കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ മേഖലകളില്‍ നിന്ന് സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കണം: ചൈനയോട് ഇന്ത്യ

കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ മേഖലകളില്‍ നിന്ന് സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കണം: ചൈനയോട് ഇന്ത്യ

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി. കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ മേഖലകളില്‍ നിന്ന് സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കണമെന്ന് ചൈനയോട് ഇന്ത്യ ആവശ്യപ്പെട്ടു.

ഉഭയകക്ഷി ബന്ധം മുന്നോട്ടുകൊണ്ടുപോവുന്നതിനുള്ള തടസങ്ങള്‍ നീക്കണമെന്നും ചൈനീസ് വിദേശമന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്ചയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആവശ്യപ്പെട്ടു. ഇന്നലെ വൈകുന്നേരമാണ് അപ്രഖ്യാപിതമായി വാങ് യി ഇന്ത്യയില്‍ എത്തിയത്. കാബൂളില്‍ സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു ചൈനീസ് വിദേശമന്ത്രിയുടെ വരവ്.

അതിര്‍ത്തിയില്‍ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കുന്നത് ബന്ധങ്ങള്‍ മുന്നോട്ടുകൊണ്ടുപോവാന്‍ സഹായകരമാവുമെന്ന് ഡോവല്‍ പറഞ്ഞു. ഇപ്പോഴത്തെ സ്ഥിതി തുടരുന്നത് ഇരു ഭാഗത്തിന്റെയും താത്പര്യങ്ങള്‍ക്കു യോജിച്ചതല്ല. സുരക്ഷയും തുല്യതയും ലംഘിക്കുന്ന നടപടികള്‍ ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു.

സമാധാനം പുനസ്ഥാപിക്കുന്നതിന് നയതന്ത്ര തലത്തിലും സൈനിക തലത്തിലും ചര്‍ച്ചകള്‍ തുടരേണ്ടതുണ്ട്. നിലവിലെ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കാന്‍ നടപടികളുണ്ടാവണം. കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പക്വതയും ആത്മാര്‍ഥതയും അനിവാര്യമെന്ന് ഡോവല്‍ ചൈനീസ് വിദേശമന്ത്രിയോട് ആവശ്യപ്പെട്ടതായി ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.



ചൈന സന്ദര്‍ശിക്കാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചൈനീസ് സംഘം ക്ഷണിച്ചിട്ടുണ്ട്. ക്ഷണം സ്വീകരിക്കുന്നതായും നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ ഉടന്‍ സന്ദര്‍ശനം നടത്തുമെന്നും ഡോവല്‍ അറിയിച്ചു. അതിര്‍ത്തി പ്രശ്‌നം പരിഹരിക്കുന്നതിന് ഇന്ത്യയും ചൈനയും നിയോഗിച്ച പ്രത്യേക പ്രതിനിധികളാണ് ഡോവലും വാങ്ങും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.