വായു മലിനീകരണം കൗമാരക്കാരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും

വായു മലിനീകരണം കൗമാരക്കാരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും

ഓസോണ്‍ പാളികളുടെ തകര്‍ച്ചയും വായു മലിനീകരണവും കൗമാരക്കാരുടെ മാനസിക ശാരീരിക ശേഷിയെ ദോഷകരമായി ബാധിക്കുമെന്ന് പഠനം. 'ഡെവലപ്മെന്റല്‍ സൈക്കോളജി'എന്ന ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.

മോട്ടോര്‍ വാഹനങ്ങളിലെ പുക, പവര്‍ പ്ലാന്റുകള്‍, മറ്റ് സ്രോതസുകള്‍ എന്നിവയില്‍ നിന്നും ഉയരുന്ന പുകയും മറ്റ് മാലിന്യങ്ങളും സൂര്യപ്രകാശവുമായി ചേര്‍ന്ന് അന്തരീക്ഷത്തില്‍ ഓസോണിന്റെ അളവ് വര്‍ധിപ്പിക്കും. ഇത്തരത്തില്‍ ഉയര്‍ന്ന ഓസോണുള്ള വായു ശ്വസിക്കുന്നത് ആസ്ത്മ, ശ്വാസകോശ പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാകാന്‍ കാരണമാകുമെന്നാണ് റിപ്പോര്‍ട്ട്. ഇത് അകാല മരണത്തിന് വരെ കാരണമായേക്കാമെന്നും പഠനം വ്യക്തമാക്കുന്നു.

താരതമ്യേന ഉയര്‍ന്ന ഓസോണ്‍ അളവുള്ള പ്രദേശങ്ങളിലെ കുട്ടികളില്‍ വിഷാദ രോഗമുള്ളതായി സംഘം കണ്ടെത്തി. എന്നാല്‍ ദേശീയ ശരാശരിയേക്കാള്‍ കുറഞ്ഞ ഓസോണ്‍ അളവുള്ള പ്രദേശങ്ങളിലെ കുട്ടികളിലും കാലക്രമേണ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി. ഓസോണ്‍ കുറഞ്ഞ അളവിലായാലും കുട്ടികളുടെ മാനസിക ആരോഗ്യത്തില്‍ അത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. കൗമാരക്കാര്‍ കൂടുതല്‍ പുറത്തിറങ്ങുന്നത് അപകട സാധ്യത കൂട്ടും.

കണ്ടെത്തലിന് കുട്ടികളുടെ ലിംഗഭേദം, പ്രായം, വംശം, ഗാര്‍ഹിക വരുമാനം, മാതാപിതാക്കളുടെ വിദ്യാഭ്യാസം അല്ലെങ്കില്‍ അവരുടെ അയല്‍പക്കങ്ങളിലെ സാമൂഹിക സാമ്പത്തിക സവിശേഷതകള്‍ എന്നിവ കാരണമായിട്ടില്ലെന്നും ഗവേഷകര്‍ പറയുന്നു. കൗമാരക്കാര്‍ കൂടുതല്‍ സമയങ്ങളില്‍ പുറത്ത് കഴിയുന്നത് അവരില്‍ ഇത്തരം ലക്ഷണങ്ങള്‍ കൂടുതലായി കാണാന്‍ കാരണമാകുമെന്നും വിശദീകരിക്കുന്നു.

അതേസമയം ചില സാമ്പിളുകള്‍ നിഗമനത്തില്‍ നിന്നും വ്യത്യാസങ്ങള്‍ കാണിക്കുന്നുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. അത് ഓസോണ്‍ മാത്രമല്ല മറ്റ് വായു മലിനീകരണ പ്രശ്‌നങ്ങളും കുട്ടികളെ ബാധിച്ചേക്കാമെന്ന നിഗമനത്തിലേക്കാണ് ഗവേഷകരെ എത്തിക്കുന്നത്.

അതേസമയം വായു മലിനീകരണം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളെ കൂടുതലായി ബാധിക്കാന്‍ ഇടയുണ്ടെന്നും ഇത് സാമൂഹ്യമായ വലിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്നും പഠനം വ്യക്തമാക്കുന്നു. ഓസോണ്‍ എക്‌സ്‌പോഷര്‍ കുറയ്ക്കുന്നതിനുള്ള വഴികള്‍ ജനങ്ങള്‍ കണ്ടെത്തണം. കായിക മത്സരങ്ങള്‍ അടച്ചിട്ട കേന്ദ്രങ്ങളില്‍ നടത്താന്‍ ശ്രദ്ധിക്കുക, തിരക്കേറിയ സമയങ്ങളില്‍ ഡ്രൈവിംങ് പരിമിതപ്പെടുത്തുക, മലിനീകരണം കുറയ്ക്കുന്ന ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജ സ്രോതസുകള്‍ കണ്ടെത്തണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.