സക്രാരി തകര്‍ത്ത് തിരുവോസ്തി മാലിന്യ ചതുപ്പില്‍ വലിച്ചെറിഞ്ഞു: വ്യാപക പ്രതിഷേധം; കൊച്ചി രൂപതയില്‍ നാളെ പരിഹാര പ്രാര്‍ത്ഥനാ ദിനം

സക്രാരി തകര്‍ത്ത് തിരുവോസ്തി മാലിന്യ ചതുപ്പില്‍ വലിച്ചെറിഞ്ഞു: വ്യാപക പ്രതിഷേധം; കൊച്ചി രൂപതയില്‍ നാളെ പരിഹാര പ്രാര്‍ത്ഥനാ ദിനം

കൊച്ചി: കൊച്ചി രൂപതയുടെ കീഴിലുള്ള അരൂക്കുറ്റി സെന്റ് ജേക്കബ് ചാപ്പലിന്റെ സക്രാരി തകര്‍ത്ത് തിരുവോസ്തി മാലിന്യ ചതുപ്പില്‍ വലിച്ചെറിഞ്ഞു. ഇന്നലെ രാത്രിയില്‍ പാദുവാപുരം സെന്റ് ആന്റണീസ് ഇടവക പള്ളിയുടെ കീഴിലുള്ള ചാപ്പലിലാണ് ആക്രമണം നടന്നത്.

ചാപ്പലിനുള്ളില്‍ കടന്ന അക്രമികള്‍ സക്രാരി തകര്‍ത്ത് ക്രൈസ്തവ വിശ്വാസികള്‍ ഏറ്റവും പരിശുദ്ധമെന്ന് വിശ്വസിക്കുന്ന തിരുവോസ്തി പുറത്തെടുക്കുകയും മാലിന്യത്തില്‍ വലിച്ചെറിയുകയുമായിരുന്നു. ഇതിനെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.

ഒരു മോഷണശ്രമമായി മാത്രം ഇതിനെ കാണാന്‍ കഴിയില്ലെന്നും എല്ലാ കത്തോലിക്ക വിശ്വാസികള്‍ക്കും ഏറ്റവും വേദനയുണ്ടാക്കുന്ന രീതിയില്‍ നടന്ന നിന്ദ്യമായ സംഭവത്തെക്കുറിച്ച് ഉടനടി അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നും കൊച്ചി രൂപത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അക്രമ സംഭവത്തെ വിശുദ്ധ കുര്‍ബാനയെ നിന്ദിക്കുക എന്ന ലക്ഷ്യത്തോടെ ചെയ്തതായാണ് കാണുന്നതെന്ന് കൊച്ചി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കരിയില്‍ പറഞ്ഞു.

ഒരു മോഷണ ശ്രമമാണെന്ന് വരുത്തി തീര്‍ക്കുവാന്‍ വേണ്ടിയാകണം നേര്‍ച്ചപ്പെട്ടി ചതുപ്പില്‍ കൊണ്ടുപോയി ഇട്ടിട്ടുണ്ട്. നൂറു രൂപ പോലും അതില്‍ ഉണ്ടാകാനിടയില്ല. പാവപ്പെട്ടവരുടെ മേഖലയാണത്. അതിനാല്‍ തന്നെ വിശുദ്ധ കുര്‍ബാനയെ നിന്ദിക്കുക എന്ന ലക്ഷ്യമാണ് അക്രമികള്‍ക്കുണ്ടായിരുന്നത്.

സംഭവ സ്ഥലത്തെത്തിയ പോലീസിന്റെ അനുവാദത്തോടെയാണ് തിരുവോസ്തിയും മറ്റ് വസ്തുക്കളും ചതുപ്പില്‍ നിന്ന് ദേവാലയത്തിലേക്ക് തിരികെ എത്തിച്ചിരിക്കുന്നത്. ഇത്ര നിന്ദ്യമായ സംഭവം ഇനി ഉണ്ടാകാതിരിക്കുവാനായി പോലീസ് കര്‍ശനമായ നടപടിയെടുക്കണമെന്നും വിഷയത്തില്‍ ഉദാസീനത കാണിക്കരുതെന്നും ഡോ. ജോസഫ് കരിയില്‍ ആവശ്യപ്പെട്ടു.

ഒരിക്കലും നടക്കാന്‍ പാടില്ലാത്ത ഈ അവഹേളനത്തിന്റെ പശ്ചാത്തലത്തില്‍ നാളെ പാപ പരിഹാര ദിനമായി ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശുശ്രൂഷകള്‍ ചാപ്പലില്‍ നടക്കും. അതേസമയം കൊച്ചി അടക്കമുള്ള നഗരങ്ങളില്‍ ബ്ലാക്ക് മാസ് അഥവാ കറുത്ത കുര്‍ബാന സാത്താന്‍ സേവകര്‍ അര്‍പ്പിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തിരുവോസ്തികള്‍ വലിച്ചെറിയപ്പെട്ട നിലയിലാണ് കണ്ടെത്തിയതെങ്കിലും ഇവയില്‍ ഏതാനും തിരുവോസ്തികള്‍ അക്രമികള്‍ കൊണ്ടുപോയിട്ടുണ്ടാകുമോ എന്നും സംശയമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ആശങ്ക ശക്തമായ പശ്ചാത്തലത്തില്‍ പോലീസ് അടിയന്തരമായി പ്രതികളെ കണ്ടെത്തണമെന്നാണ് വിശ്വാസി സമൂഹം ഒന്നടങ്കം ആവശ്യപ്പെടുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.