അക്ഷരങ്ങളുടെ പഞ്ചാരക്കുന്നുകള്‍

അക്ഷരങ്ങളുടെ പഞ്ചാരക്കുന്നുകള്‍

ചെറിയ വാക്കുകള്‍ ചേര്‍ത്തുവച്ച്‌ അനുപമമായ ആശയപ്രപഞ്ചം സൃഷ്ടിച്ച കവിയായിരുന്നു കുഞ്ഞുണ്ണിമാഷ്‌. അദ്ദേഹം മനുഷ്യ ജീവിതത്തിന്റെ വൈവിധ്യങ്ങള്‍ ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത്‌ കവിതയാക്കി.

ഒരു മയില്‍പ്പിലിത്തുണ്ടുകൊണ്ട്‌, ഒരു വളപ്പൊട്ടുകൊണ്ട്‌, ഊണുതൊട്ടുറക്കംവരെ, വിരസനിമിഷങ്ങളെ സരസമാക്കാന്‍ ശ്രമിച്ച കുഞ്ഞുണ്ണി 1927 മേയ്‌ പത്താംതീയതി തൃശൂര്‍ ജില്ലയില്‍ വലപ്പാട് എന്ന സ്ഥലത്ത്‌, അതിയാരത്തുവീട്ടില്‍ ജനിച്ചു.

“അക്ഷരമേ, നിന്നെയെനിക്കിക്ഷ പിടിച്ചു,
അതില്‍ “അര 'മുള്ളതിനാല്‍” എന്നു പറഞ്ഞു മലയാള അക്ഷരങ്ങളെ പ്രണയിച്ച കുഞ്ഞുണ്ണി മലയാളത്തെ മറക്കുന്ന മലയാളിയെ ഓര്‍ത്തു ദുഃഖിച്ചു.

“ആറു മലയാളിക്കു നുറുമലയാളം,
അരമലയാളിക്കുമൊരു മലയാളം,
ഒരു മലയാളിക്കും മലയാളമില്ല
എന്ന്‌ മലയാള ഉച്ചാരണവും എഴുത്തും വികൃതമാക്കുന്ന മലയാളിയുടെ മുഖത്ത്‌ അദ്ദേഹം എഴുതിവച്ചു.
അദ്ദേഹത്തിന്റെ കുഞ്ഞിക്കവിതകള്‍ പലതും പഴഞ്ചൊല്ലുകളായി. സല്‍ക്കര്‍മ്മത്തിനും സാഹോദര്യത്തിനും പ്രചോദനം നല്‍കുന്ന കവിതകള്‍ ഏറെയുണ്ട്‌.

“വായിച്ചാലും വളരും
വായിച്ചില്ലേലും വളരും
വായിച്ചു വളര്‍ന്നാല്‍ വിളയും
വായിക്കാതെ വളര്‍ന്നാല്‍ വളയും"
എന്ന കവിത കൊച്ചുകുട്ടികള്‍ക്കുവരെ മനഃപാഠമാണ്‌.

“ഒന്നെന്നെങ്ങനെയെഴുതാം?” എന്നു ചോദിക്കുന്ന കവിത മനോഹരമായ ഐക്യ സന്ദേശത്തിലാണെത്തുന്നത്‌; “ഒന്നായാല്‍ നന്നായി, നന്നായാല്‍ ഒന്നായി."

"മാതൃഭുമി'യിലെ കുട്ടേട്ടന്‍ എന്ന തുലികാ നാമത്തില്‍ ബാലപംക്തിയിലൂടെ അനേകം പേരെ അദ്ദേഹം എഴുത്തിന്റെ ആകാശം കാണിച്ചു.ആ സര്‍ഗസംഭാവന ഒരു മഹാ മേരുപോലെ ഉയര്‍ന്നു നില്‍ക്കുന്നതു കാണുമ്പോള്‍ ഒരു കുഞ്ഞുണ്ണിക്കവിതയാണോര്‍മ വരിക:

"പഞ്ചാരക്കുന്നിന്റെ മുന്നിലിരുന്നൊരു
കുഞ്ഞനുറുമ്പു കരഞ്ഞു.
എത്രചെറിയതാണെന്റെ വായ,
എത്ര ചെറിയതാണെന്റെ വയറും!" മനസില്‍ നിന്ന്‌ മനുഷ്യന്റെ ശബ്ദം കടഞ്ഞെടുത്ത കവിയാണ്‌ കുഞ്ഞുണ്ണി. ത്രികാല ജ്ഞാനിയായിരുന്നു, ഈ കവി!

വളരെ തീവ്രമായിരുന്നു, പലപ്പോഴും അദ്ദേഹത്തിന്റെ വിമര്‍ശനം. പലതും പ്രവചനങ്ങളായിരുന്നു.
“മന്ത്രിയായാല്‍ മന്ദനാകും
മഹാമാര്‍ക്‌സിസ്റ്റുമീ
മഹാഭാരതഭുമിയില്‍" എന്ന്‌ കുഞ്ഞുണ്ണി പതിറ്റാണ്ടുകള്‍ക്കു മുമ്പേ പ്രവചിച്ചിരുന്നു!

“പാതി തിരിഞ്ഞാല്‍ പോരല്ലോ
പാതിയില്‍ നിന്നും തിരിയേണം
പോരാ പോരാ പാതിരിയാവാന്‍
തിരിയായ്‌ കത്തണമെല്ലാര്‍ക്കും"
എന്ന വാക്കുകളുടെ ആകാശം എത്ര അപാരമാണ്‌.

"യേശുവിലാണെന്‍ വിശ്വാസം
കീശയിലാണെന്നാശ്വാസം" എന്ന വിമര്‍ശനം ആര്‍ക്കും ആത്മവിചിന്തനത്തിന്‌ പ്രേരകമാകു മ്പോള്‍,
“കുരിശേശുവിലേശുമോ?” എന്ന ഒറ്റവരിക്കവിതയില്‍ ഒരു ബൈബിള്‍ മുഴുവനും ഒളിച്ചിരിക്കുന്നു!
ഓരോരുത്തനും അവനവനിലേക്കു ചുരുങ്ങുന്ന ഈ ഉപഭോഗ സംസ്കാരം ലോകത്തിന്റെ ചിത്ര അദ്ദേഹം ഇങ്ങനെ വരയ്ക്കുന്നു:

"എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം".

'ഊണുതൊട്ടുറക്കം' വരെ 'പഴഞ്ചൊൽ പത്തായം', കുഞ്ഞുണ്ണിയുടെ കവിതകൾ 'കടംകഥകൾ', 'വിത്തും മുത്തും', 'കുറ്റിപെൻസിൽ', 'ഉണ്ടനും ഉണ്ടിയും', 'കുട്ടിക്കവിതകൾ', 'മുത്തുമണി', 'ചക്കരപ്പാവ', 'കദളിപ്പഴം', 'കുഞ്ഞുണ്ണി രാമായണം', തുടങ്ങിയ കുട്ടികൾക്കും കുട്ടിത്തമുള്ള മുതിർന്നവർക്കും അദ്ദേഹം നൂറുകണക്കിനു കവിതകളും ലേഖനങ്ങളും എഴുതി.

പൊക്കമില്ലാത്തതാണെൻ പൊക്കം, 'എന്നുള്ളിലുണ്ടെല്ലാരുമെല്ലാടവും' എന്ന വലിയ ലോകത്തിന്റെ നെറുകയിൽ എഴുതിയ മലയാള കവിതയിലെ അനന്യ പ്രതിഭയാണ് കുഞ്ഞുണ്ണി. പൊക്കം കുറവായിരുന്ന കുഞ്ഞുണ്ണി തന്റെ കവിതയും കുറിയതാക്കി. കുറ്റിപെൻസിൽ കൊണ്ടെഴുതിയ കുറിയ കുഞ്ഞുണ്ണി കവിതകളുടെ മാസ്മരികത ആധുനിക മലയാളികളെ മാതൃഭാഷാ പ്രേമികളാക്കിയെങ്കിൽ....!

ഫാ. റോയി കണ്ണൻചിറയുടെ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തിൽ നിന്നും.

ഫാ. റോയി കണ്ണൻചിറയുടെ ഇതുവരെയുള്ള കൃതികൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.