'1000 രൂപക്ക് തൃശൂരില്‍ 68 സെന്റ് സ്ഥലം': ഐഡിയ ക്ലിക്കായി, കൂപ്പണ്‍ വാങ്ങാന്‍ വന്‍ തിരക്ക്; ഭാഗ്യശാലിയെ ഓഗസ്റ്റ് 15 നറിയാം

 '1000 രൂപക്ക് തൃശൂരില്‍ 68 സെന്റ് സ്ഥലം': ഐഡിയ ക്ലിക്കായി, കൂപ്പണ്‍ വാങ്ങാന്‍ വന്‍ തിരക്ക്; ഭാഗ്യശാലിയെ ഓഗസ്റ്റ് 15 നറിയാം

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ പുതുക്കാട് കല്ലൂര്‍ നായരങ്ങാടിയില്‍ 68 സെന്റ് റബ്ബര്‍ തോട്ടം വെറും ആയിരം രൂപക്ക് സ്വന്തമാക്കാം. പക്ഷേ, ഭാഗ്യം കൂടെ വേണമെന്നു മാത്രം. നായരങ്ങാടി തുയമ്പാലില്‍ മുജി തോമസും ഭാര്യ ബൈസിയുമാണ് തങ്ങളുടെ 68 സെന്റ് റബ്ബര്‍ തോട്ടം നറുക്കെടുപ്പിലൂടെ വില്‍ക്കാന്‍ ഒരുങ്ങുന്നത്.

കോവിഡും മറ്റു പല കാരണങ്ങളും മൂലം ബാധ്യതകള്‍ വര്‍ധിക്കുകയും മകന്റെ പഠന ചെലവിനുള്ള തുക കണ്ടെത്താനാകാതെ വരികയും വന്നതോടെ മുജി തോമസും ബൈസിയും തങ്ങളുടെ സ്ഥലം വില്‍പ്പനക്ക് വെയ്ക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച പോലെ വില നല്‍കി ആരും എടുക്കാന്‍ തയ്യാറായില്ല.

തുടര്‍ പഠനത്തിനായി മകന് കാനഡയിലേക്കുള്ള പോകാനുള്ള തീയതി അടുത്തടുത്ത് വന്നതോടെ എന്ത് ചെയ്യണമെന്ന ആശങ്ക വര്‍ധിച്ചു. പിന്നീടാണ് ഇത്തരമൊരു ഐഡിയ നടപ്പിലാക്കാന്‍ ഇരുവരും ചേര്‍ന്ന് തീരുമാനിച്ചത്. അഭിഭാഷകനുമായി സംസാരിച്ച് നിയമവശങ്ങളെക്കുറിച്ച് മനസിലാക്കി കാര്യങ്ങളുമായി മുന്നോട്ടു പോവുകയായിരുന്നു.

വിദേശത്ത് നിന്ന് ഓണ്‍ലൈന്‍ വഴി ടിക്കറ്റ് വാങ്ങിക്കുന്നവരാണ് ഏറെയും. സംഭവം വൈറലായതോടെ നാട്ടിലുള്ളവരും സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ളവരും ടിക്കറ്റ് വാങ്ങിക്കുന്നുണ്ട്. ഇതൊരു ബിസിനസ് ആയിട്ടല്ല എടുത്തത്. ഇതൊരു ജീവിത മാര്‍ഗത്തിന് വേണ്ടിയാണ്. കോവിഡ് കാരണം എല്ലാവരും ബുദ്ധിമുട്ടിലാണ്. റിയല്‍ എസ്റ്റേറ്റ് മേഖല അടക്കം പ്രതിസന്ധിയിലാണ്.

പലര്‍ക്കും ഭൂമി ഉണ്ടായിട്ടും വില്‍ക്കാന്‍ സാധിക്കുന്നില്ല. അത്തരത്തിലുള്ളവര്‍ക്കും ഈ ഐഡിയ പ്രചോദനമാകും. ഭാഗ്യമുണ്ടെങ്കില്‍ ഭൂമിയില്ലാത്തവര്‍ക്ക് തന്നെ ഭൂമി കിട്ടുകയും ചെയ്യും. സംഭവം ഇത്രയും വൈറലാകുമെന്ന് മുജിയും ബൈസിയും ഒരിക്കലും വിചാരിച്ചിരുന്നില്ല. വൈറലായതോടു കൂടി കോളുകളും കൂപ്പണിന് വേണ്ടിയുള്ള അന്വേഷണവും നിരന്തരം എത്തുന്നുണ്ടെന്ന് ബൈസി പറഞ്ഞു.

ഇനി ആരാണ് ആ ഭാഗ്യശാലി എന്നാണ് അറിയേണ്ടത്. അതിന് ഓഗസ്റ്റ് 15 വരെ കാത്തിരിക്കണം. അന്ന് വെകുന്നേരം അഞ്ചിനാണ് നറുക്കെടുപ്പ്. ഇവരുടെ തന്നെ ഉടമസ്ഥതയിലുള്ള മരിയ ഗാര്‍മെന്റ്‌സില്‍ വെച്ചാണ് നറുക്കെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ആള്‍ക്കൂട്ടം ഉണ്ടാവുകയാണെങ്കില്‍ ഓഡിറ്റോറിയത്തിലേക്കോ മറ്റോ മാറ്റാനുള്ള തീരുമാനങ്ങളുമുണ്ട്.

ആയിരം രൂപക്ക് 68 സെന്റ് സ്വന്തമാക്കാന്‍ ആളുകള്‍ മത്സരിച്ച് കൂപ്പണുകള്‍ സ്വന്തമാക്കുകയാണ്. ഇതിനായി ആയിരം രൂപയുടെ 3000 കൂപ്പണുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിന് പിന്നാലെ മുഴുവന്‍ പണവും നല്‍കി സ്ഥലം ഏറ്റെടുക്കാമെന്നറിയിച്ച് വിളികള്‍ എത്തുന്നുണ്ടെങ്കിലും ഭാഗ്യശാലിയെ കണ്ടെത്താന്‍ തന്നെയാണ് ഇവരുടെ തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.