പണിമുടക്ക്: ഹൈക്കോടതി വിധിക്കെതിരെ സിപിഎം നേതാക്കള്‍; അടിയന്തരാവസ്ഥയുടെ ശബ്ദമെന്ന് കോടിയേരി

പണിമുടക്ക്: ഹൈക്കോടതി വിധിക്കെതിരെ സിപിഎം നേതാക്കള്‍; അടിയന്തരാവസ്ഥയുടെ ശബ്ദമെന്ന്  കോടിയേരി

കോടതിക്ക് ബ്രിട്ടീഷ് പ്രേതം കൂടിയെന്ന് എം.വി ജയരാജന്‍
ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് ആനത്തലവട്ടം ആനന്ദന്‍

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാര്‍ പണി മുടക്കരുതെന്ന ഹൈക്കോടതി വിധിയില്‍ എതിര്‍ പ്രസ്താവനകളുമായി സിപിഎം നേതാക്കള്‍. കോടതി വിധി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

നേരത്തെ ഹൈക്കോടതി ബന്ദ് നിരോധിച്ചു. ഇപ്പോള്‍ ഹൈക്കോടതി സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്നത് ജനാധിപത്യ സംവിധാനത്തിന് വെല്ലുവിളിയാണ്. ഒരു പ്രതികരണവും പാടില്ല. നാവടക്കൂ.. പണിയെടുക്കൂ എന്ന അടിയന്തരാവസ്ഥയുടെ ശബ്ദമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇത്തരം നിലപാടുകള്‍ പുനപരിശോധിക്കാന്‍ ജുഡീഷ്യറി തയ്യാറാകണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.

കോടതിയുടേത് പഴയ ബ്രിട്ടീഷ് രാജിന്റെ ശബ്ദമാണെന്നും കോടതിക്ക് ബ്രിട്ടീഷ് പ്രേതം കൂടിയെന്ന് പറയേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണെന്നുമായിരുന്നു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ പ്രതികരണം. സമരം തൊഴിലാളികളുടെ അവകാശമാണ്. കോടതിയുടെ ഔദാര്യമല്ല. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കരുതെന്ന കോടതി ഉത്തരവ് അപലപനീയമാണ്. സമരം ചെയ്യരുതെന്ന് പറയാന്‍ ഇതെന്താ വെള്ളരിക്കാപ്പട്ടണമോ എന്നും ജയരാജന്‍ ചോദിച്ചു.

പണിയെടുക്കാനും പണിമുടക്കാനും തൊഴിലാളികള്‍ക്ക് അവകാശമുണ്ടെന്ന് സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. ഓലപ്പാമ്പ് കാണിച്ച് തൊഴിലാളികളെ പേടിപ്പിക്കാന്‍ നോക്കേണ്ട. സുപ്രീം കോടതി 2003 ല്‍ പണിമുടക്ക് നിരോധിച്ചതാണ്. അതിനു ശേഷം ഇന്ത്യയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേതടക്കം എത്രയോ പണിമുടക്കുകള്‍ നടന്നു. പണിയെടുക്കുന്നവന് പണിമുടക്കാനും അവകാശമുണ്ട്.

സുപ്രിം കോടതിയെക്കാള്‍ വലിയ കോടതിയല്ലല്ലോ ഹൈക്കോടതിയെന്നും അദ്ദേഹം ചോദിച്ചു. ഇന്നലെ പണിമുടക്കില്‍ പങ്കെടുത്ത മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും ഇന്നും പങ്കാളികളാകുമെന്ന് ആനത്തലവട്ടം കൂട്ടിച്ചേര്‍ത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.