'ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന എല്ലാവർക്കും നന്ദി'; യമന്‍ ജയിലില്‍നിന്ന് കത്ത് അയച്ച് നിമിഷ പ്രിയ

'ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന എല്ലാവർക്കും നന്ദി'; യമന്‍ ജയിലില്‍നിന്ന് കത്ത് അയച്ച് നിമിഷ പ്രിയ

കൊച്ചി: യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ മരണവിധി കാത്തു ജയിലില്‍ കഴിയുന്നതിനിടെ തന്നെ സഹായിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നന്ദി അറിയിച്ച്‌ നിമിഷ പ്രിയയുടെ കത്ത്. തന്നെ രക്ഷിക്കുന്നതിനു വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഠിനാധ്വാനം ചെയ്യുന്നവര്‍ക്ക് നന്ദി അറിയിക്കുന്നു എന്നാണ് നിമിഷ കത്തില്‍ പറയുന്നത്.

സമൂഹമാധ്യമങ്ങളിലൂടെ സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ക്കാണ് കത്ത് അയച്ചിരിക്കുന്നത്.
'ഞാന്‍ നിമിഷ പ്രിയ, ഈ യമന്‍ ജയിലില്‍നിന്ന് എന്റെ ജീവന്‍ രക്ഷിക്കാനായി സഹായിക്കുന്ന വിദേശത്തും സ്വദേശത്തും ഉള്ള ഓരോ ബഹുമാനപ്പെട്ടവര്‍ക്കും പ്രത്യേകമായി സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അര്‍പ്പിക്കുന്നു' ഇതാണ് കത്തിലുള്ളത്.

യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ നിമിഷ പ്രിയയുടെ അപ്പീല്‍ യമന്‍ കോടതി തള്ളിയിരുന്നു. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയാണ് നിമിഷ. കൊലപാതം ആത്മരക്ഷാര്‍ഥമെന്നാണ് അപ്പീലില്‍ നിമഷ പ്രിയ വാദിച്ചത്. സ്ത്രീ എന്ന പരിഗണന നിമിഷയ്ക്ക് കിട്ടുമെന്നു പ്രതീക്ഷിക്കപ്പെട്ടെങ്കിലും അന്തിമ വിധി എതിരായി.

യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നതാണ് കേസ്. 2017 ജൂലൈ 25നാണ് യമന്‍ പൗരനായ തലാല്‍ കൊല്ലപ്പെട്ടത്. യമനില്‍ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍ പാസ്പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം.

യമന്‍കാരിയായ സഹപ്രവര്‍ത്തക ഹനാന്റെയും മറ്റൊരു യുവാവിന്റെയും നിര്‍ദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതു മരണത്തിന് ഇടയാക്കുകയായിരുന്നു. കീഴ്ക്കോടതിയാണ് നിമിഷയ്ക്കു വധശിക്ഷ വിധിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.