സില്‍വര്‍ലൈന്‍ സര്‍വേ തുടരാം; പക്ഷേ കൂടുതൽ വ്യക്തത വേണമെന്ന് ഹൈക്കോടതി

സില്‍വര്‍ലൈന്‍ സര്‍വേ തുടരാം; പക്ഷേ കൂടുതൽ വ്യക്തത വേണമെന്ന് ഹൈക്കോടതി

കൊച്ചി: സില്‍വര്‍ലൈന്‍ സര്‍വേ നടത്തുന്നതും അതിരടയാളക്കല്ലുകള്‍ സ്ഥാപിക്കുന്നതും കോടതി ഇടപെട്ട് തടയണമെന്ന് ആവശ്യപ്പെട്ടുള്ള രണ്ട് ഹര്‍ജികള്‍ കൂടി തള്ളി ഹൈക്കോടതി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

പഠനം നടത്തുന്നതിന് കല്ലുകള്‍ സിമന്റിട്ട് ഉറപ്പിക്കുന്നത് എന്തിനാണെന്ന ചോദ്യം കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. പഠനത്തിനുശേഷം കല്ല് എടുത്തുമാറ്റുമോ, ഭൂമിയുടെ ഉടമസ്ഥര്‍ക്ക് ലോണ്‍ എടുക്കാന്‍ സാധിക്കുമോ, കേന്ദ്രത്തിന്റെ അനുമതി ലഭിക്കുന്നതുവരെ കല്ല് അവിടെത്തന്നെ ഇടുമോ മുതലായ കാര്യങ്ങളിലെല്ലാം വ്യക്തത വേണമെന്ന് കോടതി നിരീക്ഷിച്ചു.

വലിയ കല്ലുകളിട്ട് ജനങ്ങളെ എന്തിനാണ് പരിഭ്രാന്തരാക്കുന്നതെന്നും കോടതി ചോദിച്ചു. വന്‍കിട പദ്ധതിക്കെതിരാണ് കോടതി എന്ന പ്രതീതി വരുത്തരുതെന്നും സൂചിപ്പിച്ചു. കെ റെയില്‍ റെയില്‍വേയുടെ പദ്ധതിയല്ലാത്തതിനാല്‍ ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം ആവശ്യമില്ലെന്ന വാദമാണ് സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയത്. ഈ വാദത്തിന് ഹൈക്കോടതി അംഗീകാരം നല്‍കുകയായിരുന്നു.

സില്‍വര്‍ ലൈന്‍ സര്‍വേയ്ക്ക് എതിരായ ഹര്‍ജി ഇന്നലെ സുപ്രീംകോടതി തള്ളിയിരുന്നു. എന്തിനാണ് സര്‍വേ നടത്തുന്നതില്‍ മുന്‍ധാരണകളെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
സര്‍വേ തുടരാമെന്ന ഹൈക്കോടതി നിലപാട് ചോദ്യം ചെയ്താണ് സുപ്രീംകോടതിയില്‍ ഹര്‍ജിയെത്തിയിരുന്നത്. പദ്ധതിയുടെ സര്‍വേ നടപടികള്‍ ഉടന്‍ സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എറണാകുളം ആലുവ സ്വദേശി സുനില്‍ ജെ അറകാലനാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.