ന്യൂഡല്‍ഹി: കമ്പനി തൊഴില്‍ വിസ പുതുക്കാത്തതിനാല്‍ ഇറാഖിലെ കര്‍ബല റിഫൈനറി പദ്ധതിയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ അടക്കം അയ്യായിരം ഇന്ത്യക്കാര്‍ പ്രതിസന്ധിയില്‍.
കമ്പനി തൊഴില്‍ വിസ പുതുക്കി നല്‍കാത്തതിനാല്‍ മടങ്ങുന്നവരുടെ പാസ്‌പോര്‍ട്ടില്‍ പതിക്കുന്നത് നാടുകടത്തല്‍ സ്റ്റാംപ്. ഇത്തരത്തില്‍ തുടര്‍ ജോലി സാധ്യതകള്‍ അടയുന്നതിനാല്‍ ഇടപെടല്‍ ആവശ്യപ്പെട്ട് തൊഴിലാളികള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.
2014 ല്‍ തുടങ്ങിയ കര്‍ബല റിഫൈനറി പദ്ധതിയുടെ നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയാകാനിരിക്കെയാണ് തൊഴിലാളികള്‍ പ്രതിസന്ധിയിലായത്. ഇറാഖ് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയുടെ നിര്‍മ്മാണ ചുമതല ഹ്യൂണ്ടയ് ഉള്‍പ്പെടെ മൂന്ന് കൊറിയന്‍ കമ്പനികള്‍ക്കാണ്.
തൊഴില്‍ വിസയില്‍ കമ്പനി ഇവിടെ എത്തിച്ചവരുടെ കാലാവധി രണ്ട് വര്‍ഷം മുന്‍പ് തീര്‍ന്നു. എന്നാല്‍ ഇത് കമ്പനി പുതുക്കില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഇതോടെ നാട്ടിലേക്ക് മടങ്ങിയവരുടെ പാസ്‌പോര്‍ട്ടില്‍ ഇറാഖ് സര്‍ക്കാര്‍ പതിച്ചത് നാടുകടത്തല്‍ സ്റ്റാംപാണ്.
ഇങ്ങനെ സ്റ്റാംപ് പതിക്കുന്നതോടെ മറ്റു രാജ്യങ്ങളിലേക്കുള്ള തൊഴില്‍ സാധ്യതകളും അടയുകയാണ്. വിഷയം കമ്പനിയുടെ മുന്നില്‍ അവതരിപ്പിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വിദേശകാര്യ മന്ത്രാലയത്തിനും തൊഴിലാളികള്‍ പരാതി അയച്ചു.
പരാതി പരിശോധിക്കുകയാണെന്നും ഇടപെടലുണ്ടാകുമെന്നുമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. അതേസമയം കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് വിസ പുതുക്കുന്നതിനുള്ള നടപടികള്‍ വൈകിയതെന്നാണ് കമ്പനിയുടെ വിശദീകരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.