രാത്രി മുഴുവന്‍ നീളുന്ന ആഘോഷരാവ്, സമാപനത്തിനൊരുങ്ങി എക്സ്പോ 2020

രാത്രി മുഴുവന്‍ നീളുന്ന ആഘോഷരാവ്, സമാപനത്തിനൊരുങ്ങി എക്സ്പോ 2020

ദുബായ്: ആറുമാസക്കാലം നീണ്ടുനിന്ന എക്സ്പോ 2020 യ്ക്ക് മാർച്ച് 31 ന് രാത്രിമുഴുവന്‍ നീണ്ടുനില്‍ക്കുന്ന വെടിക്കെട്ടും കലാപ്രകടനങ്ങളുമൊക്കെയായി തിരശീല വീഴും. സമാപന ചടങ്ങുകളിലേക്കു പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. 

മാർച്ച് 31 ന് വൈകീട്ട് 7 മണിക്കാണ് സമാപന ചടങ്ങുകള്‍ ആരംഭിക്കുക. എക്സ്പോയിലെ ജൂബിലി സ്റ്റേജും, ഫെസ്റ്റിവല്‍ ഗാർഡനും സ്പോർട്സ് ഹബുകളും ഉള്‍പ്പടെയുളള വിവിധ ഇടങ്ങളില്‍ വലിയ സ്ക്രീനുകളില്‍ ആഘോഷപരിപാടികളുടെ തല്‍സമയ സംപ്രേഷണമുണ്ടാകും. വലിയ തോതിലുളള ജനപ്രവാഹം സമാപനചടങ്ങ് വീക്ഷിക്കാന്‍ എക്സ്പോയിലെത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍. 


ഇതിനായുളള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. രാത്രി 12 മണിക്കും മൂന്ന് മണിക്കും വർണാഭമായ വെടിക്കെട്ടുണ്ടാകും. എക്സ്പോ വേദി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും, അതേസമയം അല്‍ വാസല്‍ ഡോമിലെ പൂന്തോട്ട മേഖലയിലേക്ക് വിഐപി അതിഥികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. 


എക്സ്പോ 2020 സ്റ്റേഷനിലേക്കുളള മെട്രോ സർവ്വീസ് രാത്രി മുഴുവനുമുണ്ടാകുമെന്നും എക്സ്പോ 2020 യുടെ ചീഫ് ഇവന്‍റ്സ് ആന്‍റ് എന്‍റർടെയ്ന്‍മെന്‍റ് ഓഫീസർ താരെഖ് ഗോഷെ പറഞ്ഞു. 

എക്സ്പോ 2020 യുടെ ഉദ്ഘാടനചടങ്ങ് പ്രതീകാത്മകമായിരുന്നു, സമാപനചടങ്ങും അതുപോലെതന്നെയാകും, അദ്ദേഹം പറഞ്ഞു. 7 മണിമുതല്‍ 8 മണിവരെ നീണ്ടുനില്‍ക്കുന്ന സമാപന ചടങ്ങില്‍ ഏഴിനും ഒന്‍പതിനും ഇടയില്‍ പ്രായമുളള കുട്ടികളാണ് വിഐപി അതിഥികള്‍. ഉദ്ഘാടനചടങ്ങ് ആരംഭിച്ചത് എമിറാത്തി പെണ്‍കുട്ടിക്ക് മുതുമുത്തശ്ശന്‍ നല്‍കിയ അറബ് സംസ്കാരത്തെ പ്രതിനിധീകരിക്കുന്ന മോതിരത്തില്‍ നിന്നാണ്. എമിറാത്തി സംസ്കാരം അനുവാചകരിലേക്ക് എത്തിച്ചതായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍. 

നമ്മള്‍ എവിടെ നിന്നാണോ തുടങ്ങിയത്, അവിടേക്ക് നാം മടങ്ങിപ്പോകണം, ഇനി വരുന്ന തലമുറകളിലേക്ക് ആ സംസ്കാരവും പാരമ്പര്യവും കൈമാറണം, അതാണ് സമാപനചടങ്ങിന്‍റെ ഉളളടക്കം.
അല്‍ വാസല്‍ ഡോം തന്നെയാണ് എക്സ്പോ 2020 യുടെ ഹൃദയമിടിപ്പ്. സമാപനചടങ്ങില്‍ ഓ‍ർമ്മകളുടെ പൂന്തോട്ടമെന്ന് പേരിട്ട 10 മിനിറ്റ് സമയത്ത് ഈ ആറുമാസക്കാലം നമ്മളോരോരുത്തരും കടന്നുപോയ എക്സ്പോയിലെ അവിസ്മരണീയ നിമിഷങ്ങള്‍ പെണ്‍കുട്ടിയിലൂടെ കാണാം, അദ്ദേഹം വിശദീകരിച്ചു. രാജ്യങ്ങളുടെ കടല്‍ എന്ന പേരിലവതരിപ്പിക്കുന്ന ഭാഗത്ത് എക്സ്പോയില്‍ ഭാഗമായ വിവിധ രാജ്യങ്ങളുടെ പങ്കാളിത്തം സ്റ്റേജിലുറപ്പിക്കും.

2025 ല്‍ എക്സ്പോ അടുത്തതായി നടക്കാന്‍ പോകുന്ന ജപ്പാനിലെ ഒസാക്കയ്ക്ക് ഔദ്യോഗികമായി പതാക കൈമാറുന്ന ചടങ്ങുമുണ്ടാകും. ലോകം മുഴുവന്‍ മഹാമാരിക്കെതിരെ പോരാടുന്ന കാലത്ത് കോവിഡിനെ അതിജീവിച്ച് വിജയകരമായി എക്സ്പോ നടത്തിയെന്നുളളത് ഇതിന്‍റെ ഭാഗമായ ഓരോരുത്തർക്കും അഭിമാനമാണ്, താരെഖ് ഗോഷെ പറഞ്ഞു. 


96 വേദികളിലായി 30,000 പരിപാടികളാണ് എക്സ്പോയില്‍ ഇതുവരെ നടന്നത്. അല്‍ വാസല്‍ പ്ലാസയില്‍ മാത്രം 3000 പരിപാടികള്‍ നടന്നു. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും മാത്രമായി 500ലധികം പരിപാടികളാണ് നടന്നത്.

എക്സ്പോ അതിന്‍റെ അവസാന അധ്യായത്തിലേക്ക് കടക്കുമ്പോള്‍ എക്സ്പോയുടെ ഭാഗമായ ഓരോരുത്തരേയും ആഘോഷിക്കുകയാണ് സമാപനചടങ്ങിലൂടെ ലക്ഷ്യമിടുന്നതെന്ന് എക്സ്പോ 2020 യുടെ എക്സിക്യൂട്ടീവ് ക്രിയേറ്റീവ് ഡയറക്ടർ അംന അബുള്‍ഹൗള്‍ പറഞ്ഞു. നമ്മുടെ ജീവന്‍ നമ്മില്‍ നിന്നും വിട്ടുപോകുമ്പോള്‍ അതുവരെ നമ്മുടെ ജീവിതത്തില്‍ നടന്നതെല്ലാം ഒരു ഫ്ലാഷ് ബാക്കിലെന്ന പോലെ മനസില്‍ കാണാനാകുന്നതുപോലെ എക്സ്പോ അവസാനിക്കുന്നതിന് മുന്‍പ് കഴിഞ്ഞ ആറുമാസക്കാലത്തെ നല്ല മുഹൂർത്തങ്ങള്‍ നമുക്ക് മുന്നില്‍ അനുഭവവേദ്യമാകും, അവർ പറഞ്ഞു. സൂര്യോദയത്തോടെയാണ് എക്സ്പോ 2020യുടെ ഉദ്ഘാടന ചടങ്ങ് ആരംഭിച്ചതെങ്കില്‍ സൂര്യാസ്തമനമാണ് സമാപനചടങ്ങിന്‍റെ പ്രധാന ആകർഷണം, എന്നാല്‍ അത് ഒരു പുതിയ തുടക്കമാണെന്ന് മാത്രം അംന അബുള്‍ഹൗള്‍ പറഞ്ഞു. 


എക്സ്പോയില്‍ പങ്കെടുത്ത രാജ്യങ്ങള്‍ അവരുടെ പതാകകളേന്തി സ്റ്റേജിലെത്തും, രാജ്യങ്ങളുടെ കടലായി, എക്സ്പോ 2020 ഇവന്‍റ്സ് ആന്‍റ് എന്‍റർടെയ്ന്‍മെന്‍റ് വൈസ് പ്രസിഡന്‍റ് കാറ്റെ റന്‍റാല്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.