ജനജീവിതം സ്തംഭിപ്പിച്ച് പണിമുടക്ക്: ജോലിക്കെത്തിയവരെ തടഞ്ഞു; വാഹനങ്ങളും തടയുന്നു

ജനജീവിതം സ്തംഭിപ്പിച്ച് പണിമുടക്ക്: ജോലിക്കെത്തിയവരെ തടഞ്ഞു; വാഹനങ്ങളും തടയുന്നു

തിരുവനന്തപുരം: ജനജീവിതം സ്തംഭിപ്പിച്ച് ദേശീയ പണിമുടക്ക്. പലയിടത്തും നിരത്തുകള്‍ വിജനമാണ്. ചില സ്ഥലങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പടെ തടഞ്ഞ് സമരാനുകൂലികള്‍ താക്കോല്‍ ഊരിയെടുത്തു. കെഎസ്ആര്‍ടിസിയും സര്‍വീസ് നടത്തുന്നില്ല. കോടതി പണിമുടക്ക് നിരോധിച്ച കൊച്ചി ബിപിസിഎല്ലില്‍ ഒരു വിഭാഗം തൊഴിലാളികള്‍ പ്രതിഷേധിക്കുന്നുണ്ട്. കൊച്ചി ഫാക്ടിലും പാലക്കാട് കിന്‍ഫ്ര പാര്‍ക്കിലും ജോലിക്കെത്തിയവരെ സമരാനുകൂലികള്‍ തടഞ്ഞു.

വാണിജ്യ വ്യാപാര സ്ഥാപനങ്ങളിലേയും, മോട്ടോര്‍ വാഹന മേഖലയിലേയും തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതാണ് കേരളത്തിലെ ജനജീവിതം സ്തംഭിക്കാന്‍ കാരണം. കേന്ദ്ര തൊഴില്‍ നയങ്ങള്‍ക്കെതിരെ, തൊഴിലാളി സംഘടനകളാണ് 48 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ബിഎംഎസ് ഒഴികെയുള്ള ഇരുപതോളം തൊഴിലാളി സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.

കൂടാതെ പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിനെതിരെ ബാങ്കിങ് സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം ഇപ്പോള്‍ തന്നെ ആളുകള്‍ക്ക് ആഹാരം പോലും ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നുണ്ട്.

സംസ്ഥാനത്ത് പലയിടത്തും തൊഴിലാളികളെ ബലം പ്രയോഗിച്ച് തിരിച്ചയയ്ക്കുകയാണ്. കൊച്ചിന്‍ റിഫൈനറി മേഖലയിലും വാഹനങ്ങള്‍ വ്യാപകമായി തടയുന്നുണ്ട്. കിറ്റെക്‌സിലേക്ക് ജോലിക്കാരുമായി പോയ ബസ് തടഞ്ഞു. കൊച്ചി ബി പി സി എല്ലില്‍ ജോലിക്കെത്തിയവരെയും തടഞ്ഞു.

അതേസമയം ആശുപത്രി, ആംബുലന്‍സ്, മെഡിക്കല്‍ ഷോപ്പുകള്‍, പാല്‍, പത്രം, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ പോലുള്ള ആവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കേരളത്തില്‍ പണിമുടക്ക് വലിയ രീതിയില്‍ ബാധിച്ചെങ്കിലും മുംബൈ, ഡല്‍ഹി, ചെന്നൈ ഉള്‍പ്പടെയുള്ള മഹാനഗരങ്ങളില്‍ ജനജീവിതം സാധാരണ നിലയിലാണെന്നാണ് റിപ്പോര്‍ട്ട്. നാളെ അര്‍ധരാത്രി 12 വരെയാണ് പണിമുടക്ക്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.