ന്യുഡല്‍ഹി: വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, തിരൂരങ്ങാടി അലി മുസ്‌ലിയാര്‍ എന്നിവരുള്‍പ്പെടെ മലബാറിലെ മാപ്പിള കലാപത്തിലെ ഇരുന്നൂറോളം രക്തസാക്ഷികളെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ ഔദ്യോഗിക പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഇവരെ ഒഴിവാക്കാനുള്ള ശുപാര്‍ശ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐ സി എച്ച് ആര്‍) അംഗീകരിച്ചു. ഞായറാഴ്ച നടന്ന ഐ സി എച്ച് ആറിന്റെ ജനറല്‍ കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനം കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തെ അറിയിക്കും.
ഇതോടെ നിഘണ്ടുവിലെ അഞ്ചാം വാല്യമായ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ (1857-1947) പുതിയ പതിപ്പില്‍ മലബാര്‍ കലാപ വീരന്മാരുടെ പേരുകള്‍ ഉണ്ടാകില്ലെന്ന് വ്യക്തമായി. ഐ സി എച്ച് ആര്‍ ഡയറക്ടര്‍ (റിസര്‍ച്ച് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍) ഓംജി ഉപാധ്യായ, ഐ സി എച്ച് ആര്‍ അംഗവും കോട്ടയം സി എം എസ് കോളജിലെ റിട്ടയേര്‍ഡ് പ്രൊഫസറുമായ സി ഐ ഐസക്, ഐ സി എച്ച് ആര്‍ അംഗം ഹിമാന്‍ഷു ചതുര്‍വേദി എന്നിവരടങ്ങുന്ന പാനല്‍ ഇത് സംബന്ധിച്ച് നല്‍കിയ ശുപാര്‍ശ ഐ സി എച്ച് ആര്‍ ജനറല്‍ കൗണ്‍സില്‍ യോഗം അംഗീകരിച്ചു.
പുസ്തകത്തിന്റെ അഞ്ചാം വാല്യത്തില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികളുടെ പേരുകളും ഉള്‍പ്പെടുന്നുണ്ട്. മലബാര്‍ കലാപത്തിലെ വീരന്മാരെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികളായി സര്‍ക്കാര്‍ ഔദ്യോഗികമായി കണക്കാക്കുന്നതില്‍ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഐ സി എച്ച് ആര്‍ മൂന്നംഗ സമിതിയെ നിയോഗിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മൂന്നംഗ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ കോവിഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ചതിനാല്‍ ഐ സി എച്ച് ആറിന്റെ ജനറല്‍ കൗണ്‍സില്‍ യോഗം പിന്നീട് നടക്കാത്തതിനാല്‍ വളരെ കാലമായി തുടര്‍ നടപടികളൊന്നും ഉണ്ടായില്ല.
മതപരിവര്‍ത്തനത്തെ ലക്ഷ്യം വെച്ചുള്ള മതമൗലികവാദ പ്രസ്ഥാനമായിരുവെന്നാണ് മലബാര്‍ സമരത്തെക്കുറിച്ച് മൂന്നംഗ സമിതി പറയുന്നത്. സമരക്കാര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ദേശീയതയ്ക്ക് അനുകൂലമോ ബ്രിട്ടീഷ് വിരുദ്ധമോ ആയിരുന്നില്ലെന്ന് സമിതി നിരീക്ഷിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.