തിരുത്തണം: സില്‍വര്‍ ലൈനില്‍ വിമര്‍ശനവുമായി സിപിഐ

തിരുത്തണം: സില്‍വര്‍ ലൈനില്‍ വിമര്‍ശനവുമായി സിപിഐ

തിരുവനന്തപുരം: കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ വിമര്‍ശനവുമായി സിപിഐ രംഗത്ത്. ചില കാര്യങ്ങള്‍ തിരുത്തണം എന്നാണ് പാര്‍ട്ടി അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു അഭിപ്രായപ്പെട്ടത്. സില്‍വര്‍ ലൈനിനെ എതിര്‍ക്കുന്ന എല്ലാവരും ശത്രുക്കള്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു. സമാധാന അന്തരീക്ഷത്തില്‍ മാത്രമേ മുന്നോട്ടു പോകാന്‍ കഴിയൂ. ജനങ്ങളെ ബോധ്യപ്പെടുത്തിയിട്ട് നടപ്പാക്കണമെന്നും പ്രകാശ് ബാബു പറഞ്ഞു.

ആശങ്ക അകറ്റി സ്വപ്ന പദ്ധതി എന്ന നിലയില്‍ നടപ്പാക്കണം. പൊലീസ് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ തിരുത്തണം. സിവില്‍ ഉദ്യോഗസ്ഥര്‍ അടക്കം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദ സ്വഭാവം ഉള്ളവര്‍ സമരത്തില്‍ ഉണ്ടെന്ന ആരോപണത്തെക്കുറിച്ച് അറിയില്ല. സമരക്കാര്‍ എല്ലാം സര്‍ക്കാര്‍ വിരുദ്ധര്‍ അല്ല എന്നും പ്രകാശ് ബാബു വ്യക്തമാക്കി.
അതേസമയം കെ റെയില്‍ വിരുദ്ധ നിലപാടെടുത്ത സിപിഐ പിറവം ലോക്കല്‍ സെക്രട്ടറിയോട് പാര്‍ട്ടി വിശദീകരണം ചോദിച്ചിട്ടുണ്ട്. സിപിഐ പിറവം മണ്ഡലം കമ്മറ്റി ആണ് വിശദീകരണം ചോദിച്ചത്. മൂന്ന് ദിവസത്തിനകം മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടി എടുക്കുമെന്ന് സിപിഐ എറണാകുളം ജില്ല സെക്രട്ടറി പി രാജു പറഞ്ഞു. മുന്നണി തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.