തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കി; കേരളത്തില്‍ 20 രൂപ കൂടും

തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കി; കേരളത്തില്‍ 20 രൂപ കൂടും

ന്യൂഡല്‍ഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കി. 2022-23 സാമ്പത്തിക വര്‍ഷത്തിലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരിക. കേന്ദ്ര ഭരണപ്രദേശങ്ങളില്‍ അഞ്ച് ശതമാനത്തില്‍ താഴെയും 10 സംസ്ഥാനങ്ങളില്‍ അഞ്ച് ശതമാനത്തില്‍ കൂടുതലും വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ നിരക്ക് പ്രകാരം കേരളത്തിലെ തൊഴിലാളികള്‍ക്ക് 20 രൂപ കൂലി വര്‍ധിക്കും. ഇതോടെ കേരളത്തില്‍ 291 രൂപയായിരുന്ന കൂലി 311 ആയായി വര്‍ധിക്കും.

അതേസമയം മണിപ്പൂര്‍, മിസോറം, ത്രിപുര സംസ്ഥാനങ്ങളിലെ വേതനത്തില്‍ മാറ്റമില്ല. ഏപ്രില്‍ ഒന്ന് മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നേക്കും. വേതനത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ധനവ് ഗോവയിലാണ്. 21 രൂപയാണ് ഇവിടെ കൂട്ടിയത്. 7.14 ശതമാനത്തിന്റെ വര്‍ധനവാണ് ഗോവയില്‍ തൊഴിലാഴികള്‍ക്ക് ലഭിക്കുക. ഏറ്റവും കുറവ് വര്‍ധനവ് മേഘാലയയിലുമാണ്. 1.77 ശതമാനത്തിന്റെ വര്‍ധനവാണ് ഇവിടെ.

കേരളം ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളിലാണ് അഞ്ച് ശതമാനത്തില്‍ കൂടുതല്‍ വേതന വര്‍ധനവ് ലഭിച്ചിരിക്കുന്നത്. ഹരിയാന, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍, ലക്ഷ്വദ്വീപ്, കേരള, കര്‍ണാടക, ഗോവ എന്നിവിടങ്ങളിലാണ് ഇത്. കര്‍ണാടകയില്‍ പുതുക്കിയ നിരക്ക് പ്രകാരം 209 രൂപയും, തമിഴ്നാട്ടില്‍ 281 രൂപയും ലഭിക്കും. നിലവില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ കൂലി ലഭിക്കുന്നത് ഹരിയാനയിലാണ്. 331 രൂപ ഇവിടുത്തെ കൂലി. ഏറ്റവും കുറവ് മധ്യപ്രദേശിലും ഛത്തീസ്ഗഢിലുമാണ്. 204 രൂപയാണ് ഈ സംസ്ഥാനങ്ങളില്‍.

ഗുജറാത്ത് 239 രൂപ, യുപി 213 രൂപ, ഗോവ 315 രൂപ ആന്റമാന്‍ നിക്കോബാര്‍ 308 രൂപ, ത്രിപുര 212രൂപ, ബിഹാര്‍ 210 രൂപ, ജാര്‍ഖണ്ഡ് 210 രൂപ, ഛത്തീസ്ഡഡ് 204 രൂപ, മധ്യപ്രദേശ് 204 രൂപ എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഇനി ലഭിക്കുന്ന കൂലി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.