വീട് ജപ്തി ​ചെയ്ത് കുട്ടികളെ ഇറക്കിവിട്ട സംഭവം; കുടുംബത്തി​ന്റെ കടബാധ്യത ഏറ്റെടുത്ത് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ

വീട് ജപ്തി ​ചെയ്ത് കുട്ടികളെ ഇറക്കിവിട്ട സംഭവം; കുടുംബത്തി​ന്റെ കടബാധ്യത ഏറ്റെടുത്ത് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ

മൂവാറ്റുപുഴ: സഹകരണ ബാങ്ക് വീട് ജപ്തി ചെയ്ത ദലിത് കുടുംബത്തി​ന്റെ കടബാധ്യത ഏറ്റെടുത്ത് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ബാങ്കിന്റേത് നിയമവിരുദ്ധപ്രവര്‍ത്തനമാണെന്ന് എംഎല്‍എ ആരോപിച്ചു.

'താന്‍ രാഷ്ട്രീയം കളിച്ചിട്ടില്ല. മനസാക്ഷിയുള്ളത് കൊണ്ടാണ് പൂട്ട് പൊളിച്ചത്. ആ കുടുംബത്തിന്റെ ബാധ്യത താന്‍ ഏറ്റെടുക്കുമെന്നും' എംഎല്‍എ കൂട്ടിച്ചേർത്തു.

മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കായിരുന്നു കുടുംബത്തിന്റെ വീട് ജപ്തി ​ചെയ്തത്. മാതാപിതാക്കള്‍ ആശുപത്രിയില്‍ കഴിയുന്നതിനിടെ വീട്ടില്‍ നിന്ന് ഇറക്കിവിട്ട കുട്ടികളെ എം.എല്‍.എയുടെ നേതൃത്വത്തില്‍ വാതില്‍ തകര്‍ത്ത് തിരികെ പ്രവേശിപ്പിച്ചിരുന്നു. പായിപ്ര പഞ്ചായത്ത് എസ്.സി കോളനിയില്‍ ഇന്നലെ രാത്രിയാണ് സംഭവം.

വലിയപറമ്പില്‍ അജേഷിന്റെയും മഞ്ജുവിന്റെയും നാലുകുട്ടികളെയാണ് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ജപ്തി നടപടിയുടെ ഭാഗമായി വൈകീട്ടോടെ ഇറക്കിവിട്ടത്. മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചെത്തിയ ശേഷമേ കുട്ടികളെ ഇറക്കിവിടാവൂ എന്ന് അയല്‍വാസികള്‍ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ പിന്മാറിയില്ല. ഇതോടെ വിവരമറിഞ്ഞെത്തിയ എം.എല്‍.എ പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി എന്നിവരുടെ നേതൃത്വത്തിലെ ജനപ്രതിനിധികള്‍ കുട്ടികളെ തിരികെ പ്രവേശിപ്പിക്കുകയായിരുന്നു. ഒന്നര ലക്ഷം രൂപയോളം ബാങ്കില്‍ വായ്പ കുടിശികയായതിന്റെ പേരിലാണ് നടപടി.

അജേഷ് ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പഞ്ചായത്ത് നല്‍കിയ മൂന്ന് സെന്‍റ് സ്ഥലത്ത് നിര്‍മിച്ച വീടിനെതിരെയാണ് ജപ്തി നടപടി ഉണ്ടായത്. എന്നാല്‍ മനുഷ്യത്വരഹിതമായ ഒരു പ്രവര്‍ത്തിയും നടത്തിയിട്ടില്ലെന്നും എം.എല്‍.എ രംഗം വഷളാക്കുകയായിരുന്നുവെന്ന് അര്‍ബര്‍ ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു.

എന്നാൽ എന്ത് നിയമനടപടി സ്വീകരിച്ചാലും നേരിടുമെന്ന് എംഎല്‍എ വ്യക്തമാക്കി.‍ വീടിന്റെ ആധാരം ബാങ്കില്‍ നിന്നും വീണ്ടെടുത്തു കൊടുക്കും. അതിന് ഏത് അറ്റം വരെയും പോകും. വിഷയം കെപിസിസിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.
അജേഷിന്റെ ചികിത്സാ ചെലവ് കൂടി ഏറ്റെടുക്കും. കുട്ടികള്‍ക്ക് ഉണ്ടായ മാനസിക സംഘര്‍ഷത്തിന് ആര് ഉത്തരം പറയും. പൂട്ട് പൊളിച്ചതില്‍ എന്ത് നിയമ നടപടിയുണ്ടായാലും അത് നേരിടും. ബാലാവകാശ കമ്മീഷന്‍ എവിടെപ്പോയി. മുൻപൊരു കേസിൽ തിരുവനന്തപുരത്ത് കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ ഓടിയെത്തിയിരുന്നല്ലോ എന്നും മാത്യു കുഴൽനാടന്‍ ചോദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.