അന്താരാഷ്ട്ര വനിതാ ദിനത്തിൽ മികച്ച തുടക്കം കുറിച്ചുകൊണ്ട് 'മഞ്ച്'ന്റെ പ്രവർത്തനോദ്ഘാടനം അവിസ്മരണീയമാക്കി:കൂടുതൽ മലയാളി വനിതകൾ ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നു വരണം : ഡോ ആനി പോൾ

അന്താരാഷ്ട്ര വനിതാ ദിനത്തിൽ മികച്ച തുടക്കം കുറിച്ചുകൊണ്ട് 'മഞ്ച്'ന്റെ പ്രവർത്തനോദ്ഘാടനം അവിസ്മരണീയമാക്കി:കൂടുതൽ മലയാളി വനിതകൾ ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നു വരണം : ഡോ ആനി പോൾ

ന്യൂജേഴ്‌സി: ബ്രേക്ക് ദ ബയാസ് അഥവാ പക്ഷപാതം ഇല്ലാതാക്കൂക എന്ന അന്തരാഷ്ട്ര വനിതാ ദിനത്തിന്റെ എല്ലാ അർത്ഥവും ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന സംഘടനയാണ് മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (മഞ്ച്) എന്ന് റോക്ക്‌ലാൻഡ് കൗണ്ടി ലെജിസ്ലേച്ചർ ഡോ. ആനീ പോൾ. മഞ്ചിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അന്തരാഷ്ട വനിതാ ദിനാഘോഷവും മഞ്ചിന്റെ 2021-2023 കമ്മിറ്റിയുടെ പ്രവർത്തനോദ്‌ഘാടനവും നിർവ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അവർ. 2012ൽ മഞ്ച് എന്ന സംഘടനാ രൂപകരിച്ച ശേഷം ഇന്നുവരെയുണ്ടായ 5 കമ്മിറ്റികളിൽ രണ്ടു തവണയും സംഘടനയെ നയിക്കാൻ വനിതകളെ തിരെഞ്ഞെടുത്ത നടപടി ശ്ലാഘനീയമാണ്. പക്ഷപാതത്തെ ഇല്ലാതാക്കൂ എന്ന അന്തരാഷ്ട്ര വനിതാ ഡനത്തിന്റെ ഈ വർഷത്തെ മുദ്രാവാക്യത്തിന്റെ അന്തഃസത്ത ഉൾക്കൊണ്ടു തന്നെ ഈ വർഷം മഞ്ചിനെ നയിക്കാൻ ഒരു വനിതയെ തെരഞ്ഞെടുത്തതിൽ മഞ്ചിന്റെ പ്രവത്തകരെ മുക്തകണ്ഠം പ്രശംസിക്കുന്നതായും ഡോ. ആനി പോൾ പറഞ്ഞു. മഞ്ചിന്റെ ഈ സദസിലേക്ക് നോക്കുമ്പോൾ സമസ്തമേഖലകളിലും മികവ് തെളിയിച്ച ഒരു കൂട്ടം വനിതകളെയാണ് കാണാൻ കഴിയുന്നതെന്ന് പറഞ്ഞ ആനി പോൾ ദേശീയ രാഷ്ട്രീയ രംഗത്തേക്ക് കൂടുതൽ മലയാളി വനിതകൾ മടികൂടാതെ കടന്നു വരണമെന്നും ആഹ്വാനാം ചെയ്തു.


ഡോ.ആനി പോൾ ഭദ്രദീപം കൊളുത്തിക്കൊണ്ടാണ് മഞ്ചിന്റെ പുതിയ കമ്മിറ്റിയുടെ പ്രവർത്തനോട്‌ഘാടനം നിർവഹിച്ചത്. ചടങ്ങിൽ സന്നിഹിതരായ ഫൊക്കാനയുടെ നേതാക്കളായ സെക്രെട്ടറി സജിമോൻ ആന്റണി, ഇന്റർനാഷണൽ കൺവെൻഷൻ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട് തുടങ്ങിയവർ ചേർന്നും തിരി തെളിയിച്ചു. തുടർന്ന് മഞ്ച് ട്രസ്റ്റി ബോർഡിന് വേണ്ടി ചെയർമാൻ ഷാജി വർഗീസ് തിരി തെളിയിച്ചു. ബോർഡ് മെമ്പർമാർ സന്നിഹിതരായിരുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റിക്കു വേണ്ടി പ്രസിഡണ്ട് ഷൈനി രാജു തിരി തെളിയിച്ചു. സെക്രട്ടറി ആന്റണി കല്ലക്കാവുങ്കൽ, ട്രഷറർ ഷിബു മാത്യു തുടങ്ങിയവർ സന്നിഹിതരായിരുന്നു. വിമൻസ് ഫോറത്തിന് വേണ്ടി ചെയർപേഴ്സൺ മഞ്ജു ചാക്കോ തിരി തെളിയിച്ചു. കമ്മിറ്റി അംഗങ്ങളെ പ്രതിനിധീകരിച്ച് ഷിജിമോൻ ആന്റണി, അരുൺ ചെമ്പരത്തി എന്നിവർ തിരി തെളിയിച്ചു.

ബ്രേക്ക് ദി ബയാസ് എന്ന അന്താരാഷ്ട്ര വനിതാ ദിനത്തിലെ മുദ്രാവാക്യത്തെ എല്ലാ അർത്ഥത്തിലും സ്വീകരിച്ച മഞ്ചിന്റെ ഈ വർഷത്തെ പ്രസിഡണ്ട് ആയി തെരെഞ്ഞെടുക്കപ്പെട്ട ഡോ. ഷൈനി രാജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തന്റെ നേതൃത്വത്തിലുള്ള ഭരണസമിതി സ്ത്രീകളെയും യുവജനങ്ങളെയും കുട്ടികളെയും മുൻനിർത്തിയുള്ള നിരവധി പരിപാടികൾ ആസൂത്രണം ചെയ്തുവരികയാന്നെന്ന് ഡോ. ഷൈനി പറഞ്ഞു. ഏറെ കഷ്ടത നിറഞ്ഞ സമയമായിട്ടുകൂടി മനോജ്- ഫ്രാൻസിസ്- ഗാരി എന്നിവരുടെ നേതൃത്വത്തിലുള്ള മുൻ കമ്മിറ്റിയുടെ പ്രവർത്തനകാലഘട്ടം മഞ്ചിന്റെ സുവർണ കാലഘട്ടമെന്നു വിശേഷിപ്പിച്ച ഡോ. ഷൈനി തന്റെ മുൻഗാമികളെ അനുമോദിക്കുകയും മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തു.


രണ്ടു ഭാഗങ്ങളിലായി നടന്ന ചടങ്ങിൽ ആദ്യ വിഭാഗത്തിൽ മഞ്ച് ട്രസ്റ്റി ബോർഡ് അംഗം രാജു ജോയി അവതാരകനായിരുന്നു. ട്രസ്റ്റി ബോർഡ് ചെയർമാൻ ഷാജി വർഗീസ് ആശംസ നേർന്നു. ഫൊക്കാന സെക്രെട്ടറി സജിമോൻ ആന്റണി ഫൊക്കാന കൺവെൻഷനെക്കുറിച്ചും ഫൊക്കാനയുടെ പ്രവർത്തന വിജയങ്ങളെക്കുറിച്ചുമുള്ള കാര്യങ്ങൾ അവതരിപ്പിച്ചു.

തുടർന്ന് മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി മഞ്ചിന്റെ ഔദ്യോഗിക രേഖകൾ പുതിയ കമ്മിറ്റിക്ക് കൈമാറി. മുൻ സെക്രെട്ടറി ഫ്രാൻസിസ് തടത്തിൽ ഇപ്പോഴത്തെ സെക്രെട്ടറി ആന്റണി കല്ലക്കാവുങ്കലിനു നൽകിക്കൊണ്ടാണ് രേഖകൾ കൈമാറ്റം ചെയ്തത്.

മഞ്ച് ട്രഷറർ ഷിബു മാത്യു മാടക്കാട്ട്, ജോയിന്റ് സെക്രെട്ടറി അനിൽ ചാക്കോ, ജോയിന്റ് ട്രഷറർ അനീഷ് ജെയിംസ്, മുൻ പ്രസിഡണ്ട് മനോജ് വട്ടപ്പള്ളിൽ, മുൻ സെക്രെട്ടറി ഫ്രാൻസിസ് തടത്തിൽ, മുൻ ട്രഷറർ ഗാരി നായർ, ചാരിറ്റി ചെയർ ഷിജിമോൻ മാത്യു, കൾച്ചറൽ ചെയർ ഷൈൻ ആൽബർട്ട് കണ്ണമ്പിള്ളി, ഓഡിറ്റർ ആൽബർട്ട് ആന്റണി കണ്ണമ്പിള്ളി, ടെക്‌നിക്കൽ കോർഡിനേറ്റർ ലിന്റോ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. മഞ്ച് വിമൻസ് ഫോറം ചെയർപേഴ്സൺ മഞ്ജു ചാക്കോ സ്വാഗതവും മഞ്ച് സെക്രെട്ടറി ആന്റണി കല്ലക്കാവുങ്കൽ നന്ദിയും പറഞ്ഞു.ജൂബി മത്തായി, സുമ ചെറിയാൻ എന്നിവർ പ്രാർത്ഥന ഗാനം ആലപിച്ചു. ജോവാന മനോജ് നൃത്തം അവതരിപ്പിച്ചു.



തുടർന്ന് രണ്ടാം ഭാഗമായി നടന്ന അന്താരാഷ്ട്ര വനിതാ ദിനത്തിൽ അവതാരകയായിരുന്ന നെസി തോമസ് തടത്തിൽ വിമൻസ് ഡേയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള വിശദമായ പ്രഭാഷണം നടത്തി.

സ്ത്രീകൾക്ക് നേരെയുള്ള പക്ഷ പാതത്തെ ചെറുത്തു തോൽപ്പിക്കു (break the bias) എന്ന അന്തരാഷ്ട്ര വനിതാ ദിനത്തിലെ മുദ്രാവാക്യം ഓർമിപ്പിച്ചുകൊണ്ട് വിഷയാവതരണം നടത്തിയ മഞ്ച് കുടുംബാംഗവും ന്യൂജേഴ്‌സിയിലെ സെന്റ് ബർണബാസ്‌ മെഡിക്കൽ ഗ്രൂപ്പിലെ അക്യൂട്ട്കെയർ നഴ്സ് പ്രാക്ടീഷണറുമായ നെസി തോമസ് തടത്തിൽ, സമൂഹത്തിലെ വിവിധ മേഖലകളിൽ സ്ത്രീകൾ നടത്തിവരുന്ന മുന്നേറ്റങ്ങൾക്ക് സമൂഹത്തിൽ നിലനിൽക്കുന്ന മനപൂർവ്വവും ബോധപൂർവമായ ചില പക്ഷപാതപരമായ നടപടിപടികൾ ഏറെ തടസം സൃഷിക്കുന്നതിനാലാണ് ലോക വനിതാ ദിനം ഈ വർഷം ബ്രെക്ക് ദി ബയാസ് എന്ന മുദ്രാവാക്യം തെരെഞ്ഞെടുത്തതെന്നും വ്യകത്മാക്കി.

ലോകത്ത് അഞ്ചിൽ ഒരു സ്ത്രീ എങ്കിലും ജീവിതത്തിൽ ലൈംഗിക അതിക്രമത്തിന് ഇടയാകേണ്ടി വരുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആഗോളതലത്തിൽ 83 ശതമാനം സ്ത്രീകളും 43 ശതമാനം പുരുഷന്മാരും ലൈംഗിക അതിക്രമത്തിന് ഇരയാകുന്നുണ്ട്. ഇതിനുള്ള ഏക പരിഹാരം ഇത്തരം അക്രമത്തിനിരയാകുന്ന സ്ത്രീകൾ മൗനത്തിന്റെ വാല്മീകം വെടിഞ്ഞ് ഇത്തരം അക്രമത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ തയാറാകണമെന്നും നെസി നിർദ്ദേശിച്ചു.(നെസിയുടെ സന്ദേശത്തിന്റെ പൂർണ രൂപം തുടർന്നു പ്രസിദ്ധീകരിക്കുന്ന മറ്റൊരു ലേഖനത്തിൽ വിവരിക്കുന്നുണ്ട്)


സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മേഖലകളിൽ വർണ-വർഗ-ലിംഗ വിവേചനങ്ങൾ ഉണ്ടാകാറില്ലെന്ന് തുടർന്ന് വനിതാ ദിന സന്ദേശം നൽകിയ പ്രമുഖ ഗണിതശാത്ര അധ്യാപികയും വെസ്റ്റിപോയിന്റ് അക്കാഡമിയിലെ വെസ്റ്റ് പോയിന്റ് അക്കാഡമി റിസർച്ച് കൗൺസിൽ ഡെപ്യൂട്ടി ചെയർ കൂടിയായ ഡോ. ഡയാന തോമസ് പറഞ്ഞു. ജർമ്മനിയിൽ ജനിച്ച് അഞ്ചാം വയസിൽ ഈസ്റ്റൺ മൗണ്ടനായിൽ എത്തിപ്പെട്ട താൻ അനുഭങ്ങളിൽ നിന്നുണ്ടായ പാഠങ്ങളാണ് ഡോ. ഡയാന വ്യകത്മാക്കിയത്. അമേരിക്കയിൽ ഇത്രയേറെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിൽക്കുന്ന മറ്റൊരു സംസ്ഥാനമുണ്ടെന്നു തോന്നുന്നില്ല. എന്നാൽ ഒരു അക്കാഡമിഷ്യൻ ആയതിനു ശേഷം തനിക്ക് വിവേചനങ്ങൾ നിറഞ്ഞ കൂടുതൽ വേറിട്ട അനുഭവങ്ങൾ ആണ് ഉണ്ടായതെന്നും അവർ വിവരിച്ചു. (അതേക്കുറിച്ച് തുടർന്നു പ്രസിദ്ധീകരിക്കുന്ന മറ്റൊരു ലേഖനത്തിൽ വിവരിക്കുന്നുണ്ട്)

ഒരേ ജോലിക്ക് രണ്ടു തരം ശമ്പളം നൽകി ലിംഗ വിവേചനത്തിന് ഇരയാകേണ്ടി വന്ന അനുഭവം വിവരിച്ചുകൊണ്ടാണ് ന്യൂജേഴ്സിയിലെ പ്രമുഖ ക്രിട്ടിക്കൽ കെയർ- ഇന്റെർനൽ മെഡിസിൻ ബോർഡ് സെർട്ടിഫൈഡ് ഫിസിഷ്യൻ ആയ ഡോ.ജൂലി തന്റെ അനുഭവങ്ങൾ പങ്കു വച്ചത്. സ്ത്രീയായി ജനിച്ചു എന്ന കാരണത്താൽ ഇത്തരത്തിൽ വിവേചനമനുഭവിക്കുന്ന നിരവധി പേര് ഉണ്ടെന്നു വ്യക്തമാക്കിയ ഡോ. ജൂലി തൻറെ ജീവിതാനുഭങ്ങളിലൂടെ കടന്നുപോയി നിരവധി സംഭവങ്ങൾ വിവരിച്ചു.(അതേക്കുറിച്ച് മറ്റൊരു ലേഖനത്തിൽ വിവരിക്കുന്നുണ്ട്).



സമൂഹത്തിന്റെ വിവിധ തുറകളിൽ സാമൂഹ്യ സന്നദ്ധ പ്രവർത്തനം നടത്തി വരുന്ന ന്യൂജേഴ്‌സിയിൽ നിന്നുള്ള മൂന്നു പ്രമുഖരായ വനിതാ പ്രതിഭകളെ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മഞ്ച് ആദരിച്ചു.

ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രിയിൽ ഐ.ടി. പ്രൊഫഷണൽ രംഗത്ത് എക്സിക്യൂട്ടീവ് മാനേജ്‌മന്റ് പ്രൊഫഷണൽ ആയി 20 ലേറെ വർഷം ഉന്നത തലത്തിൽ സേവനം ചെയ്തു വരുന്ന റോസ്‌ലിൻ ഡാനിയേൽ, മികച്ച വനിതാ സംഘാടക, സാമൂഹ്യ പ്രവർത്തക, മനുഷ്യാവകാശ പ്രവർത്തക എന്നീ മേഖലകൾക്ക് പുറമെ സിനിമ- കലാ- സാംസ്കാരിക രംഗത്തും മറ്റു നിരവധി പ്രവർത്തന രംഗത്തും സ്തുത്യർഹ്യമായ പ്രവർത്തനം കാഴ്ച്ച വച്ചു വരുന്ന ആനി ലിബു, മനുഷ്യവകാശ പ്രവർത്തക, കാരുണ്യ പ്രവർത്തക, മികച്ച സംഘാടക തുടങ്ങിയ നിരവധി മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയായ ഷീല ശ്രീകുമാർ എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്.

അമേരിക്കയിലും നാട്ടിലുമായി നിരവധി സന്നദ്ധ സേവനങ്ങൾ ചെയ്തുവരുന്ന സന്നദ്ധ പ്രവർത്തകകൂടിയായ റോസ്‌ലിനു മികച്ച സേവനത്തിനുള്ള അംഗീകാരമായി മഞ്ചിന്റെ ഫലകം ഡോ. ആനി പോൾ സമ്മാനിച്ചു. ഐ.ടി. രംഗത്ത് നിരവധി മലയാളികൾക്ക് ജോലിക്കു വേണ്ട സഹായങ്ങളും മാർഗനിർദേശങ്ങളും നൽകാറുള്ള റോസ്‌ലിനെ ഡോ.ആനി പോൾ അനുമോദിച്ചു.

വേൾഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കമ്മിഷൻ അംഗം, കേരള ലോക സഭ അംഗം, SEDOS ഗ്ലോബൽ ചെയർപേഴ്സൺ , DMC, നോർത്ത് അമേരിക്കൻ ഫിലിം അവാർഡ് (NAFA) ന്റെ സംഘാടകരിൽ ഒരാൾ തുടങ്ങി നിരവധി മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ഡോ. ആനി ലിബുവിന് ഫൊക്കാനയുടെ പ്രമുഖ വനിതാ നേതാവും മുൻ വിമൻസ് ഫോറം ചെയർപേഴ്സൺകൂടിയായിരുന്ന ലീല മാരേട്ട് മഞ്ചിന്റെ ഉപഹാരമായി ഫലകം സമർപ്പിച്ചു. കേരളത്തിൽ മുൻ വർഷങ്ങളിൽ ഉണ്ടായ മഹാപ്രളത്തിൽപ്പെട്ടവർക്ക് കൈത്താങ്ങായി പ്രവർത്തിക്കുകയും ഇപ്പോൾ റഷ്യ- യുക്രൈൻ യുദ്ധത്തിൽ കുടുങ്ങിപ്പോയ മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനുള്ള ഇവാക്യൂവേഷൻ ടീമിലും പ്രവർത്തിച്ച ആനി ലിബുവിനെ ലീല മാരേട്ട് അനുമോദിച്ചു.

കരുണ ചാരിറ്റബിൾ സൊസൈറ്റിയുടെ അമരത്ത് നിരവധി തവണ ഇരുന്നിട്ടുള്ള ഷീല ശ്രീകുമാറിനോടുള്ള ആദരവായുള്ള ഫലകം ഫൊക്കാന മുൻ പ്രസിഡണ്ടും ഇന്റർനാഷണൽ കൺവെൻഷൻ കോർഡിനറ്ററുമായ പോൾ കറുകപ്പള്ളിൽ സമ്മാനിച്ചു. ഇന്ത്യയിലും അമേരിക്കയിലുമായി നിരവധി നിരാലംബർക്കും ആലംബഹീനർക്കും എന്നും കൈത്താങ്ങാകാറുള്ള ഷീലയെ പോൾ കറുകപ്പള്ളിൽ അഭിനന്ദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.