കര്‍ണാടകയില്‍ ഹലാല്‍ വിരുദ്ധ പ്രതിഷേധം കനക്കുന്നു; മുതലെടുക്കാന്‍ തീവ്ര മുസ്ലീം സംഘടനകള്‍ രംഗത്ത്

കര്‍ണാടകയില്‍ ഹലാല്‍ വിരുദ്ധ പ്രതിഷേധം കനക്കുന്നു; മുതലെടുക്കാന്‍ തീവ്ര മുസ്ലീം സംഘടനകള്‍ രംഗത്ത്

ബെംഗളൂരു: ഹലാല്‍ ഭക്ഷണം വ്യാപകമാക്കാനുള്ള ഇസ്ലാമിക സംഘടനകളുടെ നീക്കത്തിനെതിരേ കര്‍ണാടകയില്‍ വ്യാപക പ്രതിഷേധം. ഹലാല്‍ ഭക്ഷണം മതേതരത്വ മൂല്യങ്ങള്‍ക്കെതിരാണെന്ന പൊതു വികാരമാണ് കര്‍ണാടകത്തില്‍ ഉയരുന്നത്. ഹലാലിനെതിരേ ശക്തമായ വികാരം ഉയര്‍ന്നതോടെ വിഷയം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വ്യക്തമാക്കിയിരുന്നു.

ഹലാല്‍ ബീഫ് വിറ്റയാളെ കഴിഞ്ഞ ദിവസം ഒരു സംഘം ആളുകള്‍ മര്‍ദിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഭദ്രാവതിയില്‍ ബീഫ് വിറ്റ മുസ്ലീം കച്ചവടക്കാരെ ആക്രമിച്ചെന്നാണ് ആരോപണം. സംഭവത്തില്‍ കേസെടുത്തതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഹിജാബ് വിഷയം വിവാദമായതിനു ശേഷം പോലീസ് നിരീക്ഷണത്തിലുള്ള ചില തീവ്രവാദ സംഘടനകള്‍ സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു.

ഹിജാബ് സംഭവത്തില്‍ മുസ്ലീം സമുദായത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ എസ്ഡിപിഐ ശ്രമം നടത്തുന്നുണ്ട്. വിഷയത്തില്‍ കോണ്‍ഗ്രസും ജെഡിഎസും കാര്യമായി ഇടപെടാതിരുന്നതോടെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ എസ്ഡിപിഐക്ക് വലിയ തോതില്‍ പിന്തുണ ലഭിക്കുകയും ചെയ്തു. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ വോട്ട് ബാങ്കില്‍ വിള്ളല്‍ വീണേക്കുമെന്ന ഭയം കോണ്‍ഗ്രസിനുമുണ്ട്.

ഹലാല്‍ ഫുഡ് 'ഇകണോമിക് ജിഹാദാ'ണെന്ന ആരോപണവുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി രംഗത്തെത്തിയിരുന്നു. ബഹിഷ്‌കരണ ആഹ്വാനം വന്നതോടെ ബെംഗളൂരു നഗരത്തില്‍ പല ഹോട്ടലുകളിലും ഹലാല്‍ ബോര്‍ഡുകള്‍ അപ്രത്യക്ഷമായി തുടങ്ങിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.