ക്രൂര പീഡനങ്ങള്‍ ഏറ്റുവാങ്ങി രക്തസാക്ഷിത്വം വരിച്ച വിശുദ്ധന്‍മാരായ ജോനാസും ബറാചിസിയൂസും

ക്രൂര പീഡനങ്ങള്‍ ഏറ്റുവാങ്ങി രക്തസാക്ഷിത്വം വരിച്ച വിശുദ്ധന്‍മാരായ ജോനാസും ബറാചിസിയൂസും

അനുദിന വിശുദ്ധര്‍ - മാര്‍ച്ച് 29

പേഴ്‌സ്യന്‍ രാജാവായ സാപൊര്‍ തന്റെ ഭരണത്തിന്റെ പതിനെട്ടാം വര്‍ഷം ക്രിസ്ത്യാനികള്‍ക്കെതിരെ രക്തരൂഷിതമായ മതപീഡനം ആരംഭിച്ചു. നിരവധി ദേവാലയങ്ങളും ആശ്രമങ്ങളും തകര്‍ക്കപ്പെട്ടു.

ബേത്ത്-അസാ എന്ന നഗരത്തില്‍ ജീവിച്ചിരുന്ന സഹോദരന്‍മാരായിരുന്ന ജോനാസും ബറാചിസിയൂസും ഹുബാബാ എന്ന പ്രദേശത്ത് ക്രിസ്ത്യാനികള്‍ വധിക്കപ്പെടാന്‍ പോകുന്നുവെന്നറിഞ്ഞ് അവിടെയെത്തി അവരെ ആശ്വസിപ്പിച്ചു. എന്നാല്‍ വൈകാതെ അവര്‍ വധശിക്ഷയ്ക്ക് വിധേയരായി.

ഇതിനിടെ ജോനാസിനേയും ബറാചിസിയൂസിനേയും സൈന്യം പിടികൂടി. പേഴ്‌സ്യന്‍ രാജാവിനെ അനുസരിക്കുവാനും സൂര്യന്‍, ചന്ദ്രന്‍, അഗ്‌നി, ജലം എന്നിവയെ ആരാധിക്കുവാന്‍ ന്യായാധിപന്‍ വിശുദ്ധന്‍മാരോട് ആവശ്യപ്പെട്ടു. 'സ്വര്‍ഗത്തിന്റേയും, ഭൂമിയുടേയും അനശ്വരനായ രാജാവായ സ്വര്‍ഗീയ പിതാവിനെ ആരാധിക്കുന്നതാണ് യഥാര്‍ത്ഥ ആരാധന' എന്നായിരുന്നു അവരുടെ മറുപടി.

ഇതില്‍ കോപാകുലരായ ന്യായാധിപന്‍ ബറാചിസിയൂസിനെ ഒരു ഇടുങ്ങിയ തുറുങ്കില്‍ അടക്കുകയും ജോനാസിനെ സൂര്യന്‍, ചന്ദ്രന്‍, അഗ്‌നി, ജലം എന്നിവക്ക് ബലിയര്‍പ്പിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഇതിനു വഴങ്ങാത്ത അദ്ദേഹത്തെ അവര്‍ ഗദകൊണ്ടും വടികള്‍ കൊണ്ടും മര്‍ദ്ദിക്കുവാന്‍ തുടങ്ങി.

ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും വിശുദ്ധന്‍ തുടര്‍ച്ചയായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഇതേ തുടര്‍ന്ന് ന്യായാധിപന്‍ വിശുദ്ധന്റെ പാദങ്ങള്‍ കയറുകൊണ്ട് ബന്ധിച്ചശേഷം തണുത്തുറഞ്ഞ ജലം നിറഞ്ഞ കുളത്തിലേക്കെറിഞ്ഞു.

അത്താഴത്തിനു ശേഷം ന്യായാധിപന്‍ ബറാചിസിയൂസിനെ വിളിപ്പിക്കുകയും തന്റെ സഹോദരനായ ജോനാസ് തങ്ങളുടെ ദൈവങ്ങള്‍ക്ക് ബലിയര്‍പ്പിച്ചുവെന്ന് കള്ളം പറയുകയും ചെയ്തു. ഇത് കേട്ട വിശുദ്ധന്‍ അത് അസാധ്യമാണെന്ന് പറയുകയും കര്‍ത്താവായ ദൈവത്തിന്റെ ശക്തിയെക്കുറിച്ച് ആവേശത്തോടുകൂടി അത്യുച്ചത്തില്‍ സംസാരിക്കുകയും ചെയ്തു.

തുടര്‍ന്ന് ചുട്ടുപഴുത്ത ഇരുമ്പ് തകിടുകള്‍ കൊണ്ടും ചുറ്റികകള്‍ കൊണ്ടും അവര്‍ വിശുദ്ധനെ അതിക്രൂരമായി പീഡിപ്പിക്കുവാന്‍ തുടങ്ങി. വിശുദ്ധന്റെ നാസാദ്വാരങ്ങളിലും കണ്ണുകളിലും ഉരുകിയ ഈയം ഒഴിച്ചശേഷം തടവറയില്‍ കൊണ്ടുപോയി ഒറ്റക്കാലില്‍ കെട്ടിത്തൂക്കി.

പിന്നീട് കുളത്തില്‍ നിര്‍ത്തിയിരുന്ന വിശുദ്ധ ജോനാസിനെ കൊണ്ടു വന്നു. കഴിഞ്ഞ രാത്രിയിലെ പീഡനത്തെപ്പറ്റി പരിഹസിച്ചു കൊണ്ട് ഭരണാധികാരികള്‍ ചോദിച്ചപ്പോള്‍, തന്റെ ജീവിതത്തില്‍ ഇത്രയും ആസ്വാദ്യകരമായ ഒരു രാത്രി എനിക്ക് ഓര്‍ക്കുവാന്‍ കഴിയുന്നില്ലെന്നാണ് വിശുദ്ധന്‍ പറഞ്ഞത്. ബറാചിസിയൂസ് തന്റെ വിശ്വാസം ഉപേക്ഷിച്ചതായി അവര്‍ ജോനാസിനോട് കള്ളം പറഞ്ഞു.

'വളരെ മുന്‍പ് തന്നെ അവന്‍ സാത്താനേയും അവന്റെ മാലാഖമാരേയും ഉപേക്ഷിച്ചതായി എനിക്കറിയാം' എന്നായിരുന്നു വിശുദ്ധന്റെ മറുപടി. തുടര്‍ന്ന് യേശുവിനെക്കുറിച്ചും ഭൗതീക ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചും ഒട്ടും തന്നെ ഭയംകൂടാതെ വിശുദ്ധന്‍ അവരോടു പറഞ്ഞു.

വിധികര്‍ത്താക്കള്‍ ജോനാസിന്റെ കൈ വിരലുകളും കാല്‍ വിരലുകളും മുറിച്ച് കളഞ്ഞു. പിന്നീട് അദ്ദേഹത്തിന്റെ തലയോട്ടിയില്‍ നിന്നും ചര്‍മ്മം വേര്‍തിരിക്കുകയും നാവരിഞ്ഞു മാറ്റുകയും തിളച്ച വെള്ളത്തിലേക്ക് എറിയുകയും ചെയ്തു.

എന്നാല്‍ തിളച്ചവെള്ളത്തിനും സത്യദൈവത്തിന്റെ ദാസനെ ഒന്നും ചെയ്യുവാന്‍ കഴിയാതെ വന്നപ്പോള്‍ മരപ്പലകകള്‍ക്കിടയില്‍ കിടത്തി വിശുദ്ധനെ ഞെരുക്കുകയും ഇരുമ്പ് വാളിനാല്‍ അദ്ദേഹത്തിന്റെ ശരീരം വെട്ടി നുറുക്കി കൊലപ്പെടുത്തുകയും ശരീരാവശിഷ്ടങ്ങള്‍ മറ്റുള്ള ക്രിസ്ത്യാനികള്‍ കൊണ്ട് പോകാതിരിക്കുവാന്‍ കാവല്‍ക്കാരെ നിയോഗിക്കുകയും ചെയ്തു.

അടുത്തത് വിശുദ്ധ ബറാചിസിയൂസിന്റെ ഊഴമായിരുന്നു. തന്റെ ശരീരം രക്ഷിക്കുന്നതിനായി വിശ്വാസം ഉപേക്ഷിക്കുവാന്‍ വിശുദ്ധനോടാവശ്യപ്പെട്ടെങ്കിലും 'എന്റെ ശരീരം ഞാന്‍ സൃഷ്ടിച്ചതല്ല, അതിനാല്‍ അത് നശിപ്പിക്കുവാന്‍ എനിക്കധികാരവുമില്ല. ഇതിന്റെ സൃഷ്ടാവായ ദൈവം തന്നെ അത് പൂര്‍വ്വസ്ഥിതിയിലാക്കും നിങ്ങളേയും നിങ്ങളുടെ രാജാവിനേയും അവിടുന്ന് വിധിക്കുകയും ചെയ്യും' എന്നാണ് വിശുദ്ധന്‍ മറുപടി കൊടുത്തത്.

മര്‍ദ്ദനങ്ങള്‍ കൊണ്ട് വിശുദ്ധനെ അവശനാക്കുവാന്‍ കഴിയുകയില്ലെന്ന് മനസിലാക്കിയ അവര്‍ കൂര്‍ത്ത മുള്ളുകള്‍ കൊണ്ട് അദ്ദേഹത്തെ അടിച്ചു കൊണ്ടിരുന്നു. ക്രൂരമായ നിരവധി പീഡനങ്ങള്‍ ഏറ്റുവാങ്ങിയതിന് ശേഷം ജോനാസിനെപ്പോലെ ബറാചിസിയൂം രക്തസാക്ഷിത്വ മകുടം ചൂടി.

വളരെ ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങികൊണ്ടാണ് ധീരന്‍മാരായ ഈ വിശുദ്ധര്‍ സ്വര്‍ഗീയ ഭവനത്തിനവകാശികളായത്. റോമന്‍ രക്തസാക്ഷിപ്പട്ടിക പ്രകാരം മാര്‍ച്ച് 29നാണ് ഈ വിശുദ്ധരുടെ രക്തസാക്ഷിത്വ ദിനം.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. വെയില്‍സിലെ ഗ്ലാഡിസ്

2. ലുക്‌സെവിനിലെ യുസ്റ്റെസ്

3. ഹെലിയോപോലീസിലെ സിറിള്‍

4. ഫ്രാന്‍സുകാരനായ ബെര്‍ത്തോള്‍ഡ്

5. ആര്‍മൊഗാസ്‌തെസും സത്തൂരൂസും മാസ്‌കലാസും.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26