'സൈക്കിള്‍ റോഡിലൂടെ ഓടിക്കാന്‍ ലൈസന്‍സ് വേണം'; നിവേദനവുമായി നാലാം ക്ലാസുകാരന്‍ പൊലീസ് സ്റ്റേഷനില്‍

'സൈക്കിള്‍ റോഡിലൂടെ ഓടിക്കാന്‍ ലൈസന്‍സ് വേണം'; നിവേദനവുമായി നാലാം ക്ലാസുകാരന്‍ പൊലീസ് സ്റ്റേഷനില്‍

നെടുങ്കണ്ടം: സൈക്കിള്‍ റോഡിലൂടെ ഓടിക്കാന്‍ ലൈസന്‍സ് തേടി നാലാം ക്ലാസുകാരന്‍ പൊലീസ് സ്റ്റേഷനില്‍. നെടുങ്കണ്ടം ഹണി കോട്ടേജില്‍ ഗ്രീഷ്മ - രാജേഷ് ദമ്പതികളുടെ മകന്‍ ദേവനാഥ് ആണ് നിവേദനവുമായി വെള്ളിയാഴ്ച സ്റ്റേഷനിലെത്തിയത്. എസ്‌എച്ച്‌ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് ദേവനാഥ്.

ബുക്കില്‍ നിന്നെടുത്ത കടലാസില്‍ നിവേദനവും എഴുതിയാണ് ദേവനാഥ് സ്റ്റേഷനിലെത്തിയത്. 'സാര്‍, എനിക്ക് സൈക്കിള്‍ ഓടിക്കാന്‍ അനുവാദം തരണം. റോഡില്‍ കൂടി ഓടിക്കാന്‍ ലൈസന്‍സ് തരണം. താഴ്മയോടെ അപേക്ഷിക്കുന്നു. നന്ദി എന്നാണ് എഴുതിയിരുന്നത്. നിവേദനം കണ്ട് അമ്പരന്ന പൊലീസ് കാര്യം തിരക്കി.

ദേവനാഥിന് മൂന്ന് മാസം മുന്‍പാണ് അബുദാബിയില്‍ നിന്നെത്തിയ അമ്മാവന്മാര്‍ വിദേശ നിര്‍മിതവും ഗിയറുള്ളതുമായ സൈക്കിള്‍ നല്‍കിയത്. മൂന്ന് മാസമെടുത്താണ് സൈക്കിള്‍ ഓടിച്ചു പഠിച്ചത്. പഠിച്ച്‌ കഴിഞ്ഞതോടെ സ്കൂളിലേക്കും മറ്റും സൈക്കിളില്‍ പോകാന്‍ ദേവനാഥിന് ആഗ്രഹം.

എന്നാല്‍ അമ്മയോട് ആ​ഗ്രഹം പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. റോഡിലൂടെ സൈക്കിള്‍ ഓടിക്കണമെങ്കില്‍ ലൈസന്‍സ് വേണമെന്ന് അമ്മ പറഞ്ഞ് വിശ്വസിപ്പിച്ചു. ലൈസന്‍സില്ലാതെ സൈക്കിളോടിച്ചാല്‍ സൈക്കിള്‍ പൊലീസ് പിടിച്ചെടുക്കുമെന്നും അമ്മ പറഞ്ഞു.

ഇതോടെ ലൈസന്‍സ് എവിടെ കിട്ടുമെന്നായി ദേവനാഥിന്റെ അന്വേഷണം. പൊലീസ് സ്റ്റേഷനില്‍ ചെന്ന് അപേക്ഷ നല്‍കിയാലോ കാര്യം നടക്കൂ എന്ന് അമ്മ പറഞ്ഞു. ഇതോടെയാണ് അച്ഛനും അമ്മയും വീട്ടിലില്ലാത്ത തക്കം നോക്കി ദേവനാഥ് സ്റ്റേഷനിലെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.