തിരുവനന്തപുരം: വിജ്ഞാപനം ചെയ്യപ്പെടാത്ത വിഭാഗത്തിലെ ഭൂമി, പരിശോധനയില്‍ നെല്‍വയലോ തണ്ണീര്‍ത്തടമോ ആണെന്നു കണ്ടെത്തി ഭൂമി തരം മാറ്റത്തിനുള്ള അപേക്ഷ ആര്‍ഡിഒ നിരസിച്ചാല്‍ അതിനെ ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം. ഇക്കാര്യം പരിഗണിക്കാന്‍ പ്രാദേശിക നിരീക്ഷണ സമിതിക്ക് (എല്‍എല്‍എംസി) ആര്‍ഡിഒമാര്‍ ശുപാര്‍ശ നല്‍കണം. റവന്യു വകുപ്പിന്റെ സ്റ്റാന്‍ഡേഡ് ഓപ്പറേറ്റിങ് പ്രൊസീജ്യറി(എസ്ഒപി)ലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
അപേക്ഷകള്‍ റവന്യു ഡിവിഷനല്‍ ഓഫിസുകളില്‍ മുന്‍ഗണനാക്രമത്തില്‍ തീര്‍പ്പാക്കണമെന്നും ഇവ കൈകാര്യം ചെയ്യുന്ന ആര്‍ഡിഒ, താലൂക്ക്, വില്ലേജ് ഓഫിസുകളില്‍ നിയമത്തിലോ ചട്ടങ്ങളിലോ നിഷ്‌കര്‍ഷിച്ചിട്ടില്ലാത്ത അനാവശ്യമായ നടപടിക്രമങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. ഇ-ഓഫിസ് നിലവിലുള്ള ഓഫിസിലും അപേക്ഷയുടെ വിവരങ്ങള്‍ റജിസ്റ്ററുകളില്‍ എഴുതി സൂക്ഷിക്കണം.
ആര്‍ഡിഒ / സബ് കളക്ടര്‍ തരം മാറ്റത്തിന് ഉത്തരവിട്ട കേസുകളില്‍ ഭൂരേഖകളില്‍ മാറ്റം വരുത്തുന്നതിനായി (സബ് ഡിവിഷന്‍ നടപടി) വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഉത്തരവിന് അനുസൃതമായി ഭൂരേഖാ തഹസില്‍ദാര്‍ നടപടി സ്വീകരിക്കണം.
ആര്‍ഡിഒയ്ക്കു ലഭിക്കുന്ന രേഖകള്‍ അടക്കമുള്ള അപേക്ഷ വില്ലേജ്, കൃഷി ഓഫിസര്‍മാര്‍ക്ക് അയച്ചു റിപ്പോര്‍ട്ട് ലഭ്യമാക്കിയ ശേഷം ഉത്തരവ് നല്‍കും. ഓണ്‍ലൈനായി അപേക്ഷിക്കാന്‍ 1000 രൂപ ഫീസുണ്ട്. അനുകൂല ഉത്തരവു ലഭിച്ചാല്‍ ഭൂമിയുടെ നിശ്ചിത നിരക്കിലുള്ള ഫീസ് അടയ്ക്കണം. തുടര്‍ന്ന് ആര്‍ഡിഒ തഹസില്‍ദാര്‍ക്കു കൈമാറുന്ന ഉത്തരവില്‍ നടപടി സ്വീകരിച്ചു വില്ലേജ് ഓഫിസര്‍ക്കു ലഭിക്കുമ്പോള്‍ ഭൂ രേഖകളില്‍ മാറ്റം വരുത്തും.
25 സെന്റ് വരെയുള്ള ഭൂമി തരം മാറ്റാന്‍ ഫീസ് ഇല്ല. 1967 ജൂലൈ നാലിന് മുന്‍പ് തരം മാറ്റിയതു സംബന്ധിച്ച രേഖകള്‍ ഹാജരാക്കിയാലും സൗജന്യ തരം മാറ്റം അനുവദിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.