മുല്ലപ്പെരിയാര്‍: എല്ലാ വിഷയങ്ങളും ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് വിടണമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

 മുല്ലപ്പെരിയാര്‍: എല്ലാ വിഷയങ്ങളും ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് വിടണമെന്ന്  കേന്ദ്രം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് വിടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.

അണക്കെട്ടിന്റെ സുരക്ഷ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അതോറിറ്റി പരിശോധിക്കുമെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രം ശക്തമായ നിലപാട് എടുക്കണമെന്ന് കേരളം കോടതിയില്‍ ആവശ്യപ്പെട്ടപ്പോള്‍ കേന്ദ്രത്തിന്റെ നിലപാടിനെ കോടതിയില്‍ തമിഴ്നാട് പിന്തുണച്ചു.

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെ കേന്ദ്ര ജലകമ്മീഷനും മേല്‍നോട്ട സമിതിക്കും വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയാണ് ഇക്കാര്യം സുപ്രീം കോടതിയില്‍ ഉന്നയിച്ചത്.

ഡാം സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ അണക്കെട്ടുകളുടെ സുരക്ഷ ഉള്‍പ്പടെ വിലയിരുത്തുന്നതിന് ദേശീയ ഡാം സുരക്ഷാ ആതോറിറ്റി വിജ്ഞാപനം ചെയ്തിട്ടുണ്ട്. അതിനാല്‍ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അതോറിറ്റിക്ക് വിടണമെന്നും ഐശ്വര്യ ഭാട്ടി കോടതിയില്‍ ആവശ്യപ്പെട്ടു.

അണക്കെട്ടിന്റെ സുരക്ഷ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അതോറിറ്റി പരിശോധിക്കും. ഡാം ബലപ്പെടുത്തല്‍ നിലവില്‍ നടക്കുന്നില്ല. അപ്പ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണികളും നടക്കുന്നില്ലെന്ന് ഐശ്യര്യ ഭാട്ടി സുപ്രീം കോടതിയെ അറിയിച്ചു. അതോറിറ്റി മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍ നടപ്പിലാക്കേണ്ടത് അണക്കെട്ടിന്റെ ഉടമസ്ഥരായ സംസ്ഥാനമാണ്.

അതിനെ തടസപ്പെടുത്തുന്നവര്‍ക്ക് എതിരെ കേസ് ഉള്‍പ്പടെയുടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഡാം സുരക്ഷ നിയമത്തില്‍ വ്യവസ്ഥയുണ്ടെന്ന് തമിഴ്നാട് സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ശേഖര്‍ നാഫ്ഡെ കോടതിയില്‍ ചൂണ്ടിക്കാട്ടി.

ഡാം സുരക്ഷാ നിയമ പ്രകാരമുള്ള അതോറിറ്റികള്‍ ഇതുവരെ വിജ്ഞാപനം ചെയ്തിട്ടില്ലെന്നായിരുന്നു കേരള സര്‍ക്കാരിന്റെ വാദം. എന്നാല്‍ 2022 ഫെബ്രുവരി 17 ന് ദേശിയ ഡാം സുരക്ഷ ആതോറിറ്റി വിജ്ഞാപനം ചെയ്തിട്ടുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.

ഇതനുസരിച്ച് കേന്ദ്ര ജലകമ്മീഷന്‍ ചെയര്‍മാന്റെ അധ്യക്ഷതയില്‍ ഇന്നലെ താല്‍കാലികമായി അതോറിറ്റി നിലവില്‍ വന്നു. മൂന്ന് വിദ്ഗധരെ കൂടി ഉള്‍പ്പെടുത്തിയാല്‍ പൂര്‍ണതോതില്‍ അതോറിറ്റിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.

ഡാം സുരക്ഷാ നിയമം, അതോറിറ്റി രൂപീകരിക്കല്‍ എന്നിവ സംബന്ധിച്ച് എന്തുകൊണ്ട് നേരത്തെ കോടതിയെ അറിയിച്ചില്ലെന്ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ ചോദിച്ചു. ഡാം സുരക്ഷാ നിയമം പാസാക്കിയതിന് ശേഷം സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ടുകളോ സത്യവാങ്മൂലങ്ങളോ ഫയല്‍ ചെയ്തിട്ടില്ലെന്നായിരുന്നു അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന്റെ മറുപടി.

തുടര്‍ന്ന് അതോറിറ്റി രൂപീകരണം, മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതിന് സ്വീകരിക്കാന്‍ പോകുന്ന നടപടികള്‍ എന്നിവ എഴുതി നല്‍കാന്‍ സുപ്രീം കോടതി അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനോട് നിര്‍ദേശിച്ചു. ചൊവ്വാഴ്ച കുറിപ്പ് കൈമാറാനാണ് നിര്‍ദേശം.

സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാര്‍ കക്ഷിയല്ലെന്ന് കേരളത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും അഭിഭാഷകന്‍ ജി. പ്രകാശും കോടതിയില്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര ജല കമ്മീഷന്‍, മേല്‍നോട്ട സമിതി എന്നിവയ്ക്ക് വേണ്ടിയാണ് ഹാജരാകുന്നത് എന്ന് ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു.

കേന്ദ്ര ജല കമ്മീഷന്‍ ചെയര്‍മാന്‍ കേന്ദ്രത്തിന്റെ ഭാഗമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, അഭയ് എസ്. ഓക, സി.ടി. രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് മുല്ലപ്പെരിയാര്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.