കോട്ടയം: പാലാ രൂപതാ പ്രവാസി അപ്പോസ്റ്റലേറ്റിന്റെ ആഭിമുഖ്യത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പ്രവാസികളായ കുട്ടികളും യുവജനങ്ങളുമായി സംവദിക്കുന്ന മഹാ സംഗമം 'ഫ്യൂസ് 2022' ഓൺലൈൻ പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ചു.
'വേർപ്പെടുത്താനാവാത്ത വിധം ഒരുമിച്ചു സംയോജിപ്പിക്കാൻ' എന്ന ആശയമാണ് പരിപാടി മുന്നോട്ട് വെച്ചത്. 'യുവാക്കളും കുട്ടികളും ക്രൈസ്തവ മൂല്യങ്ങൾ മുറുകെപ്പിടിച്ച് സഭക്ക് മുതൽക്കൂട്ടാകണമെന്നും വർധിച്ചുവരുന്ന സാമുദായിക ഭിന്നതകളിൽ നിന്നും സാമൂഹിക അരാചകത്വങ്ങളിൽ നിന്നും വിട്ടു നിൽക്കണമെന്നും' അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് തൻ്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. ഇപ്പോൾ നടന്നുവരുന്ന സിനഡിന്റെ ഭാഗമെന്നാണ് പാലാ രൂപതാ പ്രവാസി സിനഡ് എന്നാണ് കല്ലറങ്ങാട്ട് ഈ സമ്മേളനത്തെ വിശേഷിപ്പിച്ചത്.
മംഗളവാർത്താ ദിനത്തിൽ നടന്ന യോഗത്തിൽ പരിശുദ്ധ ദൈവമാതാവിനോടുള്ള ഭക്തിയുടെ പ്രാധാന്യത്തെക്കുറിച്ചും മാർച്ചു മാസം യൗസേപ്പിതാവിന്റെ മാസം എന്ന നിലയിൽ യൗസേപ്പിതാവിനോടുള്ള മധ്യസ്ഥതയുടെ ശക്തിയുമെല്ലാം കല്ലറങ്ങാട്ട് പിതാവ് കഥകളിലൂടെ കുട്ടികൾക്ക് പകർന്നുനൽകി.
പാലാ എന്ന കുടുംബത്തിൽനിന്നും ലോകത്തിന്റെ ഭാഗങ്ങളിലായിരിക്കുന്ന പ്രവാസികൾ പാലാ എന്ന കുടുംബപ്പേരിന്റെ മഹത്വവും പേറുന്നവരാവണം. പാലായുടെ പാരമ്പര്യവും പ്രാർത്ഥനാ ശീലവും രാഷ്ട്രീയവും സംസ്കാരവും പേറുന്നവരാവണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
തുടർന്ന് നടന്ന ചോദ്യോത്തര പരിപാടിയിൽ കാലിക പ്രസക്തിയുള്ളതും വിശ്വാസ സംബന്ധികളുമായ കുട്ടികളുടെ ചോദ്യങ്ങൾക്ക് ലളിതമനോഹരമായ ഭാഷയിൽ മാർ ജോസഫ് കല്ലറങ്ങാട്ട് മറുപടി നല്കി. വൈദിക വൃത്തി തെരഞ്ഞെടുക്കാൻ പ്രചോദനമായ തന്റെ മാതാപിതാക്കളുടെയും അധ്യാപകരുടെയും വിശിഷ്യാ അക്രൈസ്തവനായ പ്രധാനാധ്യാപകന്റെയുമൊക്കെ പ്രോത്സാഹനങ്ങളെക്കുറിച്ച് ഒരു ചോദ്യത്തിന് ഉത്തരമായി അദ്ദേഹം വിവരിച്ചു. മതബോധനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ച അദ്ദേഹം മതബോധനം കുടുംബങ്ങളിൽ ആരംഭിക്കണം എന്ന് ഓർമ്മിപ്പിച്ചു.
സൂം പ്ലാറ്റഫോമിൽ നടന്ന ഓൺലൈൻ സംഗമത്തിൽ, യുഎഇയിൽനിന്നുള്ള അഭിന ഡെന്നിസ്, സെബിൻ സെബാസ്റ്റ്യൻ എന്നിവർ അവതാരകരായിരുന്നു. വിവിധ ജിസിസി രാജ്യങ്ങളിലുള്ള കുട്ടികളും യുവജനങ്ങളും മാതാപിതാക്കളും പങ്കെടുത്തു.
പാലാ രൂപതാ പ്രവാസി അപ്പസ്തോലേറ്റ് ഡയറക്ടർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ സ്വാഗതവും ഖത്തറിൽ നിന്നുള്ള സോഹൽ ആൻ സോയ് നന്ദിയും രേഖപ്പെടുത്തി. ഗ്ലോബൽ കോ ഓർഡിനേറ്റർ ഷാജി മങ്കുഴിക്കരി, മിഡി ലീസ്റ്റ് കോർഡിനേറ്റർ ജൂട്ടസ് പോൾ, ഫ്യൂസ് പ്രോഗ്രാം കോഓർഡിനേറ്റർ സോജിൻ ജോൺ, പാലാ രൂപതാ പ്രവാസി അപ്പസ്തോലേറ്റിന്റെ വനിത കോഓർഡിനേറ്ററും പ്രോഗ്രാമിന്റെ മീഡിയ പാർട്ണറായ സിന്യൂസ് ലൈവിന്റെ സിഇഒയുമായ ലിസി ഫെർണാണ്ടസ്, സെക്രട്ടറി രജിത് മാത്യു മുതലായവർ നേതൃത്വം നൽകിയ പരിപാടിയിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
ഗൾഫ് റീജിയണിൽ നിന്നുള്ള നൂറുകണക്കിന് കുട്ടികളും യുവാക്കളും പങ്കെടുത്ത ഈ പ്രോഗ്രാം വൻവിജയമായിരുന്നു എന്ന് സംഘാടകർ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.