നടത്തി സര്‍ക്കാര്‍ ശമ്പളം പറ്റുന്നവര്‍ തങ്ങളുടെ പണി ഉപേക്ഷിക്കുവാന്‍ തയ്യാറാകുമോ? വീട്ടിലിരുന്ന് ശമ്പളം വാങ്ങി പണിയെടുക്കുന്ന ഇത്തരം സമരാഭാസങ്ങള്‍ക്ക് അവസാനമുണ്ടാകുവാന്‍ പൊതുസമൂഹം ഉണരണമെന്നും രാജ്യം നിശ്ചലമാക്കാനുള്ള സംഘടിത ട്രേഡ് യൂണിയനുകളുടെ ആഹ്വാനം സമൂഹം തള്ളിക്കളയണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.