ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ആരിഫ് മുഹമ്മദ് ഖാന്‍ പരിഗണനയില്‍

ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ആരിഫ് മുഹമ്മദ് ഖാന്‍ പരിഗണനയില്‍

ന്യൂഡല്‍ഹി: അടുത്ത രാഷ്ട്രപതി സ്ഥാനാര്‍ഥിയായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ബിജെപി പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ആരിഫിനെ മല്‍സരിപ്പിക്കാന്‍ ബിജെപി ഒരുങ്ങുന്നതായി ഇന്ത്യ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അദേഹത്തെ പ്രസിഡന്റാക്കിയാല്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് കൂടുതല്‍ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയാണ് ബിജെപിക്കുള്ളത്.

ആരിഫ് മുഹമ്മദ് ഖാനെ സ്ഥാനാര്‍ഥിയാക്കിയാല്‍ ഹിന്ദുത്വ മുഖത്തിന് പരിക്കേല്‍ക്കുമോയെന്ന ആശങ്കയും ബിജെപിക്കുണ്ട്. ഇക്കാര്യത്തില്‍ ആര്‍എസ്എസ് നിലപാട് നിര്‍ണായകമാകും. പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടില്ലെങ്കില്‍ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് അദേഹത്തെ നിയോഗിച്ചേക്കും.

നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കണമെന്ന ആഗ്രഹം പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിനുണ്ട്. എന്നാല്‍ സന്നദ്ധ പ്രവര്‍ത്തനത്തിനായി നാട്ടിലേക്ക് തിരിച്ചു പോകണമെന്നാണ് നായിഡുവിന്റെ താല്‍പ്പര്യം. ഇനി ഒരു സ്ഥാനവും വഹിക്കാന്‍ ആഗ്രഹമില്ലെന്ന് അദേഹം അടുത്ത വൃത്തങ്ങളോട് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

രാംനാഥ് കോവിന്ദിന് ഒരു അവസരം കൂടി നല്‍കാന്‍ സാധ്യതയില്ല. ദലിത് വിഭാഗത്തില്‍ നിന്നുള്ള കോവിന്ദിനെ രാഷ്ട്രപതിയാക്കിയത് ഗുണം ചെയ്‌തെന്നാണ് ബിജെപി വിലയിരുത്തല്‍. ബിജെപിയോട് അകന്നു നിന്നിരുന്ന പിന്നോക്ക വിഭാഗങ്ങളെ കൂടുതലായി പാര്‍ട്ടിയോട് അടുപ്പിക്കാന്‍ കോവിന്ദിനെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ കഴിഞ്ഞിട്ടുണ്ട്.

ഛത്തീസ്ഗഡ് ഗവര്‍ണറായ അനുസുയി ഉയികേ, മുന്‍ ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി മുര്‍മു എന്നിവരും പരിഗണനയിലുണ്ട്. ഇരുവരും പിന്നോക്ക ട്രൈബല്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.