പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് അഗ്‌നിശമന സേനയുടെ പരിശീലനം: അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി ബി.സന്ധ്യ

പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് അഗ്‌നിശമന സേനയുടെ പരിശീലനം: അന്വേഷണത്തിന് ഉത്തരവിട്ട്  ഡിജിപി ബി.സന്ധ്യ

കൊച്ചി: ആലുവയില്‍ ബുധനാഴ്ച പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച പരിപാടിയില്‍ അഗ്‌നിശമന സേനാംഗങ്ങള്‍ പങ്കെടുത്ത് പരിശീലനം നല്‍കിയ സംഭവത്തിനെതിരെ വിമര്‍ശനം വ്യാപകമാകുന്നു. ഇതോടെ അന്വേഷണത്തിന് അഗ്‌നിശമന സേനാ മേധാവി ബി.സന്ധ്യ ഉത്തരവിട്ടു.

പോപ്പുലര്‍ ഫ്രണ്ട് പുതുതായി രൂപം നല്‍കിയ റെസ്‌ക്യൂ ആന്‍ഡ് റിലീഫ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലാണ് അഗ്‌നിശമന സേനാംഗങ്ങള്‍ പങ്കെടുത്തത്. സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടനത്തിനുശേഷം അതേ വേദിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് സേന പരിശീലനം നല്‍കി.

പള്‍മറി റെസിസിറ്റേഷന്‍ (പുനരുജ്ജീവന ചികിത്സ,) ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓപ്പറേഷന്‍ തുടങ്ങിയ മേഖലയിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയത്. രാഷ്ട്രീയ സംഘടനകള്‍ ഉള്‍പ്പെടെയുള്ളവരുടെ വേദിയില്‍ ഔദ്യോഗിക വേഷത്തില്‍ പങ്കെടുക്കാന്‍ പാടില്ലെന്നിരിക്കെയാണ് മതമൗലിക സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ വേദിയില്‍ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയത്. ഇത് സര്‍വ്വീസ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് ഇടയില്‍ തന്നെ പ്രതിഷേധമുണ്ട്.

അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരായ ബി. അനീഷ്, വൈ.എ രാഹുല്‍ദാസ്, എം.സജാദ് തുടങ്ങിയവര്‍ ആണ് പരിശീലനം നല്‍കിയത്. പരിശീലകര്‍ക്കുള്ള ഉപഹാരവും ഇവര്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍ നിന്ന് സ്വീകരിച്ചു. ദുരന്ത മുഖത്ത് രക്ഷാ പ്രവര്‍ത്തനത്തിന് എന്ന പേരിലാണ് റസ്‌ക്യൂ ആന്‍ഡ് റിലീഫ് എന്ന സംഘടനയ്ക്ക് പോപ്പുലര്‍ ഫ്രണ്ട് രൂപം നല്‍കിയത്.

സന്നദ്ധ സംഘടനകള്‍, റസിഡനന്‍സ് അസോസിയേഷന്‍, വിവിധ എന്‍ജിഒകള്‍ എന്നിവയുടെ വേദികളില്‍ പരിശീലനം നല്‍കാറുണ്ടെങ്കിലും രാഷ്ട്രീയ സംഘടനകളുടെ വേദിയില്‍ അതിന് അനുവാദമില്ലെന്നിരിക്കെയാണ് പോപ്പുലര്‍ ഫ്രണ്ട് വേദിയില്‍ സേന പങ്കെടുത്ത് പരിശീലനം നല്‍കിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.