പണിമുടക്ക് തുടങ്ങി: കേരളത്തില്‍ ഹര്‍ത്താല്‍ പ്രതീതി; അവശ്യ സര്‍വീസുകള്‍ മാത്രം

 പണിമുടക്ക് തുടങ്ങി: കേരളത്തില്‍ ഹര്‍ത്താല്‍ പ്രതീതി; അവശ്യ സര്‍വീസുകള്‍ മാത്രം

കൊച്ചി : കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ പിന്‍വലിക്കുന്നതടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബി.എം.എസ് ഒഴികെയുള്ള ഇരുപതോളം തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ പൊതു പണിമുടക്ക് ഇന്നലെ അര്‍ധരാത്രി മുതല്‍ ആരംഭിച്ചു. 29ന് രാത്രി 12 മണിവരെയാണ് പണിമുടക്ക്.

കേരളത്തില്‍ പണിമുടക്ക് ഹര്‍ത്താല്‍ പ്രതീതിയാണ്. സ്വകാര്യ വാഹനങ്ങള്‍ തടയുന്നില്ലെങ്കിലും റോഡുകളില്‍ വാഹനങ്ങള്‍ നന്നേ കുറവാണ്. കെ.എസ്.ആര്‍.ടി.സി അവശ്യ സര്‍വീസുകള്‍ മാത്രമാണ് നടത്തുന്നത്. ഓട്ടോ, ടാക്‌സി സര്‍വീസുകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുന്നത് കാരണം ജന ജീവിതത്തെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കി.

ആശുപത്രി, ആംബുലന്‍സ്, മരുന്നുകടകള്‍, പാല്‍, പത്രം, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ പോലുള്ള ആവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, അവശ്യ പ്രതിരോധ സേവന നിയമം റദ്ദാക്കുക, കര്‍ഷകരുടെ ആറ് ആവശ്യങ്ങള്‍ അടങ്ങിയ അവകാശ പത്രിക ഉടന്‍ അംഗീകരിക്കുക, പൊതുമേഖലാ സ്വകാര്യവല്‍ക്കരണവും, ദേശീയ ആസ്തി വില്‍പനയും നിര്‍ത്തിവയ്ക്കുക തുടങ്ങിയവയാണ് തൊഴിലാളി യൂണിയനുകളുടെ പ്രധാന ആവശ്യങ്ങള്‍.

കൊവിഡ് കാല പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ആദായനികുതിയില്ലാത്ത പാവപ്പെട്ടവര്‍ക്ക് പ്രതിമാസം 7500 രൂപ നല്‍കുക, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷാ പദ്ധതി നടപ്പാക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം കൂട്ടുക, കൂടുതല്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കുക, നിലവിലുള്ളവയ്ക്ക് താങ്ങുവില കൂട്ടുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിക്കുന്നുണ്ട്.

ദേശീയ പണിമുടക്ക് ട്രഷറികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. പണിമുടക്ക് മുന്നില്‍ കണ്ട് ബില്ലുകള്‍ മാറുന്നതില്‍ ക്രമീകരണങ്ങള്‍ക്കായി ഞായറാഴ്ചയായിട്ടും ഇന്നലെ ട്രഷറി പ്രവര്‍ത്തിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.