തിരുവനന്തപുരം: സഹകരണ ബാങ്കിലെ ജൂനിയര്‍ ക്ലര്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ന്നതായി പരാതി. പരീക്ഷയുടെ തലേന്ന് പണംവാങ്ങി ചോദ്യപേപ്പർ പുറത്തുവിട്ടെന്നാണ് പരാതി. വിഷയത്തിൽ സഹകരണ സർവീസ് പരീക്ഷാ ബോർഡ് ഡി.ജി.പിക്ക് പരാതി നൽകുമെന്നാണ് വിവരം.
മാർച്ച് 27-ന് നടത്തിയ സഹകരണ ബാങ്കുകളിലേക്കുള്ള ജൂനിയർ ക്ലർക്ക് പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോർന്നതായി പരാതി ഉയർന്നത്. സഹകരണ സർവീസ് ബോർഡ് ആണ് ഈ പരീക്ഷ നടത്തിയത്. കോഴിക്കോട് കേന്ദ്രീകരിച്ച് പരീക്ഷാപരിശീലനം നടത്തുന്ന ഒരു യു ട്യൂബ് ചാനലാണ് ചോദ്യപേപ്പർ ചോർത്തിയതിന് പിന്നിലെന്നാണ് ആരോപണം വന്നിരിക്കുന്നത്.
സംസ്ഥാനത്തെ 93-ഓളം കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. പരീക്ഷയുടെ തലേദിവസം ഒരു ഉദ്യോഗാർഥിയും ചോദ്യപേപ്പർ ചോർത്തിയെന്ന് കരുതിയ ആളും തമ്മിൽ നടന്നെന്ന് കരുതുന്ന ഫോൺ സംഭാഷണം പുറത്തുവന്നതാണ് തെളിവായി മാറിയത്. ചോദ്യവും ഉത്തരവും പറഞ്ഞുനൽകാം പണം നൽകണം എന്നാണ് ഈ ഓഡിയോ ക്ലിപ്പിലുള്ളത്.
യു ട്യൂബ് ചാനലിന്റെ ഫോൺ നമ്പറിൽനിന്നാണ് ഉദ്യോഗാർഥികൾക്ക് കോൾ വന്നത്. പരീക്ഷയ്ക്ക് വരുന്ന ചോദ്യങ്ങൾ പറഞ്ഞുതരാം പണം തരണം എന്നായിരുന്നു ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിലാണ് പല ഉദ്യോഗാർഥികളും ഇവരെ ബന്ധപ്പെട്ടത്.
വിളിച്ചവർക്ക് വിശ്വാസം തോന്നാൻ മൂന്നോ നാലോ ചോദ്യങ്ങൾ പറഞ്ഞുകൊടുത്തു. പിന്നീട് ചില ഉദ്യോഗാർഥികൾ ഇവരുടെ കെണിയിൽ വീണു. ആദ്യം പലരും വിശ്വസിച്ചില്ലെങ്കിലും ചോദ്യപേപ്പർ കയ്യിൽ കിട്ടിയപ്പോഴാണ് ഫോൺകോളിൽ പറഞ്ഞ അതേ ക്രമത്തിൽതന്നെ ചോദ്യപേപ്പറിൽ ചോദ്യങ്ങൾ അച്ചടിച്ചുവന്നിരിക്കുന്നത് കണ്ടത്.
അപ്പോഴാണ് ചോദ്യപേപ്പർ നേരത്തെ തന്നെ ചോർന്നെന്ന സംശയം ഉദ്യോഗാർഥികൾക്കു തോന്നിയത്.
എന്നാൽ രണ്ടര മുതൽ നാലര വരെ ആയിരുന്നു പരീക്ഷ. എന്നാൽ മൂന്നര ആയപ്പോൾ തന്നെ ഈ യു ട്യൂബ് ചാനലിൽ ചോദ്യപേപ്പറിലെ മുഴുവൻ ചോദ്യങ്ങളും ഉത്തരങ്ങളും വീഡിയോ ആയി അപ്ലോഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെയാണ് ചോദ്യപേപ്പർ മുൻപേ തന്നെ ഇവർക്ക് ചോർന്നുലഭിച്ചെന്ന സംശയം കൂടുതൽ ബലപ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.