ഗുണ്ടായിസം കൊണ്ട് എന്ത് സന്ദേശമാണ് രാജ്യത്തെ യുവാക്കള്‍ക്ക് നൽകുന്നത്; ബിജെപിക്കെതിരെ വിമർശനവുമായി അരവിന്ദ് കെജ്രിവാൾ

ഗുണ്ടായിസം കൊണ്ട് എന്ത് സന്ദേശമാണ് രാജ്യത്തെ യുവാക്കള്‍ക്ക് നൽകുന്നത്;  ബിജെപിക്കെതിരെ വിമർശനവുമായി അരവിന്ദ് കെജ്രിവാൾ

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി ഗുണ്ടായിസം കൊണ്ട് എന്ത് സന്ദേശമാണ് രാജ്യത്തെ യുവാക്കള്‍ക്ക് നല്‍കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇന്നലെ തന്റെ ഔദ്യോഗിക വസതിയില്‍ ബിജെപി നടത്തിയ ആക്രമണത്തെക്കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'കെജ്രിവാൾ എന്ന വ്യക്തിക്ക് പ്രാധാന്യമില്ല. രാജ്യത്തിന് വേണ്ടി മരിക്കാന്‍ പോലും ഞാന്‍ തയ്യാറാണ്. രാജ്യമാണ് പ്രാധാനം. നമ്മള്‍ ഒരുമിച്ച്‌ നിന്ന് രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. നമ്മള്‍ ഇതിനകം തന്നെ 75 വര്‍ഷം പാഴാക്കിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദി കാശ്മീര്‍ ഫയല്‍സ് എന്ന സിനിമയെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി പ്രവര്‍ത്തകര്‍ യുവമോര്‍ച്ചാ നേതാവ് തേജസ്വി സൂര്യയുടെ നേതൃത്വത്തില്‍ ഇന്നലെ കെജ്രിവാളിന്റെ വീടിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തുകയും വീട് ആക്രമിക്കുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ വീടിന്റെ ഗേറ്റും സുരക്ഷാ വേലികളും സിസിടിവി ക്യാമറകളും നശിപ്പിച്ചു. സംഭവത്തില്‍ എട്ടു പേരെ ഡല്‍ഹി പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു.

പഞ്ചാബ് തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ കഴിയാത്തതിനാല്‍ കെജ്രിവാളിനെ കൊല്ലാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇന്നലത്തെ സംഭവമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു.
അതേസമയം, ഇന്നലെ നടന്ന ആക്രമണത്തിനെതിരെ ആം ആദ്മി പാര്‍ട്ടി (എഎപി) എംഎല്‍എ സൗരഭ് ഭരദ്വാജ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.

ആക്രമണത്തെയും അതിന്റെ കുറ്റവാളികളെയും സംബന്ധിച്ച്‌ സ്വതന്ത്രവും നീതിയുക്തവും സമയബന്ധിതവുമായ അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നാണ് അദ്ദേഹത്തിന്റെ ഹര്‍ജി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.