ഐഎന്‍ടിയുസി അവിഭാജ്യ ഘടകം; പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് സുധാകരന്‍

ഐഎന്‍ടിയുസി  അവിഭാജ്യ ഘടകം; പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് സുധാകരന്‍

തിരുവനന്തപുരം: ഐഎന്‍ടിയുസിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ അവിഭാജ്യ ഘടകമാണ്. പാര്‍ട്ടിയുടെ ഭരണഘടനാപരമായ പോഷക സംഘടനാ പട്ടികയില്‍ ഐഎന്‍ടിയുസി ഇല്ലെങ്കിലും അതിനെല്ലാം മുകളിലാണ് ഐഎന്‍ടിയുസിക്ക് എഐസിസി നല്‍കുന്ന പ്രാധാന്യം.

ഒരു പോഷക സംഘടനയുടെയും അഖിലേന്ത്യ പ്രസിഡന്റ് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയിലില്ല. ഐഎന്‍ടിയുസിയുടെ പ്രസിഡന്റ് മാത്രമാണ് വര്‍ക്കിങ് കമ്മിറ്റിയിലുള്ളത്. എത്രമാത്രം പ്രാധാന്യം ഐഎന്‍ടിയുസിക്ക് ഉണ്ടെന്ന് മനസിലാക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

അഖിലേന്ത്യ പണിമുടക്കുമായി ബന്ധപ്പെട്ട് നന്ന അക്രമ സംഭവങ്ങളില്‍ ഐഎന്‍ടിയുസിയെ തള്ളിപ്പറഞ്ഞ് വി.ഡി സതീശന്‍ രംഗത്തു വന്നിരുന്നു. ഇതിന് പിന്നാലെ, സതീശനെതിരെ ഐഎന്‍ടിയുസി വ്യാപക പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. തുടര്‍ന്നാണ് തൊഴിലാളി സംഘടന നേതൃത്വുമായി കെപിസിസി പ്രസിഡന്റ് നേരിട്ട് ചര്‍ച്ച നടത്തിയത്.

ഐഎന്‍ടിയുസിയെപ്പറ്റി പ്രതിപക്ഷ നേതാവ് പറഞ്ഞതും അതേ അക്ഷരാര്‍ത്ഥത്തിലാണ്. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ സ്വന്തമാണ് എന്ന് രണ്ടുതവണ അദ്ദേഹം ആവര്‍ത്തിച്ചു പറയുന്നത് താന്‍ തന്നെ കേട്ടു. ആ സ്വന്തമെന്ന പദത്തിന് ഒരുപാട് അര്‍ത്ഥങ്ങളുണ്ട്. നാലുകോടിയാണ് രാജ്യത്ത് ഐന്‍എടിയുസിയുടെ അംഗങ്ങള്‍. കേരളത്തില്‍ മാത്രം 17 ലക്ഷമുണ്ട്. ഈ പതിനേഴുലക്ഷം പേരെ ഒഴിവാക്കി കോണ്‍ഗ്രസിന് നിലനില്‍ക്കാന്‍ കഴിയില്ല. അങ്ങനെയൊരു ചിന്ത കോണ്‍ഗ്രസിനുള്ളിലില്ല - സുധാകരന്‍ പറഞ്ഞു.

തര്‍ക്കങ്ങള്‍ മാധ്യമങ്ങളുണ്ടാക്കിയതാണ്. മറ്റാരെങ്കിലുമൊക്കെ പറഞ്ഞത് കുത്തിപ്പൊക്കിയെടുത്ത് വാര്‍ത്തയാക്കി പ്രശ്നമുണ്ടാക്കിയത് മാധ്യമങ്ങളാണ്. മഹിളാ കോണ്‍ഗ്രസ് പോലും കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ല. അദ്ദേഹം പറഞ്ഞ വാക്കിന്റെ അര്‍ത്ഥം എല്ലാവര്‍ക്കും മനസിലായിട്ടുണ്ടാകില്ല. ഐഎന്‍ടിയുസി പോഷക സംഘടനയല്ലെന്ന് പറയുമ്പോള്‍ സ്വാഭാവിമകമായും തെറ്റിദ്ധാരണയുണ്ടാകും. അതിന്റെ പുറത്തുണ്ടായ പ്രശ്നങ്ങളാണിത്.

അത് ഐഎന്‍ടിയുസി നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ സാധിച്ചു. പ്രശ്നത്തിന് പരിഹാമുണ്ടായി. എല്ലാ ഐക്യത്തോടെയും മുന്നോട്ടുപോകും. വി.ഡി സതീശന് എതിരെ നടന്ന ഐഎന്‍ടിയുസി പ്രകടനങ്ങള്‍ അച്ചടക്ക ലംഘനമാണ്. പ്രത്യക്ഷമായി പ്രതിപക്ഷ നേതാവിന് എതിരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയവര്‍ക്ക് എതിരെ മാതൃകാപരമായ നടപടി സ്വീകരിക്കാന്‍ ഐഎന്‍ടിയുസി നേതൃത്വത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.