മൂലമറ്റം: തട്ടുകടയിലെ തര്‍ക്കം വെടിവയ്പ്പില്‍ കലാശിച്ച സംഭവത്തില്‍ വെടിയേറ്റ് മരിച്ച ബസ് കണ്ടക്ടര്‍ സനല്‍ സാബുവിനും ഗുരുതര പരിക്കേറ്റ സുഹൃത്ത് പ്രദീപിനും സംഘര്‍ഷത്തില്‍ പങ്കില്ലെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സംഭവം നടന്ന സ്ഥലത്ത് നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പോലീസ് ഈ നിഗമനത്തിലെത്തിയത്.
എകെജി ജങ്ഷനിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും മൂലമറ്റത്തെ താമസ സ്ഥലത്തേക്ക് സ്‌കൂട്ടറില്‍ പോയവര്‍ അവിചാരിതമായി വെടിവയ്പില്‍ അകപ്പെടുകയായിരുന്നു. രണ്ട് ഘട്ടമായി നടന്ന സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെയും കേസ് എടുക്കുമെന്ന് പോലീസ് പറഞ്ഞു. ഇതിനോടകം സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവരും ദൃക്സാക്ഷികളും ഉള്‍പ്പെടെ നിരവധി ആളുകളില്‍ നിന്നും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ഓരോരുത്തരും സംഭവ സമയം സ്ഥലത്ത് എത്താനുണ്ടായ സാഹചര്യവും അന്വേഷണ വിധേയമാക്കും. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പ്രതി ഫിലിപ്പ് മാര്‍ട്ടിന്റെ മാതാവ് നല്‍കിയ പരാതിയിലും കേസെടുക്കും. വെടിവെയ്ക്കാനുള്ള സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിയുടെ അമ്മ ലിസി മാര്‍ട്ടിന്‍ കാഞ്ഞാര്‍ പോലീസില്‍ പരാതി നല്‍കിയത്.
ആദ്യം സംഘര്‍ഷമുണ്ടായ അറക്കുളം അശോക കവലയിലെ തട്ടുകടയിലും സമീപത്തും സിസിടിവികള്‍ ഇല്ലാത്തത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്. അതേസമയം ഗുരുതര പരിക്കേറ്റ് കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള പ്രദീപ് അപകടാവസ്ഥ തരണം ചെയ്തിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.