യുഡിഎഫിന്റെ രീതി വേറെയാണ്; പരാതി ഉണ്ടായിരുന്നെങ്കില്‍ തന്നോട് പറയണം: കാപ്പന്റെ പരസ്യ പ്രസ്താവനയ്ക്കെതിരേ വി.ഡി. സതീശന്‍

യുഡിഎഫിന്റെ രീതി വേറെയാണ്; പരാതി ഉണ്ടായിരുന്നെങ്കില്‍ തന്നോട് പറയണം:  കാപ്പന്റെ പരസ്യ പ്രസ്താവനയ്ക്കെതിരേ വി.ഡി. സതീശന്‍

കോട്ടയം: യുഡിഎഫ് നേതൃത്വത്തിനെതിരേ പരസ്യ പ്രതികരണം നടത്തിയ മാണി സി. കാപ്പന്‍ എംഎല്‍എയ്‌ക്കെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പരസ്യമായി പരാതി പറഞ്ഞത് അനൗചിത്യമാണ്. പരാതി ഉണ്ടെങ്കില്‍ തന്നോടായിരുന്നു പറയേണ്ടിയിരുന്നത്. എല്ലാ നേതാക്കന്മാരേയും ഒരു പോലെയാണ് വിളിക്കുന്നത്. എന്തു പരാതിയുണ്ടെങ്കിലും പരിശോധിക്കുമെന്നും സതീശന്‍ പറഞ്ഞു.

'ഞാനാണ് യുഡിഎഫ് ചെയര്‍മാന്‍. എല്‍ഡിഎഫ് പ്രവര്‍ത്തിക്കുന്നത് പോലെയല്ല യുഡിഎഫ് പ്രവര്‍ത്തിക്കുന്നത്. യുഡിഎഫിന്റെ രീതി വേറെയാണ്. മാണി സി. കാപ്പന് ഇത് പരിചിതമല്ലാത്തത് കൊണ്ട് തോന്നുന്നതാകാം.'- സതീശന്‍ വ്യക്തമാക്കി.

മാണി സി. കാപ്പനും യുഡിഎഫ് നേതൃത്വവും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി എ.കെ. ശശീന്ദ്രനും രംഗത്തെത്തി. ഇടതു മുന്നണിയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് കാപ്പനുമായി യാതൊരു വിധ ചര്‍ച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹത്തെ സ്വീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് മാണി സി. കാപ്പന്‍ യുഡിഎഫ് നേതൃത്വത്തിനെതിരേ രംഗത്തു വന്നത്. ആര്‍ക്കും ആരെയും എന്തും പറയാമെന്ന അവസ്ഥയാണ് യുഡിഎഫിലെന്ന് കാപ്പന്‍ കുറ്റപ്പെടുത്തി. യുഡിഎഫിന്റെ പരിപാടികളൊന്നും തന്നോട് പറയാറില്ല. മുന്നണിയില്‍ സഖ്യ കക്ഷികള്‍ അസ്വസ്ഥരാണെന്നും അദേഹം പറഞ്ഞു.

രമേശ് ചെന്നിത്തല സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ അത് ഉന്നയിക്കേണ്ടത് താനാണെന്ന് വി.ഡി. സതീശന്‍ പറയുന്നു. ഇത് സംഘാടനം ഇല്ലാത്തതിന്റെ പ്രശ്‌നമാണെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ഐക്യം യുഡിഎഫിന്റെ നിലനില്‍പ്പിന് വളരെ പ്രധാനമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ചിട്ടയായ പ്രവര്‍ത്തനമാണ് ഇടതു മുന്നണിയില്‍ നടക്കുന്നതെന്ന് പ്രശംസിക്കാനും കാപ്പന്‍ മറന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.