അനുദിന വിശുദ്ധര്‍ - ഏപ്രില്‍ 02
നേപ്പിള്‍സിനു സമീപം കലാബ്രിയായില്‍ പൗളാ എന്ന ചെറിയ നഗരത്തില്‍ 1416 ലാണ് ഫ്രാന്‍സിസിന്റെ ജനനം. ജെയിംസ്-മാര്‍ട്ടോട്ടില്ലെ ദമ്പതികളായിരുന്നു മാതാപിതാക്കള്‍. മകന്‍ ഫ്രാന്‍സിസ് അസീസിയെപ്പോലെ ആകണമെന്ന് ആഗ്രഹിച്ച മാതാപിതാക്കള്‍ അവനെ ഒരു ഫ്രാന്‍സിസ്‌കന്‍ ആശ്രമത്തിലാണ് പഠിക്കാന്‍ അയച്ചത്.
ഏതാണ്ട് ഒരു വര്‍ഷത്തോളം അവിടെ കഴിഞ്ഞതിനു ശേഷം ഫ്രാന്‍സിസ് തന്റെ മാതാപിതാക്കള്‍ക്കൊപ്പം അസീസിയിലേക്കൊരു തീര്‍ത്ഥയാത്ര നടത്തി. തിരികെ പൗളായില്‍ എത്തിയ ഫ്രാന്‍സിസ് 1432 ല്‍ മാതാപിതാക്കളുടെ അനുവാദത്തോടെ കടല്‍തീരത്തോടു ചേര്‍ന്ന ജനവാസമില്ലാത്ത സ്ഥലത്ത് ഒരു പാറയുടെ മൂലയില്‍ ഒരു ഗുഹ നിര്‍മ്മിക്കുകയും അവിടെ ഏകാന്തവാസം ആരംഭിക്കുകയും ചെയ്തു.
പതിനാറ് വയസ് മാത്രമായിരുന്നു അപ്പോള്‍ അദ്ദേഹത്തിന് പ്രായം. വെറും പാറയിലായിരുന്നു ഉറക്കം. സസ്യങ്ങള്‍ മാത്രമായിരുന്നു ഭക്ഷണം. അദ്ദേഹത്തിന് ഏതാണ്ട് 20 വയസായപ്പോള്‍ രണ്ടുപേര്‍ കൂടി ഒപ്പം ചേര്‍ന്നു.
കൂടുതല്‍ ആളുകള്‍ എത്തിയതോടെ മൂന്ന് മുറികളും ഒരു ചെറിയ ദേവാലയവും അവിടെ പണിതു. ഇടവകയില്‍ നിന്നും ഇടയ്ക്ക് ഒരു പുരോഹിതന്‍ വന്നു അവര്‍ക്കായി കുര്‍ബ്ബാന അര്‍പ്പിക്കുമായിരുന്നു. ഇതായിരുന്നു അവരുടെ സന്യാസ സമൂഹത്തിന്റെ തുടക്കം. 1454 ആയപ്പോഴേക്കും കോസെന്‍സായിലെ മെത്രാപ്പോലീത്തയുടെ അംഗീകാരത്തോടെ ഈ സന്യസ്ഥര്‍ക്കായി അതേ സ്ഥലത്ത് തന്നെ ഒരു വലിയ ദേവാലയവും ആശ്രമവും പണികഴിപ്പിച്ചു.
ഭവനത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ വിശുദ്ധന്‍ തന്റെ സന്യാസ സമൂഹത്തില്‍ ഒരു ക്രമവും അച്ചടക്കവും നിലവില്‍ വരുത്തി. ജീവിതാവസാനം വരെ അദ്ദേഹത്തിന്റെ കിടക്ക വെറും തറയോ, ഒരു പലക കഷണമോ ആയിരുന്നു. രാത്രിയില്‍ വെറും അപ്പവും ജലവുമായിരുന്നു ഭക്ഷണം. ചില പ്രത്യേക അവസരങ്ങളില്‍ രണ്ടു ദിവസത്തോളം അദ്ദേഹം യാതൊരു ഭക്ഷണവും കഴിക്കാതെ കഴിഞ്ഞിരുന്നു.
മറ്റുള്ള എല്ലാ സന്യാസ സഭകളുടേയും പ്രധാന സവിശേഷതകള്‍ ഫ്രാന്‍സിസ് തന്റെ സന്യാസ സഭയില്‍ സ്വാംശീകരിച്ചു. എന്നാല്‍ ക്രിസ്തീയ നന്മകളില്‍ ഏറ്റവും സവിശേഷമായ എളിമയ്ക്ക് അദേഹം കൂടുതല്‍ പ്രാമുഖ്യം നല്‍കി. തങ്ങളെ സ്വയം വെളിപ്പെടുത്തുന്ന മിനിംസ് എന്ന നാമവും അദ്ദേഹം തന്റെ സന്യാസ സമൂഹത്തിനു നല്‍കി.
അനുതാപവും കാരുണ്യവും എളിമയുമായിരുന്നു വിശുദ്ധന്റെ നിയമ സംഹിതയുടെ അടിസ്ഥാനം. ശാശ്വതമായി നോമ്പു നോക്കുവാന്‍ വിശുദ്ധ ഫ്രാന്‍സിസ് തന്റെ അനുയായികളെ ഉപദേശിച്ചു. പുരാണ നിയമങ്ങളില്‍ നോമ്പു കാലത്ത് നിഷിദ്ധമായിരുന്നതെല്ലാം വര്‍ജ്ജിക്കുവാന്‍ അദ്ദേഹം തന്റെ അനുയായികളെ പ്രേരിപ്പിച്ചു. എളിമ അദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട പുണ്യമായിരുന്നു.
കോസെന്‍സായിലെ മെത്രാപ്പോലീത്ത 1471 ല്‍ ഈ സഭയേയും അതിന്റെ നിയമാവലിയും അംഗീകരിച്ചു. 1474 മെയ് 23 ന് സിക്സ്റ്റസ് നാലാമന്‍ മാര്‍പാപ്പാ വിശുദ്ധന്റെ സഭയെ ഔദ്യോഗികമായി അംഗീകരിക്കുകയും വിശുദ്ധ ഫ്രാന്‍സിസിനെ സഭയുടെ സുപ്പീരിയര്‍ ജനറല്‍ ആയി നിയമിക്കുകയും ചെയ്തു. 1476 ല്‍ വിശുദ്ധന്‍ പാറ്റെര്‍ണോയിലും പിന്നീട് സ്‌പെസായിലും ആശ്രമങ്ങള്‍ സ്ഥാപിച്ചു. 1479 ല്‍ ഫ്രാന്‍സിസ് സിസിലിയിലെത്തുകയും അവിടെ അനേകം ആശ്രമങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു.
ഒരിക്കല്‍ വിശുദ്ധന്‍ ഫ്രാന്‍സില്‍ എത്തിയ വേളയില്‍ അവിടെ പ്ലേഗ് രോഗം മൂലം കഷ്ടപ്പെട്ട നിരവധി പേരെ സുഖപ്പെടുത്തി. ഫ്രാന്‍സിലും അദ്ദേഹം നിരവധി ആശ്രമങ്ങള്‍ പണിതു. 1508 ഏപ്രില്‍ രണ്ടിന് 91 വയസുള്ളപ്പോഴാണ് അദ്ദേഹം ഇഹലോക വാസം വെടിഞ്ഞത്. 1510 ല്‍ ലിയോ പത്താമന്‍ മാര്‍പാപ്പ ഫ്രാന്‍സിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. സെസരെയായിലെ അപ്പിയന്‍
2. കില്‍ബ്രോണിലെ ബ്രോനാക്ക്
3. ഫ്രാന്‍സിലെ അഗ്‌നോഫ്‌ലേഡാ
4. ലിസിയായിലെ ആംഫിയാന്നൂസ്
5. ഗ്രീക്കു പുരോഹിതനായ അബൂന്തിയൂസ്
6. ഫ്രഞ്ചു പുരോഹിതനായ ലൊനോക്കിലൂസ്.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.