കേരളത്തെ മദ്യ ഭ്രാന്താലയമാക്കുന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം: കെസിബിസി മദ്യവിരുദ്ധ സമിതി

കേരളത്തെ മദ്യ ഭ്രാന്താലയമാക്കുന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം: കെസിബിസി മദ്യവിരുദ്ധ സമിതി

കൊച്ചി: സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി. കേരള കത്തോലിക്കാ സഭയിലെ എല്ലാ രൂപതകളും കേരള സമൂഹവും മദ്യനയത്തെ നഖശിഖാന്തം എതിര്‍ക്കുന്നുവെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി ചെയര്‍മാന്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് പറഞ്ഞു.

അത്യന്തം വിനാശകരമായ മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. വകതിരിവും വിവേചനവുമില്ലാത്ത ഒരു സമീപനമാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഒരു തലമുറയുടെ ജീവനും സ്വത്തിനും ആരോഗ്യത്തിനും പുല്ലുവില കൊടുക്കുന്ന സമീപനമാണിതെന്ന് അദ്ദേഹം പറഞ്ഞു.

മദ്യാസക്തിയിലേക്ക് ജനത്തെ തള്ളിവിടുന്ന ഈ സംസ്‌കാരത്തെ നവോത്ഥാനം എന്ന് എങ്ങനെ പേരുവിളിക്കാന്‍ കഴിയും? വീടുകളും തൊഴിലിടങ്ങളും മദ്യശാലകളായാല്‍ ഈ നാടെങ്ങനെ രക്ഷപ്പെടും? സുബോധം നഷ്ടപ്പെട്ടവരെക്കൊണ്ട് സൃഷ്ടിക്കേണ്ട ഒന്നാണോ കേരളത്തിന്റെ നവോത്ഥാനം? സംസ്ഥാനം നിക്ഷേപ സൗഹൃദമാക്കാന്‍ കുടിയന്മാരെ സൃഷ്ടിക്കുക എന്നത് ബാലിശമായ ചിന്താഗതിയാണ്. മൂല്യബോധമുള്ള ഒരു വ്യക്തിക്കും ഈ ആശയത്തെ അംഗീകരിക്കാനിവില്ല.

പഴവര്‍ഗങ്ങളില്‍ നിന്നുള്ള മദ്യ ഉല്‍പാദനം സാവകാശം വിഷം കുത്തി വയ്ക്കുന്ന കുത്സിത ഉപായമാണ്. സ്ത്രീകളെ ആയിരിക്കും ഇത്തരം വീര്യം കുറഞ്ഞ മദ്യം ദുരന്തമായി ബാധിക്കുക. മദ്യവും ലഹരിയും മൂലം കുടുംബത്തിനും സമൂഹത്തിനും ഉണ്ടാകുന്ന നാശനഷ്ടങ്ങളും അവ ഉണ്ടാക്കുന്ന ദുരന്തങ്ങളും കാണുവാന്‍ സര്‍ക്കാരിന് കാഴ്ച നഷ്ടപ്പെട്ടിരിക്കുന്നു. മദ്യലോബികളുടെ പ്രീണനത്തിനു വഴിപ്പെട്ട് കേരളത്തെ മദ്യ ഭ്രാന്താലയമാക്കരുത്.

പിടിച്ചെടുക്കുന്ന ലഹരി സാധനങ്ങള്‍ എവിടെയാണെന്നതിന് ജുഡീഷല്‍ അന്വേഷണം നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ആവശ്യമായ കൂടിയാലോചനകള്‍ നടത്തി സര്‍ക്കാരിന്റെ മദ്യനയത്തില്‍ സമൂല മാറ്റം ഉണ്ടാക്കണമെന്ന് കേരള കത്തോലിക്കാ സഭയിലെ 32 രൂപതകളും ഐകകണ്‌ഠേന ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം വ്യാപകമായ പ്രതിഷേധം ഈ വിഷയത്തില്‍ ഉണ്ടാകുമെന്നും മാര്‍ തെയഡോഷ്യസ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.