സില്‍വര്‍ ലൈന്‍: പാര്‍ട്ടി പോലും തള്ളിയ പദ്ധതി ചെലവ് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

സില്‍വര്‍ ലൈന്‍: പാര്‍ട്ടി പോലും തള്ളിയ പദ്ധതി ചെലവ് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സില്‍വര്‍ ലൈനില്‍ സിപിഎം പോലും തള്ളിയ കണക്ക് ആവര്‍ത്തിച്ച് മുഖ്യമന്ത്രി. പ്രതീക്ഷിക്കുന്ന പദ്ധതി ചെലവ് ഉയരുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ മൂന്ന് മാസം മുമ്പ് വിശദീകരിച്ചെങ്കിലും ചെലവ് 63,941കോടിയെന്നാണ് ഇന്നലെയും മുഖ്യമന്ത്രി ആവര്‍ത്തിച്ചത്. രണ്ട് വര്‍ഷം വൈകിയ പദ്ധതിക്ക് കെ റെയില്‍ കണക്ക് പ്രകാരം തന്നെ ഇതിനകം ഏഴായിരം കോടി വര്‍ദ്ധിച്ചിട്ടുണ്ട്.

2019ല്‍ കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കുമ്പോള്‍ ഡിപിആറില്‍ വ്യക്തമാക്കിയ തുകയാണ് മുഖ്യമന്ത്രി ഇപ്പോഴും ആവര്‍ത്തിക്കുന്നത്. എന്നാല്‍ വൈകുന്തോറും ചെലവേറുമെന്ന കെ റെയില്‍ കണക്ക് മാത്രം കണക്കിലെടുത്താല്‍ ചെലവ് 71,000കോടി പിന്നിട്ടു. കേരളത്തെ ഭീമമായ കടത്തിലേക്ക് പദ്ധതി തള്ളിവിടുമെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുമ്പോഴും 63000 കോടിയില്‍ ഊന്നിയാണ് ഇപ്പോഴും മുഖ്യമന്ത്രിയുടെ പ്രതിരോധം.

അര്‍ദ്ധ അതിവേഗ റെയില്‍ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ചെലവ് ഒരു ലക്ഷം കോടി പിന്നിടുമെന്ന് നീതി ആയോഗ് വിലയിരുത്തലുണ്ട്. ഭൂമി ഏറ്റെടുക്കലിന്റെ ചെലവ് പോലും ആദ്യം കണക്കാകിയതിനെക്കാള്‍ ഇരുപത് ശതമാനം ഉയര്‍ന്നു. മുഖ്യമന്ത്രിയുടെ കണക്കും കണക്കുകൂട്ടലും കെ റെയിലിലെ നിലവിലെ യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്ത പെടുന്നില്ലായെന്ന് വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതും പദ്ധതി ചെലവ് ഉയരുമെന്ന് തന്നെയാണ്.

കടമെടുക്കലിലെ രാജ്യാന്തര പ്രതിസന്ധികളും ശ്രീലങ്കന്‍ തകര്‍ച്ചയും ചര്‍ച്ചയാകുമ്പോഴാണ് ഉയരുന്ന കെ റെയില്‍ ചെലവില്‍ സര്‍ക്കാര്‍ ഊന്നല്‍ കൊടുക്കാതിരിക്കുന്നതെന്നതും ശ്രദ്ധേയം. 33,700 കോടിയാണ് വിദേശ വായ്പയെടുക്കാന്‍ കേരളം കേന്ദ്രത്തിന്റെ അനുമതി കാക്കുന്നത്. ചെലവ് ഉയരുമ്പോള്‍ ഈ വായ്പ കണക്കിലും വലിയ മാറ്റങ്ങള്‍ ഉണ്ടാകും. പണമായി വെറും രണ്ടായിരം കോടി രൂപ മാത്രമാണ് പദ്ധതിക്കായി സംസ്ഥാന സര്‍ക്കാരിന്റെ നീക്കിയിരുപ്പ്. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം നല്‍കിയ റിപ്പോര്‍ട്ടിലെ കണക്കുകള്‍ ശരിയല്ലെന്നും പദ്ധതിക്ക് ലക്ഷം കോടിക്ക് മേല്‍ ചെലവ് വരുമെന്നുമാണ് ഇന്നലെ റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവും വ്യക്തമാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.