നോട്ടീസ് നല്‍കാതെ വീട്ടില്‍ കയറി കല്ലിടുന്നതെങ്ങനെ? കോടതി ഉത്തരവുകളെ സര്‍ക്കാര്‍ ഉത്തരവ് കൊണ്ട് മറികടക്കരുതെന്ന് ഹൈക്കോടതി

നോട്ടീസ് നല്‍കാതെ വീട്ടില്‍ കയറി കല്ലിടുന്നതെങ്ങനെ? കോടതി ഉത്തരവുകളെ സര്‍ക്കാര്‍ ഉത്തരവ് കൊണ്ട് മറികടക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട സര്‍വേയ്ക്ക് നോട്ടീസ് നല്‍കാതെ വീട്ടില്‍ കയറാന്‍ എങ്ങനെ സാധിക്കുമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ആദ്യം അതിനു മറുപടി പറയണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. പെട്ടെന്നൊരു ദിവസം വീട്ടില്‍ കയറി കല്ല് ഇട്ടാല്‍ ആളുകള്‍ ഭയന്ന് പോകില്ലേ എന്നും കോടതി ചോദിച്ചു.

കോടതിയുടെ ആശങ്കകള്‍ക്ക് നിങ്ങള്‍ എന്തുകൊണ്ട് മറുപടി നല്‍കുന്നില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. നിയമ പരമായി സര്‍വേ നടത്തണം. കോടതി ഉത്തരവുകള്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ കൊണ്ട് മറികടക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഇത്രയും വലിയ പദ്ധതി ആളുകളെ ഭീഷണിപ്പെടുത്തി ചെയ്യാന്‍ പാടില്ല. കോടതി സര്‍ക്കാരിനെ സപ്പോര്‍ട്ട് ചെയ്യാനാണ് ശ്രമിക്കുന്നത്. പക്ഷെ സര്‍ക്കാര്‍ കോടതിയെ എതിരായി കാണുന്നു. ഭൂമി ഏറ്റെടുക്കാന്‍ വേണ്ടിയല്ല ഇപ്പോഴത്തെ സര്‍വേ എന്നാണല്ലോ സര്‍ക്കാര്‍ പറയുന്നത് . ആ സ്ഥിതിക്ക് സര്‍വേയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകട്ടെ. എന്ത് സംഭവിക്കും എന്ന് നോക്കാമെന്നും കോടതി വ്യക്തമാക്കി.

ബാങ്കില്‍ ഈ ഭൂമി പണയം വെയ്ക്കാമോ എന്ന് പറയണം. ഇതില്‍ വ്യക്തത വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. കെ റെയിലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് ശരിയാണെന്ന് ഹൈക്കോടതി പറഞ്ഞു. സില്‍വര്‍ ലൈന്‍ കേരളത്തിലെ മാത്രം പദ്ധതിയാണെന്ന് പറയാനാകില്ല. അതുകൊണ്ടാണ് ബൃഹത് പദ്ധതി എന്ന നിലയില്‍ സുപ്രീം കോടതി ഉത്തരവ് വന്നത്.

സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ വിഷയത്തതില്‍ ഇടപെടുന്നില്ലെന്നും സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ പരിഗണിക്കവെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.