നാട്ടുകാരുടെ പ്രതിഷേധം: സില്‍വര്‍ ലൈന്‍ വിശദീകരണത്തിന് വെണ്മണിയിലെത്തിയ സിപിഎം നേതാക്കള്‍ തടിതപ്പി

നാട്ടുകാരുടെ പ്രതിഷേധം: സില്‍വര്‍ ലൈന്‍ വിശദീകരണത്തിന് വെണ്മണിയിലെത്തിയ സിപിഎം നേതാക്കള്‍ തടിതപ്പി

ചെങ്ങന്നൂര്‍: വെണ്‍മണി പുന്തലയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ച് വിശദീകരണത്തിനെത്തിയ സിപിഎം നേതാക്കളെ തുരത്തി നാട്ടുകാര്‍. ഇതുവഴി ലൈന്‍ കടന്നു പോകുന്നതിനു യോജിപ്പുള്ള ആളല്ല താനെന്നു ലോക്കല്‍ കമ്മിറ്റി അംഗം വിശദീകരണത്തിനിടെ പറഞ്ഞത് പാര്‍ട്ടിയില്‍ തന്നെ വിവാദമായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം വെണ്‍മണി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് പുന്തലയിലെത്തിയ ജനപ്രതിനിധികളും ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെയുള്ളവരെയാണ് നാട്ടുകാര്‍ തുരത്തിയത്. ഒരു ന്യായീകരണവും കേള്‍ക്കേണ്ടെന്നും കിടപ്പാടം വിട്ടിറങ്ങാന്‍ തയാറല്ലെന്നും ഇവര്‍ നേതാക്കളോടു പറഞ്ഞു. അത്രയ്ക്കു നിര്‍ബന്ധമാണെങ്കില്‍ നിങ്ങളുടെ വസ്തു ഞങ്ങള്‍ക്ക് എഴുതി തരൂ, അപ്പോള്‍ വീടു വിട്ടിറങ്ങാം എന്നായിരുന്നു ചിലരുടെ പ്രതികരണം.

വിശദീകരണം ഉള്‍പ്പെടുത്തിയ ലഘുലേഖകള്‍ വാങ്ങാനും നാട്ടുകാര്‍ തയാറായില്ല. പ്രതിഷേധം കനത്തതോടെ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം എത്തിയതാണെന്നു പറഞ്ഞു നേതാക്കള്‍ തടിതപ്പി. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

രോഷാകുലരായ നാട്ടുകാരെ സമാധാനിപ്പിക്കുന്നതിനിടെ നിങ്ങളുടെ വീടുകള്‍ നഷ്ടമാകുന്നതിനോ ഇതുവഴി ലൈന്‍ കടന്നുപോകുന്നതിനോ വ്യക്തിപരമായി യോജിപ്പുള്ള ആളല്ല താന്‍ എന്നു ലോക്കല്‍ കമ്മിറ്റി അംഗം പറയുന്നതും വിഡിയോയില്‍ ഉണ്ട്. വെണ്‍മണി പഞ്ചായത്തില്‍ 1.70 കിലോമീറ്റര്‍ ദൂരത്തിലാണു ലൈന്‍ കടന്നുപോകുന്നത്. 2.06 ഹെക്ടര്‍ ഏറ്റെടുക്കേണ്ടി വരും. മുളക്കുഴ, വെണ്‍മണി പഞ്ചായത്തുകളിലായി 67 വീടുകള്‍ പൂര്‍ണമായും 43 വീടുകള്‍ ഭാഗികമായും നഷ്ടമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.