കെ റെയില്‍ സര്‍വേ പുനരാരംഭിച്ചു; പ്രതിഷേധം ശക്തം: കോട്ടയത്ത് കല്ല് പിഴുതുമാറ്റി പോകാനൊരിടമില്ല എന്തു ചെയ്യുമെന്ന് നാട്ടുകാർ

കെ റെയില്‍ സര്‍വേ പുനരാരംഭിച്ചു; പ്രതിഷേധം ശക്തം: കോട്ടയത്ത് കല്ല് പിഴുതുമാറ്റി പോകാനൊരിടമില്ല എന്തു ചെയ്യുമെന്ന് നാട്ടുകാർ

കോട്ടയം: സംസ്ഥാനത്ത് നിർത്തിവെച്ച കെ റെയിൽ സര്‍വേ നടപടികള്‍ വീണ്ടും തുടങ്ങി. ഒരു ദിവസത്തെ ഇടവേളക്ക് ശേഷമാണ് കല്ലിടൽ വീണ്ടും ആരംഭിച്ചത്. കോട്ടയം കുഴിയാലിപ്പടിയിൽ സർവേകല്ലുമായി എത്തിയ വാഹനങ്ങൾ നാട്ടുകാരും സമര സമിതി നേതാക്കളും തടഞ്ഞു.

നട്ടാശ്ശേരിയില്‍ പന്ത്രണ്ടിടത്താണ് കല്ലിട്ടത്. കല്ല് നാട്ടുകാര്‍ പിഴുതുമാറ്റി. തഹസില്‍ദാറെ തടഞ്ഞുവച്ചു. ഉദ്യോഗസ്ഥർ ജനവികാരത്തെ വെല്ലുവിളിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

പത്തനംതിട്ടയില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ നഷ്ടപ്പെടുന്ന പ്രദേശത്തെ നാട്ടുകാര്‍ സര്‍വേ തുടങ്ങും മുമ്പേ പ്രതിഷേധം ശക്തമാക്കി. ഇനി പോകാനൊരിടമില്ല, എന്തുചെയ്യും? എന്നാണ് നാട്ടുകാർ ദയനീയമായി ചോദിക്കുന്നത്.

അതേസമയം സിൽവർ ലൈൻ പദ്ധതി കേരളത്തിൽ നടപ്പാക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കേരളത്തിന് യോജിച്ച പദ്ധതിയല്ല സിൽവർ ലൈൻ. കെ റെയില്‍ പ്രതിഷേധം സര്‍ക്കാര്‍ കണക്കിലെടുക്കണം. ജനങ്ങളുടെ പ്രതിഷേധം സർക്കാർ അപമാനമായി കാണരുതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

പദ്ധതി കേരളത്തിന് ഗുണം ചെയ്യില്ല. ഹൈ സ്പീഡ് റെയിൽ കേരളത്തിന്റെ പശ്ചാത്തലത്തിൽ നടപ്പാക്കാൻ കഴിയില്ലെന്ന് മനസിലാക്കിയാണ് യുഡിഎഫ് സർക്കാർ വേണ്ടെന്നുവച്ചത്. വിഴിഞ്ഞം പദ്ധതി പോലും ഇതുവരെ റോ മെറ്റീരിയൽസ് ഇല്ലാത്തതിനാൽ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.

പ്രതിഷേധങ്ങളെത്തുടർന്ന് ഒരു പദ്ധതി മാറ്റിവെക്കുന്നത് നാണക്കേടോ ബലഹീനതയോ ആയി സർക്കാർ കണക്കാക്കണ്ടതില്ല. വ്യത്യസ്ത അഭിപ്രായങ്ങളെ കണക്കിലെടുക്കേണ്ടത് സർക്കാരിന്റെ കടമയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കണ്ണൂർ എയർപോർട്ട്, കൊച്ചി മെട്രോ, നെടുമ്പാശ്ശേരി എയർപോർട്ട് എന്നിവ യുഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിക്ക് ഉദാഹരണമാണ്. വികസന കാര്യത്തിൽ യുഡിഎഫ് പ്രത്യേക താൽപ്പര്യം എടുത്തിട്ടുണ്ട്. പക്ഷേ ജനങ്ങളുടെ പ്രതിഷേധം വരുമ്പോൾ കണ്ടില്ലെന്ന് നടിക്കില്ലെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.